Wednesday, 29 May 2013

ആത്മഹത്യ

മടുത്തു ! മടുത്തു ! മടുത്തു !

എവിടെ തിരിഞ്ഞു നോക്കിയാലും കണ്ണീരും വേദനയും നിറഞ്ഞ ജീവിതം. ലേശം പോലും ആത്മാര്‍ഥതയും വിശ്വാസവും എവിടെയുമില്ല. ഇങ്ങനെ കയ്പ്നീര് കുടിച്ചുകൊണ്ട് ജീവിച്ചു പോകുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. എല്ലാം അവസാനിപ്പിക്കണം. ആത്മഹത്യ അല്ലാതെ മറ്റൊരു വഴി മുന്നില്‍ കാണുന്നില്ല. എല്ലാം തീരട്ടെ... ഇന്ന് തന്നെ അത് ചെയ്യണം... ഇന്ന് തന്നെ... ഇന്നോ? 

അല്ലെങ്കി വേണ്ട. പുട്ടും കടലേം തിന്നാന്‍ പോവാം. വിജയന്‍ ചേട്ടന്റെ കടയില്‍ നിന്ന് പുട്ടും കടലേം തിന്നിട്ടു നാള്‍ കുറച്ചായി. പപ്പനാവനേം വിളിക്കാം. കാശ് ആ തെണ്ടി കൊടുക്കട്ടെ. ഹി ഹി ഹി .... പുട്ട് തിന്നു കഴിയുമ്പോ ആദ്യം ഇറങ്ങി പോകണം. അപ്പൊ അവന്‍ തന്നെ കാശ് കൊടുക്കേണ്ടി വരും.

അപ്പൊ ആത്മഹത്യ?

ഓ പിന്നെ... കോപ്പ്... ഞാന്‍ പുട്ടും കടലേം തിന്നാന്‍ പോണു.

Sunday, 26 May 2013

വ്രണം

മലത്തിലും മൂത്രത്തിലും
പൊടിയിലും പഷ്ണിയിലും
കണ്ണീരിലും കഫത്തിലും
പെറ്റമ്മയെ പൂട്ടിയിട്ടൊരാള്‍
തന്റെ വ്രണപ്പെട്ട
മതവികാരത്തെയോര്ത്തു
കണ്ണീരൊഴുക്കുന്നു.

Friday, 24 May 2013

അരക്കിലോ അരി- ഒരു അനുഭവക്കുറിപ്പ്

ഇന്നലെ മുതല്‍ അദ്ദേഹം എന്റെ മനസ്സിലുണ്ട്. ഇതെഴുതുമ്പോഴും. ഉടനെ അദ്ദേഹം മനസ്സില്‍ നിന്നു പോകും എന്നും തോന്നുന്നില്ല. ആരാണെന്നോ എന്താണെന്നോ അറിയില്ല. അഞ്ചു മിനിട്ട് കൊണ്ട് ആ മനുഷ്യന്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയി.

ഇന്നലെ വൈകിട്ട് പലചരക്ക് കടയില്‍ വീട്ടിലേയ്ക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ടു നില്‍ക്കുകയായിരുന്നു. തിടുക്കത്തില്‍ അദ്ദേഹം വന്നു കയറി. കാല്‍പ്പെരുമാറ്റം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു അറുപതു, അറുപത്തഞ്ചു വയസ്സ് പ്രായം കാണും, ആ അമ്മാവന്. മുഴുവന്‍ നരച്ച മീശയും മുടിയും. വടിവൊത്ത്‌ ഇസ്തിരിയിട്ട ഷര്‍ട്ടും പാന്റും സന്ധ്യയായിട്ടും ചുളിഞ്ഞിരുന്നില്ല. പഴക്കം ചെന്ന, എന്നാല്‍ തുടച്ചു മിനുക്കിയ ഒരു ഒന്നിന്റെ സൈക്കിളിലാണ് അദ്ദേഹം വന്നത്. വന്നയുടനെ കടക്കാരനോട്...

"ജോസപ്പേ... അരക്കിലോ സുരേഖ. പെട്ടെന്ന് വേണം."

