Saturday, 30 June 2012

ചാവുന്നെന്കില്‍....

ചാവുന്നെന്കില്‍ അന്തസ്സായിട്ടു ചാവണം.

സൈക്കിളിടിച്ചു ചാവാനോ! ശ്ശെ !!!
അത് പറ്റൂല്ല...
പിന്നെ ജാഡ അസുഖം...
ഹാര്‍ട്ട് അറ്റാക്കെന്നോ, കാര്‍ന്നോരെ?
അതൊക്കെ പഴയതായില്ലേ?
വാല്‍വില് ബ്ലോക്കോ?
ഉവ്വുവ്വ്... കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്...
ദാറ്റീസ് ഓള്‍ഡ്‌ ഫാഷന്‍, യു ഓള്‍ഡ്‌ മാന്‍....

പിന്നെന്തോ ചെയ്യും...? ആ കിട്ടിപ്പോയി !
എനിക്ക് ആറ്റംബോംബ് പൊട്ടി ചത്താല്‍ മതി...
ഞാന്‍  മാത്രം ചത്തിട്ടു നീയൊന്നും സുഖിക്കണ്ടടാ !
ഞാന്‍ നിന്നെയൊക്കെ കൊണ്ടേ പോകൂ...
മിക്കവാറും നടക്കുന്ന ലക്ഷണവും ഉണ്ട്.
സര്‍ക്കാര്‍  കനിഞ്ഞരുളിയ ബോംബ്‌...
നുമ്മടെ മുല്ലപെരിയാര്‍ നില്‍പ്പുണ്ടല്ലോ...

തഥാസ്തു !


പഴയ ഒരു കഥ....

