കേരളത്തിലെ റോഡുകളില്‍ കാണപ്പെടുന്ന കുഴിയെന്ന അപൂര്‍വ്വ പ്രതിഭാസത്തെ നാമെല്ലാം അടുത്തറിഞ്ഞിട്ടുള്ളതാണല്ലോ. എന്നിരുന്നാലും അവയില്‍ പോയി വീഴുന്നതും പൊതുമരാമത്ത് വകുപ്പിന്റെ തള്ളയ്ക്കും മുത്തിയ്ക്കും വിളിക്കുന്നതല്ലാതെ അവയുടെ ശാസ്ത്രീയ വശങ്ങളെ പറ്റി പഠിയ്ക്കാന്‍ കേരളത്തില്‍ നിന്നും ഇത് വരെ ആരും ഉണ്ടായിട്ടില്ല. ആ കുറവ് പരിഹരിച്ചു കൊണ്ട് ഓറിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപാരഗംഭീര സയന്‍സസ് (OIAGS) യൂനിവേര്‍സിറ്റിയിലെ മിടുക്കരായ ഏതാനും ഗവേഷകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ റോഡുകളിലെ കുഴികളെ ആഴത്തില്‍ ഇറങ്ങി മുങ്ങി പണ്ടാരടങ്ങി പഠിച്ച് അവര്‍ റിപ്പോര്‍ട്ട് ഗവണ്മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. മുഴുവന്‍ റിപ്പോര്‍ട്ടും ഇവിടെ കുറിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പല തരത്തിലുള്ള പ്രധാനപ്പെട്ട തരം കുഴികളുടെ പേരുകളും പ്രത്യേകതകളും നിങ്ങളുടെ അറിവിനായി കുരിയ്ക്കുകയാണ്. അവ ഇപ്രകാരമാണ്:
1) പരിപ്പുകലക്കി
ഏകദേശം മൂന്ന്‍ ഇഞ്ച് മുതല്‍ ആറു ഇഞ്ച് വരെ ആഴത്തില്‍ റോഡിന്റെ പലയിടങ്ങളിലായി, പല വ്യാസങ്ങളില്‍ കാണപ്പെടുന്ന ഇവ മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടന്നാല്‍ അത്യന്തം വേദനാജനകങ്ങളായ വീഴ്ചകള്‍ വാഹനയാത്രക്കാര്‍ക്ക് പ്രദാനം ചെയ്യുന്നു. വാഹനയാത്രയ്ക്കിടയില്‍ സൂക്ഷിച്ചില്ലെങ്കില്‍ നടുവിന്റെ കേന്ദ്രമന്ത്രാലയം വരെ തകര്‍ക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ബൈക്ക് യാത്രക്കാരുടെ പ്രത്യുല്പ്പാദന ശേഷി വരെ നശിപ്പിക്കാന്‍ കഴിവുള്ളതിനാലാണ് 'പരിപ്പുകലക്കി'യ്ക്ക് അങ്ങനെ ഒരു പേര് വന്നത്.
2) റോഡുസുനാമി
സുനാമി വന്ന് കടല്‍ത്തീരം എടുത്തു കൊണ്ട് പോവുന്നത് പോലെ ടാര്‍ ചെയ്ത (അങ്ങനെ ഒന്ന് റോഡു പണിയുമ്പോള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍) റോഡിന്റെ വശങ്ങള്‍ പൊളിഞ്ഞു പൊളിഞ്ഞ് പോവുന്നതാണ് ഇത്തരം ഗട്ടറുകളുടെ രീതി. ഇടതു വശം ചേര്‍ന്ന് പോവുന്ന വാഹനങ്ങളാണ് ഇവയില്‍ വീഴാന്‍ സാധ്യതയുള്ളത്. ചില ഉയര്‍ന്ന റോഡുകളില്‍ ഇവ 'ആത്മഹത്യാമുനമ്പ്' പോലെ ഇരിക്കുന്നതിനാല്‍ അവയൊക്കെ ടൂറിസ്റ്റ് സ്ഥലങ്ങളാക്കി മാറ്റാന്‍ ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്.