അരി വാങ്ങുമ്പോള്‍ സാധാരണ കേള്‍ക്കാത്ത ഒരു അളവായതുകൊണ്ട് കടക്കാരന്‍ പെട്ടെന്ന് തലയുയര്‍ത്തി ആളെ ഒന്ന് നോക്കി. ഞാനും. ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തെ അമ്പരപ്പ് വ്യക്തമായിരുന്നു. ആദ്യമുണ്ടായ ആ ഭാവം ആ ചേട്ടന്‍ അറിയാതെ പെട്ടെന്ന് മുഖം തിരിച്ചു. ഒരു നിമിഷം ഞാനും കടക്കാരനും തമ്മില്‍ ഒന്ന് നോക്കി. പറയാതെ എന്തോ തമ്മില്‍ പറഞ്ഞതു പോലെ രണ്ടു പേരും രണ്ടു കാര്യങ്ങളില്‍ വ്യാപര്തരായി ശ്രദ്ധിക്കാത്തതു പോലെ നിന്നു. ഞാന്‍ സാധനങ്ങള്‍ അടുക്കി വയ്ക്കുന്ന തിരക്കില്‍ ആയിപ്പോയത് പോലെ അഭിനയിച്ചു. കടക്കാരന്‍ അരി പൊതിയാനും. ഇതെല്ലാം ഒരു സെക്കണ്ടിനുള്ളില്‍ കഴിഞ്ഞു.

എന്റെ പിറകിലാണ് വന്നയാള്‍ നിന്നിരുന്നതെന്കിലും ഞങ്ങളുടെ അമ്പരപ്പ് കണ്ടത് കൊണ്ടാവണം, അദ്ദേഹം അടുത്ത വാചകം പറഞ്ഞത്...

"ജോസപ്പേ... അരി സ്റോക്ക് കാണുമല്ലോ അല്ലെ? ഇപ്പോള്‍ ഞാന്‍ സാമ്പിള്‍ മാത്രമേ കൊണ്ട് പോകുന്നുള്ളൂ. വേണ്ടി വന്നാല്‍ ഒരു ചാക്ക് റെഡിയാക്കി വെക്കണം..."

എനിക്കുപാവം തോന്നി. അമ്പത് ഗ്രാം വെളിച്ചെണ്ണയും പറമ്പില്‍ വളരുന്ന മുള്ളന്‍ ചീരയും വഴിവക്കത്ത് വളര്‍ന്ന കമ്മ്യൂണിസ്റ്റ്‌ പച്ചയും പലചരക്ക് കടയിലെ പറ്റു പുസ്തകവും കണ്ടു ശീലിച്ചവര്‍ക്ക് മനസ്സിലാവും, ഓരോ വട്ടവും പോക്കറ്റിലെ കുറഞ്ഞ കനത്തെ കണക്ക് കൂട്ടി കടയില്‍ പോയി നില്‍ക്കുന്ന അവസ്ഥ. അവസാനം പറ്റു കൂടിക്കഴിയുമ്പോള്‍ കടക്കാരന്റെ മുഖഭാവത്തില്‍ വരുന്ന ഒരു വ്യത്യാസമുണ്ട്... കടയില്‍ കയറി ചെല്ലുംപോള്‍ത്തന്നെ കാണാന്‍ കഴിയുന്ന ഒന്ന്. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഒരു നിമിഷം കൊണ്ട് മനസ്സിലൂടെ ഓടിപ്പോയി.

തന്റെ ഗതികേട് ചുറ്റുമുള്ളവര്‍ക്ക് മനസ്സിലായിക്കാണുമോ എന്നു ഭയന്ന് പാവം ആ വൃദ്ധന്‍ കഥ മെനയുന്നു. കടലാസ്സു പൊതിയില്‍ അരി വാങ്ങുമ്പോള്‍ ആദ്യം പറഞ്ഞ കഥ പോരാത്തതു പോലെ, ആദ്യം പറഞ്ഞതു മുഴുവന്‍ മറന്നതു പോലെ ഒരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു അദ്ദേഹം...

"രാവിലെ ചോറ്റു പാത്രത്തില്‍ ചോറ് കൊണ്ട് പോകുമ്പോള്‍ ചില ഇനം അരിയുടെ മണികള്‍ തമ്മില്‍ ഒട്ടിപ്പിടിക്കും. ഈ അരിക്ക് അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാനാണ് കുറച്ചു വാങ്ങുന്നതേയ്..."