ഒരു കഥ പറയാം...
ഒരിടത്തൊരിടത്ത് ഒരു പാറയിടുക്കില്‍ ഒരു പൂച്ചെടി വളര്‍ന്നു വന്നു. പാറയിടുക്കിലായത് കൊണ്ട് എന്തുണ്ടായി? വെള്ളമൊക്കെ കിട്ടാന്‍ വലിയ ബുദ്ധിമുട്ട്... സൂര്യന്റെ പൊള്ളുന്ന ചൂട്.. ഹോ ! കഠിനം തന്നെ. എന്നാലും ചെടിക്കും പ്രത്യേകത ഉണ്ട് കേട്ടോ. മറ്റു ചെടികളിലെ പൂക്കള്‍ക്ക്‌ ഒരു നിറം- റോസാ ചെടിക്ക് ചുവപ്പ്, മുക്കുറ്റി പൂവിന് മഞ്ഞ, തുമ്പപ്പൂവിന് വെള്ള... ഈ ചെടിക്ക് മാത്രം അനേകം നിറങ്ങളിലുള്ള പൂക്കള്‍ ! നീല, ചുവപ്പ്, മഞ്ഞ, വെള്ള, അങ്ങനെയങ്ങനെ. പാറയിടുക്കില്‍ വളര്‍ന്നത്‌ കൊണ്ടാവാം, ഒരു വലിയ പൂമരം ആയി മാറാന്‍ ചെടിക്ക് കഴിഞ്ഞില്ലെങ്കിലും പടര്‍ന്ന്‍ പന്തലിച്ച് അതങ്ങനെ വളര്‍ന്നു ഒരു ചെറിയ മരമായി മാറി... ചെരുതായത് കൊണ്ട് തന്നെ ആടും പശുവുമെല്ലാം വന്നു അതിന്റെ ഇലകള്‍ തിന്നു തീര്‍ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു മാടത്തക്കിളി എവിടെ നിന്നോ പറന്നു വന്നു മരത്തിന്റെ ചില്ലയിലിരുന്നു. അവളുടെ പാട്ട് മരത്തിന് ഒത്തിരി ഇഷ്ടപ്പെട്ടു. പിറ്റേന്നും അതിന്റെ പിറ്റേന്നും കിളി വന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു പേരും കൂട്ടുകാരായി മാറി. മരം കിളിയെ അതിന്റെ ചില്ലയിലിരുത്തി ഊഞ്ഞാലാട്ടും. കിളിയാകട്ടെ, കിഴക്കന്‍ മലയിലെ കാറ്റ് പാടിയ പാട്ട് മരത്തിനു പാടിക്കൊടുക്കും. ഒരു ദിവസം പെട്ടെന്ന് കിളിയെ കാണാതായി മരം കാത്തുകാത്തിരുന്നിട്ടും കിളി വന്നില്ല. ദിവസങ്ങള്‍ പലതു കടന്നു പോയി.. സങ്കടം കൊണ്ട് മരത്തിന്റെ പൂക്കളെല്ലാം കൊഴിഞ്ഞു തുടങ്ങി. ഒടുവില്‍ അത് പൂക്കാതെയായി. കിഴക്ക്‌, കിളി പറന്നു വരാറുള്ള മലയിടുക്കിലെയ്ക്ക് നോക്കി മരം ഇരിക്കും. അതിന്റെ ചില്ലകള്‍ താണു, ഇലകളൊക്കെ പഴുത്ത് തുടങ്ങി... അങ്ങനെയിരിക്കെ ഒരു ദിവസം കിളി വീണ്ടും വന്നു. കിഴക്കന്‍ മലയിലെ ഏതോ മലവേടന്‍ കാട്ടുമൂപ്പന് സമ്മാനിക്കാന്‍ അതിനെ പിടിച്ചതാണത്രേ! എങ്ങനെയോ കൂട് പൊളിച്ചു, വേടന്റെ കണ്ണും വെട്ടിച്ചു കിളി വന്നിരിക്കുകയാണ്. മരത്തിന് സങ്കടം വന്നു. അത് കരഞ്ഞു. അത് കണ്ടു കിളിയും കരഞ്ഞു. അങ്ങനെ കരഞ്ഞു കരഞ്ഞു രണ്ടു പേരും തളര്‍ന്നു ഉറങ്ങിപ്പോയി. ഒരു ആക്രോശം കേട്ട് പെട്ടെന്നു രണ്ടു പേരും ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ അതാ ക്രൂരനായ ആ വേടന്‍!.............,,, എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുന്‍പേ കിളിയെ അയാള്‍ അമ്പ് എയ്തു വീഴ്ത്തി! നിലത്ത് വീഴും മുന്‍പേ കിളിയെ മരം അതിന്റെ ചില്ലകള്‍ക്കിടയില്‍ ഒളിപ്പിച്ചു. പക്ഷെ ഓരോ ചില്ലകള്‍ വെട്ടിമാറ്റിയെറിഞ്ഞ് ഒടുവില്‍ കിളിയെ വേടന്‍ കൈക്കലാക്കി. മരത്തിന്റെ ബാക്കിയുള്ള ചില്ലകളും ആ ദുഷ്ടന്‍ വെട്ടിയെറിഞ്ഞു. ആ ചില്ലകള്‍ മരത്തിന്റെ കീഴില്‍ കൊണ്ടിട്ട് അയാള്‍ തീ കൊളുത്തി! ഉറക്കെ കരയുന്ന കിളിയെ സ്വര്‍ണ്ണത്തിന്റെ ഒരു കൂട്ടിലിട്ട് അയാള്‍ നടന്നകന്നു. കിളി ഇനിയും വരും എന്ന് മരത്തിനു ഉറപ്പായിരുന്നു. പക്ഷെ തന്റെ ചില്ലകള്‍ എവിടെ? തീയില്‍ നീറി വെന്തു പോയ തന്റെ വേരുകള്‍ ഊന്നി എത്ര നാള്‍?
 
കഴിഞ്ഞ ഫെബ്രുവരിയില്‍ എഴുതിയതാണ്... ഇവിടെ ഇല്ലാഞ്ഞത് കൊണ്ട് പോസ്റ്റ്‌ ചെയ്യുന്നു...

Thursday, 14 June 2012

സഹപാഠി

ഇന്ന് ആപ്പീസില്‍ നിന്നും വരുന്ന വഴിക്ക് പഴയ ഒരു സഹപാഠിയെ കണ്ടു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് വച്ചു കണ്ടപ്പോള്‍ സന്തോഷം തോന്നി. 
അവന്‍ എന്നെ, "ഇത് അവന്‍ തന്നെ അല്ലെ" എന്ന രീതിയില്‍ നോക്കുന്നത് കണ്ടപ്പോള്‍ സംശയം തോന്നി നേരെ പോയി സംസാരിച്ചു... 

"--------------- സ്കൂളില്‍ പഠിച്ച ബിനു അല്ലെ... എന്നെ ഓര്‍മ്മയുണ്ടോ?"

