Tuesday, 12 June 2012

എങ്ങനെ വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫര്‍ ആകാം !



ഞങ്ങളുടെ കോളേജില്‍ നിന്നും പണ്ട് ഒരു നേച്ചര്‍ ക്യാമ്പിനായി വണ്ടിപ്പെരിയാര്‍ പോവുകയുണ്ടായി. നല്ല ഒന്നാന്തരം ഗവണ്മെന്റ് ഫൈന്‍ ആര്‍ട്സ്‌ കോളേജ് (നോട്ട് ദി പോയിന്റ്‌-- ഗവണ്മെന്റ് കോളേജ്)...
 "കളങ്കം എന്തെന്നറിയാത്ത നല്ലവരായ എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍"
മൂന്നു ദിവസത്തെ പരിപാടി... കാടിനെ പറ്റി അറിയുക, പഠിക്കുക, മുതലായ സംഭവങ്ങള്‍ ആണ് സാധാരണ നടക്കുക. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍,
"കമ്പ്ലീറ്റ്‌ അലമ്ബുണ്ടാക്കാന്‍ മൂന്നു ദിവസം."


 ഞങ്ങള്‍ പത്ത് ഇരുപതെണ്ണം (ആണ്‍കുട്ടികള്‍ മാത്രം) കോളേജ് ബസ്‌ (അഥവാ കെ എസ് ആര്‍ ടി സി) കയറി മേല്‍പ്പറഞ്ഞ സ്ഥലത്തെത്തി. രണ്ടാം ദിവസം, ക്യാമ്പിന്റെ ഭാഗമായി ഒരു ട്രെക്കിംഗ് പരിപാടി ഉണ്ട്. ആറേഴു കിലോമീറ്റര്‍ കാട്ടില്ലൂടെ കാല്‍നട യാത്ര. നിറയെ അട്ടകളും പാമ്പും ചേമ്പും ആന,മയില്‍, ഒട്ടകം, ആകാശകോടാലി മുതലായ ഖോരജന്തുക്കള്‍ ഉള്ള കാട്. നടപ്പ് തുടങ്ങി ഒരു കിലോമീറ്റര്‍ ആവുന്നതിനു മുന്‍പേ തന്നെ ഓരോരുത്തരുടെയും കാലുകളില്‍ പത്ത്‌ അട്ടയെന്കിലും കടിച്ചിട്ടുണ്ടാവണം. നോക്കുന്നിടത്തൊക്കെ ആനപ്പിണ്ടം. എങ്ങനെയെങ്കിലും തിരിച്ച്ചെച്ത്തിയാല്‍ മതിയെന്നായി. ചെറിയ കാട്ടുവഴിയിലൂടെയുള്ള നടപ്പ് അത്ര സുഖകരം അല്ല എങ്കിലും, ആദ്യം ഉണ്ടായ അന്കലാപ്പോക്കെ പെട്ടെന്ന് മാറി. ചെറിയ വഴി ആയത് കൊണ്ട് വരിവരി ആയിട്ടാണ് നടപ്പ്. 


ഒരിടത്ത് എത്തിയപ്പോള്‍ നടന്നു ഒരു വളവു തിരിഞ്ഞതും ഏറ്റവും ആദ്യം പോയ വിദ്വാന്മാര്‍ പെട്ടെന്ന് നിന്ന് പിറകില്‍ വരുന്ന ഞങ്ങളെ നോക്കി കഥകളി മുദ്രകള്‍ കാണിക്കാന്‍ തുടങ്ങി. 
"ഇതെന്തെടെയ്‌ ലവന്മാര്‍ വരപ്പു നിര്‍ത്തി നൃത്തന്രിത്യങ്ങള്‍ പഠിക്കാന്‍ തുടങ്ങിയാ" 
എന്ന എന്റെ സംശയം ബലപ്പെടുത്തിക്കൊണ്ട് ആ പ്രത്യേക സ്ഥലത്തെത്തുന്ന എല്ലാവരും മുദ്ര കാണിക്കാന്‍ തുടങ്ങി. 
"എന്താ എന്താ? നിനക്കൊക്കെ വട്ടായോടാ?" എന്ന് ചോദിച്ചതെ എനിക്ക് ഓര്‍മ്മയുള്ളൂ; മുദ്ര കാനിക്കുന്നവരില്‍ ഒരുത്തന്‍ ഓടി അടുത്ത് വന്നു ചെവിയില്‍ കൊടുങ്ങല്ലൂര്‍ ഭരണി തുടങ്ങി. പിന്നീടാണ് അപകടത്തിന്റെ ആഴം മനസ്സിലായത്‌... 


