ടിവി ഒരു ആടംഭരവും അത്ഭുതവും നിറഞ്ഞ ഒരു ഘടാകടികത്വം ആയിരുന്ന നാളുകളില്‍ കുട്ടിക്കാലം ചെലവഴിച്ച ഒരാളാണ് ഞാന്‍. സ്കൂള്‍ ഇല്ലാത്ത ഞായര്‍ ദിവസമെന്നു വച്ചാല്‍ രാവിലത്തെ രാമായണം/മഹാഭാരതം/
ഒരിക്കല്‍, ഞങ്ങള്‍ സ്ഥിരമായി ടിവി കാണാന്‍ പോകുന്ന വീട്ടുകാര്‍ എങ്ങോട്ടോ മൂന്നു നാല് ആഴ്ച നീളുന്ന യാത്ര പോയി. ഞങ്ങളുടെ സിനിമാ/കാര്‍ട്ടൂണ്‍ കാണല്‍ മുടങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാലും മഹാഭാരതം കാണാതിരിക്കാന്‍ കഴിയുമോ? അര്‍ജുനനും കര്‍ണ്ണനുമൊക്കെ യുദ്ധം ചെയ്യുന്ന ഭാഗമാണ്. അങ്ങോട്ടും ഇങ്ങോട്ടും പല സൈസ് അമ്പുകളൊക്കെ ചീറിപ്പായും... ചിലത് തമ്മില്‍ ഇടിച്ചു നിലത്ത് വീഴും... ചിലപ്പോള്‍ ഇടിയും മിന്നലും മഴയുമൊക്കെ ഉണ്ടാവും. മിസ് ചെയ്യാന്‍ പറ്റില്ല. പടിഞ്ഞാറേ വീട്ടിലെ വല്യപ്പന്റെ വീട്ടില്‍ ടിവിയുണ്ട്. വല്യപ്പന്റെ മകള്‍ പാവം ഒരു ആന്റിയാണ്. തമ്മില്‍ കാണുമ്പോള്‍ എപ്പോഴും സംസാരിക്കും, മിട്ടായി വാങ്ങി തരും. വല്യപ്പന്‍ അങ്ങനെ ഒന്നുമല്ല. ഭയങ്കര ഗൌരവക്കാരനാണ്. അറുപിശുക്കനും. അതുകൊണ്ട് തന്നെ ആരും അങ്ങോട്ട് ടിവി കാണാന്‍ പോകാറില്ല. എന്തും വരട്ടെ എന്നു കരുതി അങ്ങോട്ട് വച്ച് പിടിപ്പിച്ചു. വാതില്‍ക്കല്‍ മുട്ടി. ആന്റി വന്നു വാതില്‍ തുറന്നു ചിരിച്ചു. പതിവില്ലാതെ എന്നെ വീട്ടുപടിക്കല്‍ കണ്ടതിന്റെ കൊതുകം മുഖത്ത്.
"എന്താ മോനെ? എന്താ രാവിലെ തന്നെ?"
"ഞാന്‍ ടിവി കാണാന്‍ വന്നതാ. മഹാഭാരതം. നല്ല യുദ്ധമൊക്കെയുണ്ട് ഈ ആഴ്ച. ടിവി കണ്ടോട്ടെ?"
"അതിനെന്താ... മോന്‍ വാ..."
ടിവി ഓണ്‍ ആക്കി തന്നിട്ട് ആന്റി അടുക്കളയിലേക്കു പോയി. ഇറച്ചി വേവിക്കുന്ന സുഗന്ധം മൂക്കില്‍... വല്യപ്പനെ അവിടെയെങ്ങും കാണാനില്ല. നന്നായി. പള്ളിയില്‍ കുര്‍ബാന കഴിഞ്ഞിട്ടുള്ള മറ്റു വല്യപ്പന്മാരുടെ ഒപ്പം കത്തിവെപ്പും മുറുക്കലും ഒക്കെ ആയിരിക്കും. സമാധാനം.
ഞാന്‍ നിലത്ത് ഇരുന്നു കാഴ്ച തുടങ്ങി. ടിവിയില്‍ അര്‍ജുനനും കര്‍ണ്ണനും ദുര്യോധനനുമൊക്കെ ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നു... ഭയങ്കര യുദ്ധം. മുഴുകിയിരുന്നു കാണുന്നതിനിടയില്‍ പിറകിലെ കാല്‍പ്പെരുമാറ്റം കേട്ടില്ല. എപ്പോഴോ കണ്ണൊന്നു മാറിയപ്പോള്‍ കണ്ടു, എന്റെ വലതു വശത്ത് വല്യപ്പന്‍ നില്‍ക്കുന്നു. എന്നെത്തന്നെ തുറിച്ചു നോക്കുകയാണ്. ഉരുകിപ്പോയി. എന്തെങ്കിലും പറയണോ വേണ്ടയോ എന്നൊക്കെ ആലോചിച്ചിരുന്നു. പിന്നെ പതുക്കെ വീണ്ടും ടിവിയിലേക്ക് ശ്രദ്ധ തിരിച്ചു. വല്യപ്പം നിന്നയിടത്ത് നിന്ന് അനങ്ങാതെ എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് കണ്ണിന്റെ കോണില്‍ക്കൂടി കാണാം. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ മിനിട്ട് അങ്ങനെ നിന്നതിനു ശേഷം ഒന്നും മിണ്ടാതെ വല്യപ്പന്‍ മുന്നിലേക്ക് വന്നു കൈ നീട്ടി ടിവി ഓഫാക്കി. ഞാന്‍ വല്ലാതായി. കണ്ണൊക്കെ നിറഞ്ഞു. വല്യപ്പന്‍ അനങ്ങാതെ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. ഒന്നും മിണ്ടാതെ കണ്ണ് ചിമ്മി എണീറ്റ് പുറത്തേക്കിറങ്ങി നടന്നു. മഹാഭാരതം കാണാന്‍ കഴിയാഞ്ഞതിലുള്ള സങ്കടം... പെട്ടെന്ന് ഉണ്ടായ പേടി... എല്ലാത്തിനും മുകളില്‍ കടുത്ത അപമാനം! പതിവിലും നേരത്തെ തിരിച്ചു വന്ന എന്നെ കണ്ടപ്പോഴും എന്റെ ഭാവവ്യത്യാസം കണ്ടപ്പോഴും എന്റെ വീട്ടുകാര്‍ സംഗതിയുടെ കിടപ്പ് ഊഹിച്ചു.
അങ്ങനെയാണ് മറ്റുള്ള വീടുകളില്‍ പോയുള്ള ടിവി കാഴ്ച ഞാന്‍ നിര്‍ത്തിയത്. വീണ്ടും ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞു ഒരു പതിനാല് ഇഞ്ചിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി വീട്ടില്‍ വാങ്ങുന്നത് വരെ ടിവി കണ്ടിരുന്നില്ല. ഇന്ന് എന്ത് കാരണം കൊണ്ടാണോ എന്തോ, പഴയ ഈ സംഭവം ഓര്‍മ്മ വന്നു. ബ്രഷ് എടുത്തു ആ സീന്‍ വരച്ചു. അന്നുണ്ടായ ആ അപമാനം ഇപ്പോഴും ഉള്ളില്‍ എവിടെയോ ഇരുന്നു കുത്തുന്നുണ്ട്...
No comments:
Post a Comment