"ഉവ്വ്.. ഓറിയോണ്‍ അല്ലെ? ദൂരെ നിന്ന് കണ്ടപ്പോഴേ മനസ്സിലായി...നീയൊക്കെ വലിയ ആളായിപ്പോയില്ലേ... നമ്മളെയൊക്കെ കണ്ടാലോക്കെ സംസാരിക്കുമോ എന്ന് കരുതി മാറി നിന്നതാ. പത്രത്തിലൊക്കെ ജോലി ചെയ്തു വല്യ ആര്‍ട്ടിസ്റ്റ്‌ ആയ ആള്‍ അല്ലെ? ഇപ്പൊ വലിയ കമ്പനിയില്‍ വലിയ നിലയില്‍ ഒക്കെ എത്തി.. നമ്മലോടൊക്കെ മിണ്ടുമോ?"

എന്റെ ഓര്‍മ്മ ഒരു പതിനഞ്ചു വര്ഷം പിറകോട്ടു ഓടി...
"നിന്റെ അപ്പന്റെ കയ്യില്‍ ഇരുപത്തി അഞ്ചു പൈസ തികച്ചു എടുക്കാന്‍ ഉണ്ടോടാ?"- ഫീസ്‌ കൊടുക്കാന്‍ ഇല്ലാതെ ക്ലാസ്സിനു പുറത്ത് നില്‍ക്കുന്ന എന്നോട്, ഗള്‍ഫില്‍ ഉള്ള ഡാഡി കൊടുത്തയച്ച പുതിയ ഷൂസും ധരിച്ചു പുതിയ ഫോറിന്‍ ഇലക്ട്രോണിക് വാച്ചു കെട്ടിയ കൈ എന്റെ കണ്ണിനു മുന്നില്‍ വരുന്ന വിധം ചൂണ്ടി അവന്‍ പറയുകയാണ്‌. പിറകില്‍ ഒരു കൂട്ടം കുട്ടികള്‍ അത് കേട്ട് ആര്‍ത്തു ചിരിക്കുന്നു. തല കുനിച്ച് ഞാന്‍.

ഓര്‍മ്മ വണ്ടി കുറച്ചു കൂടി മുന്നോട്ട് ഓടി...
ഞാന്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ പഠിക്കുന്നു. വൈകിട്ട് വീട്ടിലേക്കു പോരാന്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ മുന്‍പില്‍ ഒരു സിവിക്‌ കാര്‍ വന്നു നില്‍ക്കുന്നു. രണ്ടു ചുള്ളന്മാര്‍ മുന്‍പില്‍ കാണുന്ന കടയില്‍ നിന്നും ഒരു പാക്കറ്റ്‌ കിങ്ങ്സ്‌ വാങ്ങി കത്തിച്ചു തിരിച്ചു കാറില്‍ കയറുന്നു.  ബിനു റേ-ബാന്‍ ഗ്ലാസിലൂടെ എന്നെ നോക്കി. എനിക്കും ആളെ മനസ്സിലായി. ഞാന്‍ അവനെ നോക്കി ചിരിച്ചു. അവന്റെ വീട് എന്റെ വീടിന്റെ ബസ്‌ സ്റ്റോപ്പ്‌ കഴിഞ്ഞിട്ടാണ്. ഒരു ലിഫ്റ്റ്‌ കിട്ടുമായിരിക്കും... സ്കൂളില്‍ വച്ച് കണ്ടതിനു ശേഷം അപ്പോഴാണ്‌ വീണ്ടും കാണുന്നത്. രണ്ടു നിമിഷം എന്നെ നോക്കിയതിനു ശേഷം ഒരു ചെറിയ പുച്ഛത്തോടെ അവന്‍ തിരിച്ചു കാറില്‍ കയറി ഇരപ്പിച്ചു കൊണ്ട് പാഞ്ഞു പോകുന്നു... എന്റെ അടുത്ത് നിന്ന എന്റെ കൂട്ടുകാരന്‍-
"വിട് അളിയാ... ചില മൈ... അങ്ങനെയാ"

ആ മാന്യ ദേഹത്തെയാണ് ഇന്ന് വീണ്ടും കാണുന്നത്....
ഇന്ന് എന്നോട് പറയുന്നു, "നീയൊക്കെ വല്യ ആളായിപ്പോയില്ലേ!" എന്ന്...

നാവു വരെ എത്തിയ തെറി വിഴുങ്ങി ഒരു ചെറിയ ചിരി പാസാക്കി, റിംഗ് ചെയ്യാത്ത ഫോണ്‍ എടുത്ത്‌ തിരക്ക് അഭിനയിച്ച് അവനോടു പറഞ്ഞു..
"ഇത്തിരി തിരക്കുണ്ട്‌... പിന്നേ കാണാം."

