Monday, 29 July 2013

സൂപ്പ്‌ കുടി

ഒരിടത്ത് ഒരിടത്ത് ഒരിടത്ത് 
ദൈവോം ജാതീം മതോം 
തൊലീടെ നെറോം കൂടി 
പാവം മനുഷ്യമ്മാരെ 
സൂപ്പ് വച്ചു കുടിച്ചു.
ബാക്കി വന്ന 
എല്ലിന്‍ കഷണോം മുടീം കൊണ്ട് 
വളമുണ്ടാക്കി തെങ്ങിന്‍ തടത്തിലിട്ടു. 
ആ തെങ്ങു കരിഞ്ഞു.
ആ മണ്ണില്‍ പിന്നൊന്നും വളര്‍ന്നില്ല.

Saturday, 27 July 2013

റോഡുകുഴിശാസ്ത്രം: ഒരു അതിനൂതന കൊസറക്കൊള്ളി

കേരളത്തിലെ റോഡുകളില്‍ കാണപ്പെടുന്ന കുഴിയെന്ന അപൂര്‍വ്വ പ്രതിഭാസത്തെ നാമെല്ലാം അടുത്തറിഞ്ഞിട്ടുള്ളതാണല്ലോ. എന്നിരുന്നാലും അവയില്‍ പോയി വീഴുന്നതും പൊതുമരാമത്ത് വകുപ്പിന്റെ തള്ളയ്ക്കും മുത്തിയ്ക്കും വിളിക്കുന്നതല്ലാതെ അവയുടെ ശാസ്ത്രീയ വശങ്ങളെ പറ്റി പഠിയ്ക്കാന്‍ കേരളത്തില്‍ നിന്നും ഇത് വരെ ആരും ഉണ്ടായിട്ടില്ല. ആ കുറവ് പരിഹരിച്ചു കൊണ്ട് ഓറിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപാരഗംഭീര സയന്‍സസ്‌ (OIAGS) യൂനിവേര്‍സിറ്റിയിലെ മിടുക്കരായ ഏതാനും ഗവേഷകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ റോഡുകളിലെ കുഴികളെ ആഴത്തില്‍ ഇറങ്ങി മുങ്ങി പണ്ടാരടങ്ങി പഠിച്ച് അവര്‍ റിപ്പോര്‍ട്ട് ഗവണ്മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. മുഴുവന്‍ റിപ്പോര്‍ട്ടും ഇവിടെ കുറിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പല തരത്തിലുള്ള പ്രധാനപ്പെട്ട തരം കുഴികളുടെ പേരുകളും പ്രത്യേകതകളും നിങ്ങളുടെ അറിവിനായി കുരിയ്ക്കുകയാണ്. അവ ഇപ്രകാരമാണ്:

1) പരിപ്പുകലക്കി
ഏകദേശം മൂന്ന്‍ ഇഞ്ച് മുതല്‍ ആറു ഇഞ്ച് വരെ ആഴത്തില്‍ റോഡിന്റെ പലയിടങ്ങളിലായി, പല വ്യാസങ്ങളില്‍ കാണപ്പെടുന്ന ഇവ മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടന്നാല്‍ അത്യന്തം വേദനാജനകങ്ങളായ വീഴ്ചകള്‍ വാഹനയാത്രക്കാര്‍ക്ക് പ്രദാനം ചെയ്യുന്നു. വാഹനയാത്രയ്ക്കിടയില്‍ സൂക്ഷിച്ചില്ലെങ്കില്‍ നടുവിന്റെ കേന്ദ്രമന്ത്രാലയം വരെ തകര്‍ക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ബൈക്ക്‌ യാത്രക്കാരുടെ പ്രത്യുല്പ്പാദന ശേഷി വരെ നശിപ്പിക്കാന്‍ കഴിവുള്ളതിനാലാണ് 'പരിപ്പുകലക്കി'യ്ക്ക് അങ്ങനെ ഒരു പേര് വന്നത്.

2) റോഡുസുനാമി
സുനാമി വന്ന് കടല്‍ത്തീരം എടുത്തു കൊണ്ട് പോവുന്നത് പോലെ ടാര്‍ ചെയ്ത (അങ്ങനെ ഒന്ന് റോഡു പണിയുമ്പോള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍) റോഡിന്റെ വശങ്ങള്‍ പൊളിഞ്ഞു പൊളിഞ്ഞ് പോവുന്നതാണ് ഇത്തരം ഗട്ടറുകളുടെ രീതി. ഇടതു വശം ചേര്‍ന്ന് പോവുന്ന വാഹനങ്ങളാണ് ഇവയില്‍ വീഴാന്‍ സാധ്യതയുള്ളത്. ചില ഉയര്‍ന്ന റോഡുകളില്‍ ഇവ 'ആത്മഹത്യാമുനമ്പ്' പോലെ ഇരിക്കുന്നതിനാല്‍  അവയൊക്കെ ടൂറിസ്റ്റ്‌ സ്ഥലങ്ങളാക്കി മാറ്റാന്‍ ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്.