3) ഉരുളക്കിഴങ്ങന്‍
ഏകദേശം ഒരിഞ്ച്, രണ്ടിഞ്ചു ആഴത്തില്‍ പല വ്യാസങ്ങളില്‍ കാണപ്പെടുന്ന ഇവ രൂപപ്പെടുന്നത് മുകളിലെ നേര്‍ത്ത മെറ്റല്‍, ടാര്‍ മിശ്രിതം പൊളിഞ്ഞു പോയി അടിയിലുള്ള വലിയ ഉരുളന്‍ കല്ലുകള്‍ വെളിയില്‍ കാണുമ്പോഴാണ്. വര്‍ഷങ്ങളോളം അതെ രീതിയില്‍ ഉപെഷിക്കപ്പെടുമ്പോള്‍ ഈ കല്ലുകള്‍ കൂടുതല്‍ ഉരുണ്ടു ഭംഗിയേറിയവയായിത്തീരുന്നു. കാഴ്ചയ്ക്ക് വളരെ മനോഹരവും ആലങ്കാരികവുമായ ഇവ സംസ്ഥാനത്തിന് തന്നെ അഭിമാനകരം ആയതു കൊണ്ട് ഇത്തരം കുഴികള്‍ കുറഞ്ഞ പക്ഷം ഒരു നാടന്‍ കലാരൂപം ആയെങ്കിലും കണക്കാക്കണം എന്ന് ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
4) ശെയ്ത്താന്‍ പരവതാനി
നീണ്ടു പരന്നു റോഡിനോളം തന്നെ വലിപ്പത്തില്‍ ഇവ കാണപ്പെടുന്നു. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത 'റോഡേത്, കുഴിയേത്' എന്നുള്ള യാത്രക്കാരന്റെ കണ്ഫ്യൂഷന്‍ ആണ്. കുറച്ചു കല്ലുകള്‍ അവിടവിടെ ചിതറിക്കിടന്ന്‍ യാത്രാവേഗം പരമാവധി കുറയ്ക്കുന്ന ഈ ഗട്ടറുകളെ 'കുടുകുടുക്കി' എന്നും വിളിക്കുന്നു. മറ്റുള്ള ചില കുഴികളുടെയത്ര ഉപദ്രവകാരിയല്ലെങ്കിലും ഉരുണ്ടുവീഴ്ചയ്ക്ക് ബെസ്ടാണ് കക്ഷി. അതിവേഗം ബഹുദൂരം പോകാനുള്ള പ്ലാനുന്ടെന്കില്‍ ഈ മഹാപാപിയെ ഒഴിവാക്കുന്നതാണ് നല്ലത്. നല്ല 'Work of eight milk water-ല്‍' കിട്ടും.
5) മിന്നല്‍
ഇടിമിന്നലിന്റെ രൂപത്തില്‍ റോഡുകളില്‍ കാണപ്പെടുന്ന വിള്ളലുകളാണിവ. പ്രത്യേകിച്ച് ശല്യങ്ങളോന്നുമുണ്ടാക്കാന്‍ ജൂനിയര്‍ മിന്നളുകള്‍ക്ക് കെല്പ്പില്ലെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ ഇരുചക്രവാഹനക്കാര്‍ക്ക് ബാലന്‍സ് കളയാന്‍ ഈ മഹാന്‍ ധാരാളം മതി.
6) തമോഗര്‍ത്തന്‍
പേര് സൂചിപ്പിക്കുന്നത് പോലെ കൊടും ഭീകരനാണിവന്‍. കുഴികളില്‍ ഏറ്റവും അപകടകാരി. എന്തിനെയും വിഴുങ്ങാന്‍ കെല്‍പ്പുള്ള ഘടാഘടികന്‍! ആഴത്തിന്റെ കാര്യത്തില്‍ പസഫിക് സമുദ്രം വരെ തോറ്റു പോയേക്കാം. ഉള്ളില്‍ ചിലപ്പോള്‍ അടിയിലൂടെ ഒഴുകുന്ന ഓടയാവാം, കേബിള്‍കൂട്ടമാവാം എണ്ണക്കിണര്‍ പോലുമാവാം. ഇവന്റെ ഏഴയലത്ത് പോവാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ഇവന്റെ ഒരേയൊരു ഗുണം നാട്ടുകാര്‍ ടിയാന്റെ സ്ഥാനം സൂചിപ്പിക്കാനായി ചെടികളും മറ്റും നടുന്നത്തിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള ഏതോ ഒരു കുഴിയിലൂടെയാവണം പാതാളത്തില്‍ നിന്ന് ഓണക്കാലത്ത് മഹാബലി നാട്ടിലേയ്ക്ക് എത്തുന്നത് എന്ന് അമേരിക്കന്‍ റോക്കറ്റ് വിടീല് കേന്ദ്രമായ ദാസ (DASA) അഭിപ്രായപ്പെട്ടു.
ഇവയെല്ലാമാണ് റോഡു കുഴികളിലെ പ്രധാനികളായി ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എങ്കില്‍ തന്നെയും ദിവസംപ്രതി പുതിയ പുതിയ തരം കുഴികള്‍ കണ്ടുപിടിക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നു. കേരളത്തിലെ റോഡുകളിലെ കുഴികളെപ്പറ്റി പഠിക്കാനായി പുതിയ ഒരു ശാസ്ത്രശാഖ തന്നെ തുടങ്ങുന്നതിനായുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു യൂണിവേര്‍സിറ്റി തന്നെ തുടങ്ങാനുള്ള ഒരു സാധ്യതയും തള്ളിക്കളയാവുന്നതല്ല.