എന്നിട്ട് വേഗത്തില്‍ നടന്നു, തിരിഞ്ഞു നോക്കാതെ...

Tuesday, 12 June 2012

എങ്ങനെ വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫര്‍ ആകാം !ഞങ്ങളുടെ കോളേജില്‍ നിന്നും പണ്ട് ഒരു നേച്ചര്‍ ക്യാമ്പിനായി വണ്ടിപ്പെരിയാര്‍ പോവുകയുണ്ടായി. നല്ല ഒന്നാന്തരം ഗവണ്മെന്റ് ഫൈന്‍ ആര്‍ട്സ്‌ കോളേജ് (നോട്ട് ദി പോയിന്റ്‌-- ഗവണ്മെന്റ് കോളേജ്)...
 "കളങ്കം എന്തെന്നറിയാത്ത നല്ലവരായ എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍"
മൂന്നു ദിവസത്തെ പരിപാടി... കാടിനെ പറ്റി അറിയുക, പഠിക്കുക, മുതലായ സംഭവങ്ങള്‍ ആണ് സാധാരണ നടക്കുക. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍,
"കമ്പ്ലീറ്റ്‌ അലമ്ബുണ്ടാക്കാന്‍ മൂന്നു ദിവസം."


 ഞങ്ങള്‍ പത്ത് ഇരുപതെണ്ണം (ആണ്‍കുട്ടികള്‍ മാത്രം) കോളേജ് ബസ്‌ (അഥവാ കെ എസ് ആര്‍ ടി സി) കയറി മേല്‍പ്പറഞ്ഞ സ്ഥലത്തെത്തി. രണ്ടാം ദിവസം, ക്യാമ്പിന്റെ ഭാഗമായി ഒരു ട്രെക്കിംഗ് പരിപാടി ഉണ്ട്. ആറേഴു കിലോമീറ്റര്‍ കാട്ടില്ലൂടെ കാല്‍നട യാത്ര. നിറയെ അട്ടകളും പാമ്പും ചേമ്പും ആന,മയില്‍, ഒട്ടകം, ആകാശകോടാലി മുതലായ ഖോരജന്തുക്കള്‍ ഉള്ള കാട്. നടപ്പ് തുടങ്ങി ഒരു കിലോമീറ്റര്‍ ആവുന്നതിനു മുന്‍പേ തന്നെ ഓരോരുത്തരുടെയും കാലുകളില്‍ പത്ത്‌ അട്ടയെന്കിലും കടിച്ചിട്ടുണ്ടാവണം. നോക്കുന്നിടത്തൊക്കെ ആനപ്പിണ്ടം. എങ്ങനെയെങ്കിലും തിരിച്ച്ചെച്ത്തിയാല്‍ മതിയെന്നായി. ചെറിയ കാട്ടുവഴിയിലൂടെയുള്ള നടപ്പ് അത്ര സുഖകരം അല്ല എങ്കിലും, ആദ്യം ഉണ്ടായ അന്കലാപ്പോക്കെ പെട്ടെന്ന് മാറി. ചെറിയ വഴി ആയത് കൊണ്ട് വരിവരി ആയിട്ടാണ് നടപ്പ്. 


ഒരിടത്ത് എത്തിയപ്പോള്‍ നടന്നു ഒരു വളവു തിരിഞ്ഞതും ഏറ്റവും ആദ്യം പോയ വിദ്വാന്മാര്‍ പെട്ടെന്ന് നിന്ന് പിറകില്‍ വരുന്ന ഞങ്ങളെ നോക്കി കഥകളി മുദ്രകള്‍ കാണിക്കാന്‍ തുടങ്ങി. 
"ഇതെന്തെടെയ്‌ ലവന്മാര്‍ വരപ്പു നിര്‍ത്തി നൃത്തന്രിത്യങ്ങള്‍ പഠിക്കാന്‍ തുടങ്ങിയാ" 
എന്ന എന്റെ സംശയം ബലപ്പെടുത്തിക്കൊണ്ട് ആ പ്രത്യേക സ്ഥലത്തെത്തുന്ന എല്ലാവരും മുദ്ര കാണിക്കാന്‍ തുടങ്ങി. 
"എന്താ എന്താ? നിനക്കൊക്കെ വട്ടായോടാ?" എന്ന് ചോദിച്ചതെ എനിക്ക് ഓര്‍മ്മയുള്ളൂ; മുദ്ര കാനിക്കുന്നവരില്‍ ഒരുത്തന്‍ ഓടി അടുത്ത് വന്നു ചെവിയില്‍ കൊടുങ്ങല്ലൂര്‍ ഭരണി തുടങ്ങി. പിന്നീടാണ് അപകടത്തിന്റെ ആഴം മനസ്സിലായത്‌... 