3) ഉരുളക്കിഴങ്ങന്‍
ഏകദേശം ഒരിഞ്ച്, രണ്ടിഞ്ചു ആഴത്തില്‍ പല വ്യാസങ്ങളില്‍ കാണപ്പെടുന്ന ഇവ രൂപപ്പെടുന്നത് മുകളിലെ നേര്‍ത്ത മെറ്റല്‍, ടാര്‍ മിശ്രിതം പൊളിഞ്ഞു പോയി അടിയിലുള്ള വലിയ ഉരുളന്‍ കല്ലുകള്‍ വെളിയില്‍ കാണുമ്പോഴാണ്. വര്‍ഷങ്ങളോളം അതെ രീതിയില്‍ ഉപെഷിക്കപ്പെടുമ്പോള്‍ ഈ കല്ലുകള്‍ കൂടുതല്‍ ഉരുണ്ടു ഭംഗിയേറിയവയായിത്തീരുന്നു. കാഴ്ചയ്ക്ക് വളരെ മനോഹരവും ആലങ്കാരികവുമായ ഇവ സംസ്ഥാനത്തിന് തന്നെ അഭിമാനകരം ആയതു കൊണ്ട് ഇത്തരം കുഴികള്‍ കുറഞ്ഞ പക്ഷം ഒരു നാടന്‍ കലാരൂപം ആയെങ്കിലും കണക്കാക്കണം എന്ന് ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

4) ശെയ്ത്താന്‍ പരവതാനി
നീണ്ടു പരന്നു റോഡിനോളം തന്നെ വലിപ്പത്തില്‍ ഇവ കാണപ്പെടുന്നു. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത 'റോഡേത്, കുഴിയേത്' എന്നുള്ള യാത്രക്കാരന്റെ കണ്ഫ്യൂഷന്‍ ആണ്. കുറച്ചു കല്ലുകള്‍ അവിടവിടെ ചിതറിക്കിടന്ന്‍ യാത്രാവേഗം പരമാവധി കുറയ്ക്കുന്ന ഈ ഗട്ടറുകളെ 'കുടുകുടുക്കി' എന്നും വിളിക്കുന്നു. മറ്റുള്ള ചില കുഴികളുടെയത്ര ഉപദ്രവകാരിയല്ലെങ്കിലും ഉരുണ്ടുവീഴ്ചയ്ക്ക് ബെസ്ടാണ് കക്ഷി. അതിവേഗം ബഹുദൂരം പോകാനുള്ള പ്ലാനുന്ടെന്കില്‍ ഈ മഹാപാപിയെ ഒഴിവാക്കുന്നതാണ് നല്ലത്. നല്ല 'Work of eight milk water-ല്‍' കിട്ടും.

5) മിന്നല്‍
ഇടിമിന്നലിന്റെ രൂപത്തില്‍ റോഡുകളില്‍ കാണപ്പെടുന്ന വിള്ളലുകളാണിവ. പ്രത്യേകിച്ച് ശല്യങ്ങളോന്നുമുണ്ടാക്കാന്‍ ജൂനിയര്‍ മിന്നളുകള്‍ക്ക് കെല്പ്പില്ലെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ ഇരുചക്രവാഹനക്കാര്‍ക്ക് ബാലന്‍സ് കളയാന്‍ ഈ മഹാന്‍ ധാരാളം മതി.

6) തമോഗര്‍ത്തന്‍
പേര് സൂചിപ്പിക്കുന്നത് പോലെ കൊടും ഭീകരനാണിവന്‍. കുഴികളില്‍ ഏറ്റവും അപകടകാരി. എന്തിനെയും വിഴുങ്ങാന്‍ കെല്‍പ്പുള്ള ഘടാഘടികന്‍! ആഴത്തിന്റെ കാര്യത്തില്‍ പസഫിക്‌ സമുദ്രം വരെ തോറ്റു പോയേക്കാം. ഉള്ളില്‍ ചിലപ്പോള്‍ അടിയിലൂടെ ഒഴുകുന്ന ഓടയാവാം, കേബിള്‍കൂട്ടമാവാം എണ്ണക്കിണര്‍ പോലുമാവാം. ഇവന്റെ ഏഴയലത്ത് പോവാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ഇവന്റെ ഒരേയൊരു ഗുണം നാട്ടുകാര്‍ ടിയാന്റെ സ്ഥാനം സൂചിപ്പിക്കാനായി ചെടികളും മറ്റും നടുന്നത്തിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള ഏതോ ഒരു കുഴിയിലൂടെയാവണം പാതാളത്തില്‍ നിന്ന് ഓണക്കാലത്ത് മഹാബലി നാട്ടിലേയ്ക്ക് എത്തുന്നത് എന്ന് അമേരിക്കന്‍ റോക്കറ്റ് വിടീല് കേന്ദ്രമായ ദാസ (DASA) അഭിപ്രായപ്പെട്ടു.