ഞങ്ങള്‍ നിന്ക്കുന്നത് വലത്തേയ്ക്ക് തിരിയുന്ന ഒരു വളവിലാണ്. ആ വളവിന്റെ അടുത്തായി ഞങ്ങളുടെ കുറച്ചു വലത്തേയ്ക്ക് മാറി ഒരു ഒറ്റയാന്‍ ! പേടി കൊണ്ട് നാല് 'നന്മ നിറഞ്ഞ മറിയം' ഒറ്റ ശ്വാസത്തില്‍ ചൊല്ലിപ്പോയി. മുന്നോട്ടും പുറകോട്ടും പോകാന്‍ പേടി. 


അപ്പോഴുണ്ട് ആസ്ഥാന കാമെറാമാനും സര്‍വ്വോപരി കിടിലോല്‍ക്കിടിലനുമായ ഒരു ചങ്ങായിക്ക് ഒറ്റയാന്റെ പടം എടുക്കണം! 
"ഞാന്‍ ചത്തു പോയാല്‍ എന്റെ പെങ്ങളെ നിങ്ങള്‍ എല്ലാരും കൂടെ കെട്ടിക്കില്ലേടാ" 
മോഡല്‍ ഡയലോഗ്... ഞങ്ങളുടെ എതിര്‍പ്പുകളെ വക വയ്ക്കാതെ അളിയന്‍ മുന്നോട്ട് നീങ്ങി. ഈ പട്ടാളക്കാരോക്കെ നിലത്ത് കൂടി ഇഴഞ്ഞു പോകുന്നത് ടിവിയില്‍ കണ്ട ഓര്‍മ്മയില്‍ അദ്ദേഹം വെച്ചു പിടിപ്പിച്ചു, ആനയുടെ അടുത്തേയ്ക്ക്. ശ്വാസമെല്ലാം അടക്കിപ്പിടിച്ച് ഞങ്ങള്‍ പതുക്കെ മുന്നോട്ടു നീങ്ങാനും തുടങ്ങി. നമ്മുടെ ഫോട്ടോചേട്ടന്‍ നിലത്ത് കിടക്കുന്നു, ചെളിയില്‍ കിടന്നു ഉരുളുന്നു, തല കുത്തി മറിയുന്നു, ക്ലിക്കോട് ക്ലിക്ക്. അന്ന് ആരുടെ കയ്യിലും ഡിജിറ്റല്‍ ക്യാമറ ഇല്ല. ഫിലിം തന്നെ ശരണം. അങ്ങനെ കയ്യില്‍ ഉണ്ടായിരുന്ന രണ്ടു ഫിലിമില്‍ ഒരെണ്ണം മുഴുവന്‍ തീരത്ത് വിജയശ്രീലാളിതനായി നെഞ്ചും വിരിച്ചു തിരിച്ചു വന്ന കൂട്ടുകാരനെ ഞങ്ങള്‍ അഭിമാനത്തോടെ നോക്കി. ഞങ്ങള്‍ അരിച്ചരിച്ച് മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. എറണാകുളത്തെ ട്രാഫിക്‌ ജാമിനേക്കാള്‍ വളരെ പതുക്കെ വളവു താണ്ടി മുന്നോട്ടു നീങ്ങി. ഭാഗ്യം ആന ഞങ്ങളെ കണ്ടിട്ടില്ല. നാല് 'നന്മ നിറഞ്ഞ മറിയം' വേസ്റ്റ് ആയില്ല എന്നൊക്കെ ഓര്‍ത്ത്‌ കുറച്ചു കൂടി മുന്നിലേക്ക്‌ നടന്ന ഞങ്ങള്‍ ആ കാഴ്ച കണ്ടു ഞെട്ടി! ഒറ്റയാന്‍ അതാ തൊട്ടടുത്ത്‌!! കൂടെ പാപ്പാനും! 


ആനേടെ കാലില്‍ ചങ്ങല, പാപ്പാന്റെ കയ്യില്‍ തോട്ടി, വടി, കട്ടാംപാര ! 


അങ്ങനെ ഞങ്ങളുടെ കോളജില്‍ നിന്നും ആദ്യമായും അവസാനമായും ഒരു വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രാഫര്‍ ഉണ്ടായി !
ശുഭം !

1 comment:

  1. ;) മമ്മൂട്ടി ഒറ്റയാനെ കണ്ടു ഓടിയ രംഗം ഓര്‍മ്മവന്നു ;)

    ReplyDelete

----------------------------------------

----------------------------------------
---------------------------------------------