Friday, 18 October 2013

രണ്ടു വയറുകള്‍ മൂലമുണ്ടായ രണ്ടു ചമ്മലുകള്‍

കോട്ടയം മനോരമ ആപ്പീസില്‍ ആര്‍ട്ടിസ്റ്റ്‌ ആയി ജോലി ചെയ്യുന്ന നാളുകള്‍. രാത്രി മൂന്നരയ്ക്ക് ജോലി തീര്‍ത്തു റൂമില്‍ വന്നു കിടന്നുറങ്ങിയ എന്നെ അതിരാവിലെ പത്തു മണിക്ക് (നൈറ്റ്‌ ഡ്യൂട്ടി ഉള്ളവന് പത്തു മണി അതിരാവിലെ ആണ്) ചങ്ങാതി സുനീഷ് തോമസ്‌ ഫോണില്‍ വിളിച്ച് എണീപ്പിക്കുന്നു...

"ഡാ... റെഡി ആയി ഇരുന്നോ, ഞാന്‍ നിന്റെ റൂമിലേക്ക്‌ വരാം. നമുക്ക് പോയി അപ്പവും ബീഫും കഴിക്കാം. അരമണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെ എത്തും."

ചില ദിവസങ്ങളില്‍ അങ്ങനെയാണല്ലോ. ചില ഭക്ഷണക്കൊതികള്‍ മനസ്സില്‍ തോന്നിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. മൈ ഫോണ്‍ നമ്പര്‍ ഈസ്‌... ആ അത് പോട്ടെ. അങ്ങനെ ഒരു കണക്കിന് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എണീറ്റ്‌ അരമണിക്കൂര്‍ കൊണ്ട് റെഡി ആയി നിന്നു. സാധാരണ രാവിലെ എണീക്കുന്നത് പതിവില്ല. ഉച്ചയ്ക്കാണ് എണീക്കാറുള്ളത്. അപ്പം, ബീഫ്‌ എന്നൊക്കെ കേട്ടത് മുതല്‍ വിശപ്പ്‌ നിന്നു കത്തുകയും ചെയ്യുന്നു. വൈകാതെ മിസ്റര്‍ സുനീഷ് അദ്ദേഹത്തിന്റെ ബൈക്കുമായി വരികയും "അപ്പം, ബീഫ്‌, അപ്പം, ബീഫ്‌" എന്ന താളത്തില്‍ ഞങ്ങള്‍ രണ്ടു പേരും പുറപ്പെടുകയും ചെയ്തു.

"എന്ത് പറ്റി, രാവിലെ ഒരു അപ്പോം ബീഫും കൊതി?"-ഞാന്‍
"ഓ എന്നാ പറയാനാ... വീട്ടില്‍ രാവിലെ എന്താ കഴിക്കാന്‍ ഒള്ളത് എന്ന് നോക്കിയപ്പോ കപ്പേം ബീഫും. വേണ്ടെന്നു പറഞ്ഞു ഞാനിങ്ങു പോന്നു. ഇന്ന് അപ്പോം ബീഫും കഴിക്കാന്‍ ഒരു കൊതി..."- സുനീഷ്.

ആദ്യം കണ്ട ഹോട്ടലില്‍ കേറി.
"ചേട്ടാ അപ്പോം ബീഫും ഉണ്ടോ?"
"അയ്യോ ഇല്ല മോനെ. പുട്ടും കടലേം ഉണ്ട്. അപ്പോം മൊട്ടക്കറീം ഉണ്ട്"
"ഓ വേണ്ട ചേട്ടാ..." അഹങ്കാരം!
അവിടന്ന് ഇറങ്ങി.

