Sunday, 8 July 2012

വേട്ടയാട് വിളയാട്- ഒരു കൊക്കിന്റെ അന്ത്യം (കൊന്നവന്റേം)



ഞായറാഴ്ചയൊക്കെ അല്ലെ... ഒരു അനുഭവക്കുറിപ്പ് ആയിക്കോട്ടെ. "ഇത് അനുഭവക്കുറിപ്പ് ആണോടാ?" എന്ന് ചോദിച്ചാല്‍ അല്ല... പറഞ്ഞു കേട്ടതാണ്. എന്നാലും ഇരിക്കട്ടെ...


നുമ്മടെ ഒരു ചങ്ക് കൂട്ടുകാരന്‍ ഉണ്ട്. നുമ്മടെ കൂടെ കോളേജില്‍ പഠിച്ചതാണ്. ഒരു ഘടാഘടികന്‍......,... ഉല്‍ക്കടന്‍....,... ഭീകരജീവി... രസികന്‍....,.. തമാശക്കാരന്‍ ! വാ തുറന്നാല്‍ ചുറ്റും നില്‍ക്കുന്നവര്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. മണ്ണ് കപ്പാത്തവര്‍ ചുരുങ്ങിയത് വായു എങ്കിലും കപ്പും! ആള്‍ കൊച്ചിക്കാരന്‍ ആയത് കൊണ്ടും, എഴുതാന്‍ പോവുന്ന കഥ അവന്റെ അണ്ണാക്കില്‍ കോലിട്ടു കുത്തുന്നത് ആയത് കൊണ്ടും, ആ മാന്യ കശ്മലന്റെ യഥാര്‍ത്ഥ പേര് ഉപയോഗിക്കുന്നില്ല. ഒരു പേര് വേണം എന്നത് കൊണ്ട് നമുക്ക് തല്‍ക്കാലം ഇയാളെ ദേവസ്സി എന്ന് വിളിക്കാം.


ഫോട്ടോഗ്രഫി, പെയിന്റിംഗ്, ശില്‍പ്പകല എന്നിവ കൂടാതെ ദേവസ്സിയുടെ അനേകം താല്‍പര്യങ്ങളില്‍ ഒന്നാണ് സ്വന്തം എയര്‍ ഗണ്‍ ഉപയോഗിച്ചു കാട്ടിക്കൂട്ടുന്ന കസര്‍ത്തുകള്‍..,. വീട്ടുമുറ്റത്ത്‌ കാലക്കെടിനു വന്നു കയറിപ്പോയ  തവളയുടെ കണ്ണില്‍ വെടി വച്ച് കൊള്ളിക്കുക, പറമ്പില്‍ നില്‍ക്കുന്ന ചേമ്പിലയുടെ തണ്ട് വെടി വച്ച് ഒടിക്കുക, മുതലായവ ആണ് ചങ്ങാതിയുടെ അനെകങ്ങളില്‍ ഒരു ഹോബി. ഇഷ്ടന്റെ 'കലുങ്ക്ഗ്യാങ്ങി'നൊക്കെ ദേവസ്സിയുടെ ഈ വക കലാപരിപാടികള്‍ എല്ലാം അറിയാം. 
"ഞാന്‍ ഇന്ന് നാല് കിലോമീറ്റര്‍ അപ്പുറത്ത് ഇരുന്ന കാക്കയുടെ ചിറകു വെടി വച്ച് ഒടിച്ചു", "വീട്ടില്‍ വന്നു കയറിയ ബാക്ടീരിയായുടെ വലത്തെക്കാല്‍ വെടി വച്ചിട്ടു"- മോഡല്‍ ഡയലോഗുകള്‍ സഹിക്കേണ്ടി വന്ന ഹതഭാഗ്യര്‍ ആയതിനാല്‍ നമുക്ക് അളിയന്റെ കൂട്ടുകാര്‍ക്ക് വേണ്ടി ഒരു നിമിഷം മൌനം ആചരിക്കാം.
...............................................................................................................................................................................................................................................................................................................................................................................................................................


അപ്പോള്‍ പറഞ്ഞു വന്നത്.... ആ ! ദേവസ്സി...
ഒരു നാള്‍ അളിയന്‍ കൊക്കിനെ വെടി വെക്കാന്‍ പാടത്ത് പോയി. കൊക്കിന്റെ ഇറച്ചി കഴിക്കാന്‍ കൊതി ആയിട്ടൊന്നുമല്ല; കൊക്കിനെ വെടി വച്ച് വീട്ടില്‍ കൊണ്ട് പോവുക, കറി വയ്ക്കുകയോ വറക്കുകയോ ചെയ്തു അത് കൊണ്ട് പോയി കൂട്ടുകാര്‍ക്ക് വിളമ്പി ഒന്നിന് പത്തായിട്ടു കഥ പറയാന്‍ ! 


