Thursday, 14 June 2012

സഹപാഠി

ഇന്ന് ആപ്പീസില്‍ നിന്നും വരുന്ന വഴിക്ക് പഴയ ഒരു സഹപാഠിയെ കണ്ടു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് വച്ചു കണ്ടപ്പോള്‍ സന്തോഷം തോന്നി. 
അവന്‍ എന്നെ, "ഇത് അവന്‍ തന്നെ അല്ലെ" എന്ന രീതിയില്‍ നോക്കുന്നത് കണ്ടപ്പോള്‍ സംശയം തോന്നി നേരെ പോയി സംസാരിച്ചു... 

"--------------- സ്കൂളില്‍ പഠിച്ച ബിനു അല്ലെ... എന്നെ ഓര്‍മ്മയുണ്ടോ?"

"ഉവ്വ്.. ഓറിയോണ്‍ അല്ലെ? ദൂരെ നിന്ന് കണ്ടപ്പോഴേ മനസ്സിലായി...നീയൊക്കെ വലിയ ആളായിപ്പോയില്ലേ... നമ്മളെയൊക്കെ കണ്ടാലോക്കെ സംസാരിക്കുമോ എന്ന് കരുതി മാറി നിന്നതാ. പത്രത്തിലൊക്കെ ജോലി ചെയ്തു വല്യ ആര്‍ട്ടിസ്റ്റ്‌ ആയ ആള്‍ അല്ലെ? ഇപ്പൊ വലിയ കമ്പനിയില്‍ വലിയ നിലയില്‍ ഒക്കെ എത്തി.. നമ്മലോടൊക്കെ മിണ്ടുമോ?"

എന്റെ ഓര്‍മ്മ ഒരു പതിനഞ്ചു വര്ഷം പിറകോട്ടു ഓടി...
"നിന്റെ അപ്പന്റെ കയ്യില്‍ ഇരുപത്തി അഞ്ചു പൈസ തികച്ചു എടുക്കാന്‍ ഉണ്ടോടാ?"- ഫീസ്‌ കൊടുക്കാന്‍ ഇല്ലാതെ ക്ലാസ്സിനു പുറത്ത് നില്‍ക്കുന്ന എന്നോട്, ഗള്‍ഫില്‍ ഉള്ള ഡാഡി കൊടുത്തയച്ച പുതിയ ഷൂസും ധരിച്ചു പുതിയ ഫോറിന്‍ ഇലക്ട്രോണിക് വാച്ചു കെട്ടിയ കൈ എന്റെ കണ്ണിനു മുന്നില്‍ വരുന്ന വിധം ചൂണ്ടി അവന്‍ പറയുകയാണ്‌. പിറകില്‍ ഒരു കൂട്ടം കുട്ടികള്‍ അത് കേട്ട് ആര്‍ത്തു ചിരിക്കുന്നു. തല കുനിച്ച് ഞാന്‍.

ഓര്‍മ്മ വണ്ടി കുറച്ചു കൂടി മുന്നോട്ട് ഓടി...
ഞാന്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ പഠിക്കുന്നു. വൈകിട്ട് വീട്ടിലേക്കു പോരാന്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ മുന്‍പില്‍ ഒരു സിവിക്‌ കാര്‍ വന്നു നില്‍ക്കുന്നു. രണ്ടു ചുള്ളന്മാര്‍ മുന്‍പില്‍ കാണുന്ന കടയില്‍ നിന്നും ഒരു പാക്കറ്റ്‌ കിങ്ങ്സ്‌ വാങ്ങി കത്തിച്ചു തിരിച്ചു കാറില്‍ കയറുന്നു.  ബിനു റേ-ബാന്‍ ഗ്ലാസിലൂടെ എന്നെ നോക്കി. എനിക്കും ആളെ മനസ്സിലായി. ഞാന്‍ അവനെ നോക്കി ചിരിച്ചു. അവന്റെ വീട് എന്റെ വീടിന്റെ ബസ്‌ സ്റ്റോപ്പ്‌ കഴിഞ്ഞിട്ടാണ്. ഒരു ലിഫ്റ്റ്‌ കിട്ടുമായിരിക്കും... സ്കൂളില്‍ വച്ച് കണ്ടതിനു ശേഷം അപ്പോഴാണ്‌ വീണ്ടും കാണുന്നത്. രണ്ടു നിമിഷം എന്നെ നോക്കിയതിനു ശേഷം ഒരു ചെറിയ പുച്ഛത്തോടെ അവന്‍ തിരിച്ചു കാറില്‍ കയറി ഇരപ്പിച്ചു കൊണ്ട് പാഞ്ഞു പോകുന്നു... എന്റെ അടുത്ത് നിന്ന എന്റെ കൂട്ടുകാരന്‍-
"വിട് അളിയാ... ചില മൈ... അങ്ങനെയാ"

ആ മാന്യ ദേഹത്തെയാണ് ഇന്ന് വീണ്ടും കാണുന്നത്....
ഇന്ന് എന്നോട് പറയുന്നു, "നീയൊക്കെ വല്യ ആളായിപ്പോയില്ലേ!" എന്ന്...

നാവു വരെ എത്തിയ തെറി വിഴുങ്ങി ഒരു ചെറിയ ചിരി പാസാക്കി, റിംഗ് ചെയ്യാത്ത ഫോണ്‍ എടുത്ത്‌ തിരക്ക് അഭിനയിച്ച് അവനോടു പറഞ്ഞു..
"ഇത്തിരി തിരക്കുണ്ട്‌... പിന്നേ കാണാം."

എന്നിട്ട് വേഗത്തില്‍ നടന്നു, തിരിഞ്ഞു നോക്കാതെ...

No comments:

Post a Comment

----------------------------------------

----------------------------------------
---------------------------------------------