രണ്ടു മൂന്നു ഹോട്ടലുകളില്‍ കൂടി കേറി നോക്കി. അവിടെയൊക്കെ പ്രഭാതഭക്ഷണം കഴിഞ്ഞിരിക്കുന്നു. വിശപ്പാണെങ്കില്‍ വയറ്റില്‍ കിടന്നു ബെല്ലി ഡാന്‍സ്‌ കളിക്കുന്നു. കണ്ണില്‍ പൊന്നീച്ച. മൂക്കിലൊക്കെ വന്നു കേറുന്നത് വഴിയിലുള്ള വീടുകളില്‍ എന്തൊക്കെയോ പാചകം ചെയ്യുന്നതിന്റെ സുഗന്ധങ്ങള്‍ മാത്രം. ഒടുവില്‍ എന്തെങ്കിലും ആവട്ടെ എന്ന് കരുതി ആദ്യം കയറിയ ഹോട്ടലില്‍ ചെന്നു കയ്യൊക്കെ കഴുകി ഇരുന്നു.

"ചേട്ടാ... നേരത്തെ പറഞ്ഞ അപ്പോം മൊട്ടക്കറീം രണ്ടു പേര്‍ക്ക് എടുത്തോ.."
"അയ്യോ മോനെ എല്ലാം തീര്‍ന്നല്ലോ...!"
സുനീഷിന്റെ കണ്ണുകളില്‍ ദയനീയത. വെറുതെ കിടന്നു ഉറങ്ങിയ എന്നെ വിളിച്ച് ഉണര്‍ത്തി വിശപ്പ്‌ ഉണ്ടാക്കിയിട്ട് ഒന്നും കിട്ടാത്തതിന്റെ കലിപ്പ് എനിക്ക്.

അവിടെ നിന്നുമിറങ്ങി വീണ്ടും ബൈക്കില്‍ കറങ്ങി നടക്കുമ്പോഴുണ്ട് ബസ്‌ സ്ടാന്റിനു അടുത്തുള്ള മൈതാനത്ത്‌ എന്തോ ആദിവാസി എക്സിബിഷന്‍ നടക്കുന്നു.
"എടാ... അവിടെ നാടന്‍ ഭക്ഷണങ്ങള്‍ എന്തെങ്കിലും കാണും. കഴിഞ്ഞ വര്ഷം ഞാന്‍ എന്തൊക്കെയോ കഴിച്ചതാ..."- സുനീഷ്
"നാടനെങ്കില്‍ നാടന്‍... വാ കേറാം..."- ഞാന്‍

അകത്തു കയറി ചുറ്റും നോക്കുമ്പോള്‍ അതാ ബോര്‍ഡ്‌- "കപ്പയും നാടന്‍ കോഴിക്കറിയും". ഉള്ളില്‍ മൂന്നു നാല് ലഡു ഒരുമിച്ചു പൊട്ടി. ഓടിചെന്നു സീറ്റ് പിടിച്ചു. വേറെ ആരുമില്ല. സ്റ്റാളില്‍ കണ്ട ചേട്ടനോട് ഓര്‍ഡര്‍ പറഞ്ഞു- "ചേട്ടാ കപ്പയും കോഴിക്കറിയും പോരട്ടെ..."
അയാള്‍- "അയ്യോ.. കോഴിക്കറി ആവുന്നതെ ഉള്ളൂ... ഇനിയും സമയമെടുക്കും. വേണെങ്കില്‍ കപ്പയും മുളക് ഇടിച്ചതും എടുക്കാം. കുടിക്കാന്‍ നല്ല മരുന്ന് കാപ്പിയുണ്ട്..."
അങ്ങനെ അതും മൂഞ്ചസ്യ !

"എടുത്തോ എടുത്തോ ! ഒന്നും നോക്കണ്ട" ഞാന്‍ പറഞ്ഞു.
മിസ്റര്‍ സുനീഷ് ഒരു നിസ്സംഗഭാവത്തോടെ ഇരിക്കുന്നു.
"എന്തേയ്?" ഞാന്‍ ചോദിച്ചു...
"അല്ല.. രാവിലെ ജാടയ്ക്ക് കപ്പേം ബീഫും വേണ്ടെന്നു പറഞ്ഞിട്ട് പോന്ന ഞാന്‍ ദേ ഇവിടിരുന്ന് കപ്പേം മുളകും കഴിക്കുന്നു!"
ഞാന്‍ ചിരിച്ചു പോയി...
"നിങ്ങള്ക്ക് അത് തന്നെ വേണം! ഹ ഹ ഹ!"
"പോടാ മഹാപാപീ!"- കരയണോ എന്റെ മൂക്കിനു നോക്കി ഇടിക്കണോ എന്ന് കണ്ഫ്യൂഷനോടെ സുനീഷ്.