കൊക്കിനെ വെടി വെക്കാന്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. തോക്ക് എന്നതിന്റെ "തോ" പോലും വെളിച്ചത്തു കണ്ടാല്‍ തന്നെ പാടത്ത് ഇരിക്കുന്നതും പറക്കുന്നതും കിടക്കുന്നതുമായ കാക്കകള്‍ കരഞ്ഞു കൂവി ബഹളം ഉണ്ടാക്കി കൊക്കിനെ ഒക്കെ ഓടിക്കും. ചുരുക്കത്തില്‍, "കാക്ക ഒട്ടു തിന്നുകയുമില്ല തിന്നാന്‍ കൊതിവെള്ളം ഊറി വരുന്നവനെ തീറ്റിക്കുകയുമില്ല". നുമ്മടെ കക്ഷി വളരെ ബുദ്ധിമുട്ടി ഓലമടല്‍ കൊണ്ടും ചാക്ക് കൊണ്ടുമൊക്കെ തോക്ക് മറച്ചും ആണ് പാടത്തിനു സമീപമുള്ള പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുക, കൊക്ക് ചേട്ടന്മാരെ സൂപ്പാക്കാന്‍,. ഒന്നും രണ്ടും മൂന്നും ദിവസം കഴിഞ്ഞിട്ടും ഉണ്ട തീരുന്നതല്ലാതെ കൊക്ക് 'നഹി നഹി !' ദേവസ്സി വിടുമോ? തോറ്റു പിന്മാറാന്‍ പാടില്ലല്ലോ... അതും പീറ കൊക്കിനോട് ! ദേവസ്സിയുടെ ക്ഷത്രിയ രക്തം തിളച്ചു. "ഹമ്പടാ ! എങ്കില്‍ കണ്ടിട്ട് തന്നെ !"


പകലായി, സന്ധ്യയായി, അഞ്ചാം ദിവസം, ആയിരം വാട്ടിന്റെ ചിരി മുഖം നിറയെ പടര്‍ത്തി കലുങ്ക് സമക്ഷം കട്ടന്‍ ബീഡിയും വലിച്ചിരുന്ന കൂട്ടുകാരുടെ മുന്നിലേക്ക്‌ രണ്ടു കുപ്പി കള്ളും ഒരു സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ പൊരിച്ച കൊക്കിറച്ചിയും ഉച്ചയ്ക്ക് വീട്ടില്‍ വാങ്ങിയതിന്റെ ബാക്കി മീനുമൊക്കെ കൊണ്ട് പ്രത്യക്ഷനാവുന്നു, ദേവസ്സി ! 
"തിന്നെടാ... കുടിയെടാ... എഴുനൂറു മീറ്റര്‍ മാറി ഇരുന്ന കൊക്കിന്റെ തലയില്‍ ആണ് വെടി കൊണ്ടത്‌....,... പടിഞ്ഞാറന്‍ കാറ്റിന്റെ ദിശയും, ഭൂഗുരുത്വാകര്‍ഷണ ശക്തിയും ഒക്കെ കണക്ക് കൂട്ടി ഞാന്‍ ഒരു കാച്ചങ്ങു കാച്ചി ! കൊക്കല്ല, അവന്റെ അപ്പൂപ്പന്‍ വീഴും !"- ദേവസ്സി പടക്കം പൊട്ടിക്കാന്‍ തുടങ്ങി. തെളിവിനായി വെടി കൊണ്ട് തുളഞ്ഞ കൊക്കിന്റെ തലയും ഹാജരാക്കി, ആശാന്‍ ! അന്തികള്ളിന്റെയും ഇറചിയുടെയുമൊക്കെ രുചിയില്‍ അലിഞ്ഞു ചേര്‍ന്ന്, കൂട്ടുകാര്‍ അതങ്ങു സഹിച്ചു. രാത്രി ആയപ്പോഴേക്കും കുടിച്ച കള്ളും കഴിച്ച ഇറചിയുമൊക്കെ കത്തി തീര്‍ന്നു പോയത് പോലെ ആയി. രണ്ടു മൂന്നു പേരുടെ ചെവി ഉരുകി നിലത്ത് വീണു എന്ന് പിറ്റേന്നത്തെ പത്രത്തില്‍ ഉണ്ടായിരുന്നു. സുനാമിയുടെ കാരണം പോലും അന്ന് ദേവസ്സി പൊട്ടിച്ച പടക്കത്തിന്റെ ആഘാതം ആയിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ ഉണ്ട് ! അത് അങ്ങനെ കഴിഞ്ഞു...