ഞങ്ങള്‍ നിന്ക്കുന്നത് വലത്തേയ്ക്ക് തിരിയുന്ന ഒരു വളവിലാണ്. ആ വളവിന്റെ അടുത്തായി ഞങ്ങളുടെ കുറച്ചു വലത്തേയ്ക്ക് മാറി ഒരു ഒറ്റയാന്‍ ! പേടി കൊണ്ട് നാല് 'നന്മ നിറഞ്ഞ മറിയം' ഒറ്റ ശ്വാസത്തില്‍ ചൊല്ലിപ്പോയി. മുന്നോട്ടും പുറകോട്ടും പോകാന്‍ പേടി. 


അപ്പോഴുണ്ട് ആസ്ഥാന കാമെറാമാനും സര്‍വ്വോപരി കിടിലോല്‍ക്കിടിലനുമായ ഒരു ചങ്ങായിക്ക് ഒറ്റയാന്റെ പടം എടുക്കണം! 
"ഞാന്‍ ചത്തു പോയാല്‍ എന്റെ പെങ്ങളെ നിങ്ങള്‍ എല്ലാരും കൂടെ കെട്ടിക്കില്ലേടാ" 
മോഡല്‍ ഡയലോഗ്... ഞങ്ങളുടെ എതിര്‍പ്പുകളെ വക വയ്ക്കാതെ അളിയന്‍ മുന്നോട്ട് നീങ്ങി. ഈ പട്ടാളക്കാരോക്കെ നിലത്ത് കൂടി ഇഴഞ്ഞു പോകുന്നത് ടിവിയില്‍ കണ്ട ഓര്‍മ്മയില്‍ അദ്ദേഹം വെച്ചു പിടിപ്പിച്ചു, ആനയുടെ അടുത്തേയ്ക്ക്. ശ്വാസമെല്ലാം അടക്കിപ്പിടിച്ച് ഞങ്ങള്‍ പതുക്കെ മുന്നോട്ടു നീങ്ങാനും തുടങ്ങി. നമ്മുടെ ഫോട്ടോചേട്ടന്‍ നിലത്ത് കിടക്കുന്നു, ചെളിയില്‍ കിടന്നു ഉരുളുന്നു, തല കുത്തി മറിയുന്നു, ക്ലിക്കോട് ക്ലിക്ക്. അന്ന് ആരുടെ കയ്യിലും ഡിജിറ്റല്‍ ക്യാമറ ഇല്ല. ഫിലിം തന്നെ ശരണം. അങ്ങനെ കയ്യില്‍ ഉണ്ടായിരുന്ന രണ്ടു ഫിലിമില്‍ ഒരെണ്ണം മുഴുവന്‍ തീരത്ത് വിജയശ്രീലാളിതനായി നെഞ്ചും വിരിച്ചു തിരിച്ചു വന്ന കൂട്ടുകാരനെ ഞങ്ങള്‍ അഭിമാനത്തോടെ നോക്കി. ഞങ്ങള്‍ അരിച്ചരിച്ച് മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. എറണാകുളത്തെ ട്രാഫിക്‌ ജാമിനേക്കാള്‍ വളരെ പതുക്കെ വളവു താണ്ടി മുന്നോട്ടു നീങ്ങി. ഭാഗ്യം ആന ഞങ്ങളെ കണ്ടിട്ടില്ല. നാല് 'നന്മ നിറഞ്ഞ മറിയം' വേസ്റ്റ് ആയില്ല എന്നൊക്കെ ഓര്‍ത്ത്‌ കുറച്ചു കൂടി മുന്നിലേക്ക്‌ നടന്ന ഞങ്ങള്‍ ആ കാഴ്ച കണ്ടു ഞെട്ടി! ഒറ്റയാന്‍ അതാ തൊട്ടടുത്ത്‌!! കൂടെ പാപ്പാനും! 


ആനേടെ കാലില്‍ ചങ്ങല, പാപ്പാന്റെ കയ്യില്‍ തോട്ടി, വടി, കട്ടാംപാര ! 


അങ്ങനെ ഞങ്ങളുടെ കോളജില്‍ നിന്നും ആദ്യമായും അവസാനമായും ഒരു വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രാഫര്‍ ഉണ്ടായി !
ശുഭം !