ഞാന്‍ ശ്രദ്ധിക്കാത്തത് പോലെ നിന്നു. ഉള്ളില്‍ എവിടെയോ ഒരു ചെറിയ വിഷമം. ഒടുവില്‍ ആ ചേട്ടന്‍ പോകുമ്പോള്‍ കടക്കാരന്‍ പറ്റു പുസ്തകത്തില്‍ കുറിച്ച്ചിടുന്നുണ്ടായിരുന്നു, അരക്കിലോ അരിയുടെ വില. ഒടുവില്‍ കടക്കാരന്‍ പറഞ്ഞറിഞ്ഞു... വടക്ക് ഏതോ നാട്ടില്‍ നിന്നു വന്നു താമസിക്കുന്ന ആളാണ്‌. രണ്ടു പെണ്മക്കള്‍ ഉണ്ടായിരുന്നു. അവരെ കല്യാണം കഴിച്ചു വിട്ടു. ചെറിയ വാടകവീട്ടില്‍ പ്രായമായ, രോഗിണിയായ ഭാര്യ മാത്രം. ഈ പ്രായത്തില്‍ ആ വൃദ്ധന്‍ ജോലി ചെയ്തു കൊണ്ടുവരുന്നതു കൊണ്ട് വേണം രണ്ടു വയറു നിറയാന്‍... അങ്ങനെയും ജീവിതങ്ങള്‍.

പണത്തോട് ആര്‍ത്തി പൂണ്ടു പണ്ടവും ഭൂമിയും ആഡംബരവസ്തുക്കളും വാങ്ങിക്കൂട്ടുന്ന, തിന്നിട്ടും തിന്നിട്ടും കൊതി തീരാത്ത നമ്മുടെ ഇടയില്‍ ഇങ്ങനെയും ഒത്തിരി മനുഷ്യര്‍... ഉണ്ണുന്ന അരി പോലും അരക്കിലോ മാത്രം വാങ്ങാന്‍ കഴിവുള്ളവര്‍. 

Tuesday, 7 May 2013

കഥ

ഒരിടത്തൊരിടത്തൊരിടത്ത്,
ഒരു കഥയുണ്ടായിരുന്നു.
പെട്ടെന്ന്,
അവളുടെ കഥ കഴിഞ്ഞു.

Saturday, 4 May 2013

സാവകാശവാണി തൊഴിലവസര വാര്‍ത്തകള്‍

സാവകാശവാണി... തൊഴിലവസര വാര്‍ത്തകള്‍.
വായിക്കുന്നത് പുഷ്കു.

ഇംഗ്ലീഷ് ചാനലില്‍ ആങ്കര്‍ ആയി നാല് ഒഴിവ്.
ശമ്പളം പ്രതിമാസം ഇരുപതിനായിരം ബ്രിട്ടീഷ്‌ പൌണ്ട്. വിസ, താമസ സൗകര്യം, ഭക്ഷണം എന്നിവ കമ്പനി ലഭ്യമാക്കും. അത്യാടംഭര കപ്പലിലാണ് ജോലി. കപ്പിത്താന്‍ കാലില്‍ ചങ്ങല കെട്ടി കപ്പലില്‍ നിന്ന് കടലില്‍ തള്ളിയിടും. അടിത്തട്ടില്‍ പോയി വല്ല പാറയിലോ പവിഴപ്പുറ്റിലോ കെട്ടിപ്പിടിച്ചു കിടക്കുന്നതാണ് ജോലി. ഓക്സിജന്‍ മാസ്ക് കമ്പനി ലഭ്യമാക്കും. നീന്തല്‍ അറിയാവുന്നവര്‍ക്ക് മുന്‍ഗണന. പഠനയോഗ്യത പ്രീഡിഗ്രി.

പ്രധാനമന്ത്രിയുടെ സ്പോക്സ്‌പേര്‍സന്‍ സ്ഥാനത്തേയ്ക്ക് ആളെ നിയമിക്കുന്നു.
ശമ്പളം പ്രതിമാസം മുപ്പതിനായിരം രൂപ. താമസ സൗകര്യം, വണ്ടിക്കൂലി, ഭക്ഷണം മുതലായവ ഗവന്മേന്റ്റ്‌ വഹിക്കും. ജന്മനാ മൂകരും ബധിരരും ആയവര്‍ക്കും വിനയന്റെ ചിത്രത്തില്‍ അഭിനയിച്ച്ചവര്‍ക്കും മുന്‍ഗണന. കയ്യും കാലും കൂടി നഷ്ടപെട്ടവര്‍ ആണെങ്കില്‍ നന്ന്. പഠനയോഗ്യത രണ്ടാം ക്ലാസ്‌. ന്യൂനപക്ഷ സംവരണം മുപ്പതു ശതമാനം.