പിറ്റേ ദിവസം ക്ലാസ്സോക്കെ കഴിഞ്ഞു വീടിനടുത്തുള്ള സ്റ്റോപ്പില്‍ ബസിറങ്ങി ഒരു സിഗരറ്റ് വലിച്ചു കളയാം എന്ന് കരുതി നമ്മുടെ ആശാന്‍ പരിചയമുള്ള കടയില്‍ കയറി. 
"ചേട്ടാ, ഒരു ഗോള്‍ഡ്‌...",.."
സിഗരറ്റ് എടുത്തു കൊടുക്കുമ്പോള്‍ ചേട്ടന്റെ ചുണ്ടത്ത് അമര്‍ത്തിയ ഒരു ചിരി !
"ഇയാക്ക് വട്ടായാ!" എന്ന് മനസ്സില്‍ ആലോചിച്ചു ദേവസ്സി തിരിച്ചു നടന്നു. വഴിയില്‍ ദാ നില്‍ക്കുന്നു കൂട്ടുകാരന്റെ അനിയത്തി രമണിമോള്...  ദേവസ്സിയെ കണ്ടതും അവള് തുടങ്ങി കിക്കിക്കിക്കിയെന്നു ചിരി!... 
"എന്താടീ ഒരു ഇളിഞ്ഞ ചിരി?" എന്നാ ദേവസ്സിയുടെ ചോദ്യത്തിന് മറുപടിയൊന്നും കൊടുക്കാതെ അവള്‍ ഓടിക്കളഞ്ഞു. വീണ്ടും വഴിയില്‍ കണ്ട രണ്ടു മൂന്നു പേര്‍ കൂടി ഇത് ആവര്‍ത്തിച്ചപ്പോള്‍ അളിയന്‍ എന്തോ പന്തികേട് മണക്കാന്‍ തുടങ്ങി. ആദ്യം കണ്ട കൂട്ടുകാരനും ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്റെ കുത്തിനു പിടിച്ചു മാറ്റി നിര്‍ത്തി രണ്ടു ചാമ്പ് ചാമ്പി...
"എന്താടാ ആളുകള്‍ എന്നെ കണ്ടു ചിരിക്കുന്നത്?" എന്ന് ആരാഞ്ഞു. കൊണ്ട ഇടിയുടെ ഒക്കെ ഇടയിലും ചിരി നിര്‍ത്താന്‍ കഴിയാതെ അവന്‍, ദേവസ്സിയെ പറ്റി അന്ന് റിലീസ്‌ ചെയ്ത കഥ പറഞ്ഞു... അത് ഇങ്ങനെ...


ഫ്രെയിം 1
കൊക്കിനെ  വെടി വെക്കാന്‍ ദേവസ്സി പൊന്തക്കാട്ടില്‍ പതുങ്ങി ഇരിക്കുന്നു. കയ്യില്‍ കാക്കകളും കൊക്കുകളും കാണാതെ ഒളിച്ചു പിടിച്ച എയര്‍ ഗണ്‍.,.. ദൂരെ പാടത്ത് വന്നിറങ്ങിയ കൊക്ക്.


ഫ്രെയിം 2.
ഉന്നം പിടിക്കുന്ന ദേവസ്സി. കൊക്ക് അനങ്ങാതെ ഇരിക്കുന്നു, "എന്നെ കൊന്നോ ചെട്ടായീ" എന്നും പറഞ്ഞ്... 


ഫ്രെയിം 3
ദേവസ്സി കാഞ്ചി വലിക്കുന്നു... ഉണ്ട ചീറിപ്പായുന്നു. അത് ചെന്ന് പാടത്തെ ചെളിയില്‍ കുത്തി വീഴുന്നു, കൊക്കിന്റെ അടുത്തായിട്ടു.


ഫ്രെയിം 4 (സ്ലോ മോഷന്‍))).).,)
ഉണ്ട ചെളിയില്‍ കുത്തിയതോടെ കുറച്ചു ചെളി തെറിച്ചു കൊക്കിന്റെ കണ്ണില്‍ വീഴുന്നു. കണ്ണ് കാണാതായ കൊക്ക് പറന്നു പൊങ്ങുന്നു.


ഫ്രെയിം 5.
പറക്കുന്ന അന്ധന്‍ കൊക്ക് പാടത്തിന്റെ അരികിലുള്ള തെങ്ങില്‍ ഇടിച്ചു തലകറങ്ങി നിലത്ത് വീഴുന്നു. 


ഫ്രെയിം 6.
കൊക്ക് വീണത്‌ കണ്ട ദേവസ്സി അതിന്റെ അടുത്തേയ്ക്ക് ഓടി എത്തുന്നു. തന്റെ  വെടി കൊണ്ടല്ല കൊക്ക് വീണത്‌ എന്ന് മനസ്സിലാക്കിയ അവന്‍ നാല് പാടും നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പാക്കി കൊക്കിന്റെ തലയില്‍ തോക്കിന്‍ കുഴല്‍ ചേര്‍ത്ത് വച്ച് കാഞ്ചി വലിക്കുന്നു... ചത്ത കൊക്കിനെയും ഏന്തി വീട്ടിലേയ്ക്ക്...!!!


കര്‍ട്ടന്‍ !


കഥ കേട്ട ദേവസ്സി നാല് നാള്‍ പുറത്ത് ഇറങ്ങിയിട്ടില്ല എന്നത് കഥയുടെ ബാക്കി ഭാഗം !


കടപ്പാട്: ഈ കഥ എന്നോട് വിസ്തരിച്ചു പറഞ്ഞ് ചിരിപ്പിച്ചു കൊല്ലാറാക്കിയ   ദേവസ്സിയുടെ സന്തതസഹചാരി കാലമാടന്...





----------------------------------------

----------------------------------------
---------------------------------------------