Sunday, 10 June 2012

ഒടുക്കത്തെ സ്പെഷല്‍ ദിവസം

ഇന്ന് ഒടുക്കത്തെ സ്പെഷല്‍ ദിവസം ആണ്.

ഒരു ഭയങ്കരന്‍....
അവന്‍ ചെവി മുറിച്ചു കൊറിയര്‍ ചെയ്തു.
അലക്കിയ ജീന്‍സും ചുളിയാത്ത ഷര്‍ട്ടും ധരിച്ചു.
... ഇംഗ്ലീഷ് പറയുന്ന കമ്പനിയില്‍ ജോലി വാങ്ങിച്ചു.
നാട്ടുകാര്‍ക്ക് നല്ലത് പറയാന്‍ പലതും ചെയ്തു.
ഒരു ഡയറി നിറയെ കവിതകള്‍ എഴുതി, അവളെക്കുറിച്ച്...
പതുക്കെ നടക്കാന്‍ ശീലിച്ചു.
നല്ല ചോക്ലേറ്റ് കിട്ടുന്ന കടകള്‍ കണ്ടു വച്ചു.
പതിനായിരം ഫോണ്‍ കമ്പനിക്ക് നേര്‍ച്ച ഇട്ടു.
ഹെവി മെറ്റല്‍ മാറ്റി വച്ച് നെരുദയെ പ്രാര്‍ഥിച്ചു.

ഒരീസം അവടമ്മേടെ...
............................
വീടിന്‍റെ അടുത്താണല്ലോ എന്‍റെ വീട്....
അവടെ അമ്മേടെ വക ഓര്‍ഡര്‍ വന്നു-
"ലവന് സ്വര്‍ണത്തിന്‍റെ അരഞ്ഞാണം ഇല്ല,
കുടുംബത്തില്‍ മഹിമാ ചൌധരി ഇല്ല
ലവന്‍റെ ഷര്‍ട്ടിന്‍റെ വരകള്‍ നൂറെണ്ണം തികച്ചില്ല..."
ഇല്ലാത്ത കഥ ഉണ്ടാക്കിയത് വേറെ-
"ലവന് പടം വരക്കണമെങ്കില്‍ കഞ്ചാവ് കൊണ്ട് പുട്ട് ഉണ്ടാക്കി തിന്നണം!"

പോരെ പൂരം...
സമരം തുടങ്ങി...
തടങ്കല്‍... പോലീസ്... വധഭീഷണി...
കരച്ചില്‍... ഗദ്ഗദം... മൂക്ക് പിഴിച്ചില്‍...
തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം (ശങ്കര്‍ സിമന്‍റ്) നുമ്മടെ വക.
കടിച്ചാലും പൊട്ടൂല്ല !
ദേ പോയി ആറ് മാസം....

പ്രാവിനെ വരെ വിട്ടു, ദൂതും കൊണ്ട്...
അതിനെ രണ്ടാക്കി മുറിച്ചു അവര് ചുട്ടു തിന്നു...
ബാക്കി ബിരിയാണി വച്ചു.
ചുരുക്കം പറഞ്ഞാല്‍ നുമ്മക്ക് ഒരു പിടിയും ഇല്ല...
ഒരു പിടിയും ഇല്ല, അപ്പുറത്ത്‌ എന്താണെന്ന്.
ഒടുക്കം പെണ്ണിന് തോന്നി-
"ലവന് അരഞ്ഞാണവും ഇല്ല,
മഹിമാ ചൌധരിയും ഇല്ല
ഷര്‍ട്ടിന് വരയും ഇല്ല
പിന്നെ കഞ്ചാവിന്‍റെ പുട്ടും!
പുണ്യവതിയായ അമ്മച്ചി പറഞ്ഞതല്ലേ...
ശരിയായിരിക്കും!
അഞ്ചു കൊല്ലം അവന്‍ എന്നെ....
ചെമ്പരത്തിപ്പൂ കാണിച്ചു !"

ഇന്ന് ഒടുക്കത്തെ സ്പെഷല്‍ ദിവസം ആണ്.
ഇന്ന് ഞാന്‍ അവളോട്‌ മൂന്നു വാക്ക് പറഞ്ഞു....
"നീ പോടീ പുല്ലേ!!"
കണ്ണില്ലെങ്കില്‍ കാണണ്ട!

----------------------------------------

----------------------------------------
---------------------------------------------