സദാചാര പോലീസിലെയ്ക്ക് മുന്നൂറ് ഒഴിവ്.
ശമ്പളം ദിവസക്കൂലി വ്യവസ്ഥയില്‍ ആയിരിക്കം. സദാചാരം തെറ്റിക്കുന്ന ആളുകളുടെ പക്കല്‍ നിന്നും വാങ്ങുന്ന വിടുതല്‍ കൂലി കൂടാതെ ആയിരിക്കും ഇത്.  ഇത്തരം കേസുകള്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പാരിതോഷികം ഉണ്ടായിരിക്കും. ഒരുമിച്ച് നടക്കുകയും ഇരിക്കുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാര്‍ക്ക് മാനഹാനി വരുന്നവിധം പെരുമാറാന്‍ അറിയണം. വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല. പള്ളിക്കൂടത്തിന്റെ പടി പോലും കാണാത്തവര്‍ക്ക് മുന്‍ഗണന. യാതൊരു പണിയില്ലാതെ തെണ്ടി നടക്കുക, ആളുകളുടെ മെക്കിട്ടു കേറുക, കുളിക്കടവില്‍ ഒളിഞ്ഞു നോക്കുക, സ്ത്രീകളെ കമന്റടിക്കുക മുതലായവയില്‍ രണ്ടു വര്‍ഷത്തിനു മേല്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

വിശറി ഓപ്പറേറ്റര്‍മാര്‍ ആയി നാല് ലക്ഷം ഒഴിവ്
ശമ്പളം പ്രതിമാസം അറുപതിനായിരം രൂപാ. പുരാണ സിനിമകളില്‍ രാജാവിന്റെ അരികില്‍ നിന്ന് വീശിക്കൊടുക്കുന്നത് പോലെ സ്വകാര്യവ്യക്തികളുടെ അരികില്‍ നിന്ന് വീശിക്കൊടുക്കുക എന്നതാണ് ജോലി. ജിമ്മില്‍ പോകുന്നവര്‍ക്ക് മുന്‍ഗണന. പഠനയോഗ്യത ബിരുദാനന്തരബിരുദം.

സോഷ്യല്‍ മീഡിയ മതവക്താവ്/ഭീകരന്‍: മൂവായിരം ഒഴിവ്.
വിവിധ മതവിഭാഗങ്ങളിലെയ്ക്ക് സോഷ്യല്‍ മീഡിയ മതവക്താവ്/ഭീകരന്‍ എന്ന തസ്തികയില്‍ അനേകം ഒഴിവുകള്‍. ശമ്പളം പ്രതിമാസം രണ്ടു ലക്ഷം രൂപയായിരിക്കും. വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിച്ച് സ്വന്തം മതത്തിനെ പൊക്കി പറയുന്ന പോസ്റ്റുകള്‍ നിര്‍മ്മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നതാണ് ജോലി. ഇതിനെ ചോദ്യം ചെയ്യുന്നവരെയും മറ്റു മതവിഭാഗങ്ങളിലെ ആളുകളെയും നഖശിഖാന്തം എതിര്‍ക്കുക, അവരെയൊക്കെ സ്വന്തം മതത്തിന്റെ മഹത്വം പഠിപ്പിക്കുക, ചിലരെ സ്വന്തം മതത്തിലേയ്ക്ക് ചേര്‍ക്കുക എന്നിവയും ഇവര്‍ ചെയ്യേണ്ടതുണ്ട്. നല്ല വിവരക്കേട് ഉള്ളവര്‍ക്കും മതഭ്രാന്ത് അസ്ഥിക്ക് പിടിച്ചവര്‍ക്കും മുന്‍ഗണന. പഠനയോഗ്യത: കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ പരിജ്ഞാനം. വായനാശീലം ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

കൂലിത്തല്ലുകാര്‍: ഏഴു ലക്ഷം ഒഴിവ്
നാട്ടിലുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതമായി വഴി നടക്കുന്നതിന് അവരുടെ സംരക്ഷകര്‍ ആയി ഏഴു ലക്ഷം കൂലിത്തല്ലുകാരെ ആവശ്യമുണ്ട്. സ്ത്രീകള്‍ വീടുകളില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ അവര്‍ തിരിച്ചു വരുന്നത് വരെ അവരെ ശല്യം ചെയ്യുന്നവരില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് ജോലി. ശമ്പളം പ്രതിമാസം അന്‍പതിനായിരം രൂപ. സ്വന്തമായി മലപ്പുറം കത്തി, ആറ്റംബോംബ്, അമ്പും വില്ലും എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന. പഠനയോഗ്യത: എസ.എസ.എല്‍.സി.

ഇതോടെ ഇത്തവണത്തെ തൊഴിലവസര വാര്‍ത്തകള്‍ കഴിഞ്ഞു. അടുത്ത വാര്‍ത്ത ഇത് പോലെ ഞാന്‍ ഫ്രീ ആയി ഇരിക്കുമ്പോള്‍... നമസ്കാരം.

-ഓറിയോണ്‍

----------------------------------------

----------------------------------------
---------------------------------------------