Wednesday, 23 January 2013

സാവകാശവാണി പ്രധാനവാര്‍ത്തകള്‍

സാവകാശവാണി....ഇന്നത്തെ പ്രധാന വാര്‍ത്തകള്‍... വായിക്കുന്നത് പുഷ്കു

അങ്കമാലീലെ പ്രധാനമന്ത്രി മനമോഹനന്‍ പിള്ള മിണ്ടാതായത് നാലാം ക്ലാസില്‍ നാക്കുളുക്കി മല്‍സരത്തില്‍ പങ്കെടുത്തതിനാല്‍ ആണെന്ന് വിദഗ്ദ സംഘം കണ്ടെത്തി. "ധൃതരാഷ്ട്രാലിംഗനം" എന്ന വാക്കാണ്‌ അദ്ദേഹത്തെ കുടുക്കിലാക്കിയത് എന്ന് കണ്ടെത്തല്‍...... ഐക്യരാഷ്ട്ര സംഘടന അപലപിച്ചു.

കൊച്ചിയില്‍ കുപ്രസിദ്ധ കള്ളക്കടത്ത് സംഘം പിടിയില്‍. മറൈന്‍ ഡ്രൈവില്‍ തീപ്പെട്ടിപ്പടം കടത്തിയ സുനുക്കുട്ടന്‍, ഡിങ്കിരിമോന്‍, കൊച്ചുണ്ടാപ്രി എന്നിവരാണ് പിടിയിലായത്. രണ്ടു കുപ്പി ഷോഡായ്ക്ക് വേണ്ടി വാതു വച്ചു കളിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇവര്‍ നിഴല്‍ പോലീസിന്റെ പിടിയില്‍ പെട്ടത്. രണ്ടു കുത്ത് തീപ്പെട്ടിപ്പടം പോലീസ്‌ കണ്ടെടുത്തു. പ്രമാദമായ കേസ് തെളിയിച്ച സി ഐ ഘടോല്‍ക്കചന് ഡി.ജി.പി ആയി സ്ഥാനക്കയറ്റം.

പച്ചിലയില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കി എന്നു പറഞ്ഞു നാട്ടുകാരെ പറ്റിച്ച രാമരിന്റെ മാമന്റെ മകന്‍ പരാമര്‍ ചകിരിച്ചോറില്‍ നിന്നും ഡീസല്‍ ഉണ്ടാക്കി എന്നു അവകാശപ്പെട്ടു രംഗത്ത്. ശാസ്ത്രജ്ഞരുടെ ഒരു വലിയ സംഘം തമിഴ്‌ നാട്ടിലേയ്ക്ക് പുറപ്പെട്ടു. ഇതിനെപ്പറ്റി പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ എട്ടു പേര്‍ പല വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു.

രാജ്യത്ത് കൊടുംപിരിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ വേരുകളെ കണ്ടെത്താന്‍ ഉതകുന്ന നവീന യന്ത്രവുമായി മലയാളി രംഗത്ത്. ആരെല്ലാം രാജ്യത്ത് അഴിമതി നടത്തുന്നുവോ അവരുടെ പേരുവിവരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന യന്ത്രം ആണ് മലയാളിയായ സുപ്രന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സംസ്കാരം വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു മൂന്നു മണിക്ക് പച്ചാളം പൊതുശ്മശാനത്തില്‍ വച്ച്.

'കൊണ്ടോട്ടി ചിക്കന്‍ ഫ്രൈ'യില്‍ നിന്നും വീണ്ടും പുഴുവിനെ കണ്ടെത്തി. ഇതെപ്പറ്റി അന്വേഷിച്ച മാധ്യമപ്രവര്ത്തകനോട് അത് ഒരു പുതിയ ഫ്ലേവര്‍ ആണെന്ന് 'കൊണ്ടോട്ടി ചിക്കന്‍ ഫ്രൈ' ഉടമ സാമ്പ്രാണി മാധവന്‍ അറിയിച്ചു. പുഴുവില്‍ ശരീര പുഷ്ടിക്ക് ആവശ്യമായ ഇരുനൂറ്റി എട്ടു വൈറ്റമിനുകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ വാദത്തെ ശരി വച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ 'കൊണ്ടോട്ടി ചിക്കന്‍ ഫ്രൈ' കടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ക്ക് പരിക്ക് പറ്റി.

കോക്കിസ്ഥാന്‍ വീട്ടിലെകുട്ടികള്‍ വീണ്ടും വേലിയുടെ അപ്പുറത്ത് നിന്നും നമ്മുടെ വീടിന്റെ ഓടിന്റെ മുകളിലേക്ക് കല്ലെറിഞ്ഞു. മൂന്നു കിലോ ഭാരം വരുന്ന കല്ല്‌ കൊണ്ട് ഏതാനും ചില്ലോടുകള്‍ തകര്‍ക്കപ്പെട്ടു. ഈ കാരണത്താല്‍ ഇനി കോക്കിസ്ഥാനിലേക്ക് 'കുട്ടിയും കോലും' കളിക്കാന്‍ കുട്ടികളെ അയക്കില്ലെന്നു കുടുംബത്തിലെ കാരണവര്‍ ഉത്തരവിട്ടു. കോക്കിസ്ഥാനു നേരെ നോക്കി അദ്ദേഹം കൊക്കിരി കാണിക്കുകയും ചെയ്തു.

കാലിഫോര്‍ണിയായില്‍ ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഭാരതസിനിമാലോകത്തിനു ചരിത്രമുഹൂര്‍ത്തം.ഒന്നൊഴിയാതെ എല്ലാ അവാര്‍ഡുകളും ദിന്കേഷ് മുണ്ടിട്ടിന്റെ "കിഷ്കുവും ഡിങ്കനും" എന്ന ചിത്രം കരസ്ഥമാക്കി. ദിന്കേഷ് മുണ്ടിട്ടിന്റെ ജീവിതം ആസ്പദമാക്കി താന്‍ ഉടനടി ഒരു ചലച്ചിത്രം നിര്‍മ്മിക്കുമെന്ന് സുപ്രസിദ്ധ സിനിമാ സംവിധായകന്‍ വിജയന്‍ അറിയിച്ചു.

2014 ലോകകപ്പ്‌ ഫുട്ബോള്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് പ്രവേശനം ലഭിച്ചു. ഗാലറിയില്‍ ഇരുന്നു എല്ലാ കളികളും കാണാനുള്ള ടിക്കറ്റുകളാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ലഭിച്ചിട്ടുള്ളത്. ഈ അവസരം പരമാവധി മുതലാക്കുമെന്നു കോച്ച് അറിയിച്ചു.

പ്രധാനവാര്‍ത്തകള്‍ സമാപിച്ചു. അടുത്ത പ്രധാനവാര്‍ത്തകള്‍ എനിക്ക് തോന്നുമ്പോ വായിക്കും.

2 comments:

  1. എനിക്കും വെറുതെ അപലപിക്കാന്‍ തോന്നുന്നു..
    അല്ലെങ്കില്‍ ഒന്ന് അലപല ആക്കാനെങ്കിലും .

    ReplyDelete
  2. ഹ ഹ കലക്കി ഒരിയോനെ

    ReplyDelete

----------------------------------------

----------------------------------------
---------------------------------------------