എന്തൊക്കെയായാലും അധികം വൈകാതെ കപ്പയും മുളകും മരുന്ന് കാപ്പിയും എത്തിചേര്‍ന്നു. നല്ല വിശപ്പ്‌ ഉണ്ടായിരുന്നത് കൊണ്ട് രണ്ടു പേരും നന്നായി വലിച്ചു കേറ്റി. കാപ്പി തൊട്ടു പോലും നോക്കാതെ എന്റെ ഫുള്‍ കോണ്‍സന്ട്രേഷന്‍ കപ്പയില്‍ കൊടുത്ത ഞാന്‍ ഇടയ്ക്ക് തല ഉയര്‍ത്തി നോക്കുമ്പോഴുണ്ട്, കണ്ണിലും മൂക്കിലും വായിലുമൊക്കെ വെള്ളം നിറഞ്ഞു സുനീഷ്. അയ്യേ! എരിവ് താങ്ങാനുള്ള കെല്‍പ്പില്ലെന്നോ!

"ചെറുപ്പത്തിലേ എരിവ് തിന്നു ശീലിക്കണം. ചെറുപ്പത്തില്‍ അത്യാവശ്യത്തിനു എരിവൊക്കെ തിന്നിട്ടില്ലെന്കില്‍ ഇങ്ങനെ പുറത്ത് നിന്നു കപ്പേം മുളകും തിന്നുമ്പോള്‍ എരിയും..."
എരിവ് കൂടുതല്‍ കഴിക്കുന്ന എന്റെ അഹങ്കാരം തലപൊക്കി.

ഒന്നും മിണ്ടാതെ വീണ്ടും "ശ്... ഹൂ ! ശ്... ഹൂ !" ശബ്ദത്തോടെ സുനീഷ് കഴിച്ചു തീര്‍ത്തു.

"ഛെ! എരിവ് താങ്ങാന്‍ കഴിയാത്ത ചീള് പിള്ളേര്‍സ് !" എന്ന ഭാവത്തില്‍ ഞാന്‍ മരുന്ന് കാപ്പിയെടുത്ത് ഒരു കവിള്‍ കുടിച്ചു. തിളച്ച ലാവ പോലത്തെ ഒരു പ്രത്യേക സൈസ്‌ കാപ്പി. കുരുമുളകും കാന്താരി മുളകും പിന്നെ എന്തൊക്കെയോ ഇട്ട ഒരു തരം തീവെള്ളം! നാവു മുതല്‍ ആസനം വരെ എരിഞ്ഞുപോയ എന്റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം ഒഴുകാന്‍ തുടങ്ങി. എന്റെ ഭാവമാറ്റം കണ്ട സുനീഷ് ചിരി തുടങ്ങി...

"നീ കാപ്പി കുടിച്ചില്ല എന്ന് എനിക്ക് മനസ്സിലായി. ഇപ്പൊ എങ്ങനെയുണ്ട്? എരിയുന്നുണ്ടോ? അതേയ്... ചെറുപ്പത്തിലേ എരിവ് തിന്നു ശീലിക്കാത്തതിന്റെയാ!"
മുറിവിന് മുകളില്‍ പൊടിയുപ്പ് തൂവുന്നു ദുഷ്ടനായ സുനീഷ്... ബാക്കി കാപ്പി അവിടെത്തന്നെ വച്ചു. സത്യം പറയാമല്ലോ... ഒരു കവിള്‍ മരുന്നുകാപ്പി കുടിച്ചതിന്റെ എരിവ് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അടങ്ങിയത്.

ചമ്മിയപ്പോള്‍ രണ്ടുപേരും ഒരേ ദിവസം നല്ല അന്തസ്സായി ചമ്മി... ഈ വയറിന്റെ ഒരു കാര്യം!
 

----------------------------------------

----------------------------------------
---------------------------------------------