ഇവയെല്ലാമാണ് റോഡു കുഴികളിലെ പ്രധാനികളായി ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എങ്കില്‍ തന്നെയും ദിവസംപ്രതി പുതിയ പുതിയ തരം കുഴികള്‍ കണ്ടുപിടിക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നു. കേരളത്തിലെ റോഡുകളിലെ കുഴികളെപ്പറ്റി പഠിക്കാനായി പുതിയ ഒരു ശാസ്ത്രശാഖ തന്നെ തുടങ്ങുന്നതിനായുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു യൂണിവേര്‍സിറ്റി തന്നെ തുടങ്ങാനുള്ള ഒരു സാധ്യതയും തള്ളിക്കളയാവുന്നതല്ല.

Wednesday, 10 July 2013

കരുണാമയന്‍

ദൈവങ്ങള്‍ 
സ്വര്ഗ്ഗത്തിലിരുന്നു
ചതുരംഗം കളിച്ചു.

ഭൂമിയില്‍
അവരുടെ
കാലാളും തേരും
കുതിരയും ആനയും
തമ്മില്‍ വെട്ടി ചത്തു.

Thursday, 4 July 2013

അവരും നമ്മളും

അവര്‍...
പ്രാക്ടിക്കലായി ജീവിച്ച്
കരിയിലകളുടെ വിലയില്ലാത്ത 
കടലാസുകഷണങ്ങള്‍ 
പെറുക്കിയടുക്കി 
ജീര്‍ണ്ണതകളിലേയ്ക്ക് പോകും.

നമ്മള്‍...
ജീവിതകാലം മുഴുവന്‍
പ്രണയിച്ചുവെന്നോര്‍ത്ത്
മരണത്തിലും 
പുഞ്ചിരിയോടെ ജീവിക്കും.

Friday, 28 June 2013

ചാറ്റ് വിന്‍ഡോ

ഞാനും നീയും 
ഈ ഇത്തിരി 
ദീര്‍ഖ ചതുരത്തില്‍ 
മിന്നിക്കൊണ്ടിരിക്കുന്ന
ഓരോ വരകളാണ്.
ഉടലുകളും നിറങ്ങളും
വലിപ്പചെറുപ്പങ്ങളുമിലാത്ത
ചെറു വരകള്‍.
ഒരുമിച്ചു മിന്നുന്ന,
മിണ്ടാതെ പറയുന്ന
ചെറു വരകള്‍.

Tuesday, 25 June 2013

ഒരിടത്ത്

ഒരിടത്ത് ഒരിടത്ത് ഒരിടത്ത്
ഒരു രാജ്യവും ഉണ്ടായിരുന്നില്ല,
അവിടെ രാജകുമാരിയും ഉണ്ടായിരുന്നില്ല,
അവളെ കെട്ടാന്‍ രാജകുമാരനും ഉണ്ടായിരുന്നില്ല,
അവര്‍ക്ക് കഥയും ഉണ്ടായിരുന്നില്ല.
തീര്‍ന്നു.

Monday, 24 June 2013

രണ്ടു വയറും ഒരു ഊണും

ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിക്കുന്ന സമയം. ഒപ്പം പഠിക്കുന്ന ഒരു കുട്ടിയുടെ ചേച്ചിയ്ക്ക് കല്യാണം. ചുമ്മാ പേരിന് ക്ലാസിലെ എല്ലാവരെയും അങ്ങ് ക്ഷണിച്ചു. തെണ്ടിത്തിരിയല്‍ ഹരമാക്കിയ രണ്ടു പേര്‍- ഞാനും അനന്തനും കൂട്ടത്തില്‍ ഉണ്ടായ കാര്യം പാവം അങ്ങ് വിട്ടു പോയി. ലവലേശം നാണക്കേടില്ലാത്ത ഇനമായത് കൊണ്ട് നേരെ തലശ്ശേരിയ്ക്ക് വച്ചു പിടിച്ചു. അവിടെ വച്ചായിരുന്നു കല്യാണം. മൂന്നു നാല് ദിവസം കറങ്ങി തിരിയണം. വടക്കോട്ട്‌ അധികം പോയിട്ടില്ല. ഈ കൂട്ടത്തില്‍ അതും നടന്നോട്ടെ...

എന്റെ കയ്യില്‍ ഇരുനൂറ്റിഅമ്പതു രൂപ. അനന്തന്റെ കയ്യില്‍ ഇരുനൂറ്റി എഴുപത്തഞ്ച്. (അന്ന് അത്രയേ ഉണ്ടായിരുന്നുള്ളൂ). ആദ്യ സ്റ്റോപ്പ്‌ കോഴിക്കോടുള്ള ചങ്ങാതീടെ വീട്ടില്‍.... (ഭക്ഷണം, താമസം, കറക്കം ഫ്രീ) രാവിലെ തന്നെ എണീറ്റ്‌ കുളിച്ചു കുറീം തൊട്ടു കല്യാണം കൂടാന്‍ പോയി. വമ്പന്‍ കല്യാണമണ്ഡപം, പൂത്ത കാശുകാര്‍ ചുറ്റും. വേണമായിരുന്നോ എന്ന് തോന്നാതിരുന്നില്ല. എന്നാലും വന്നതല്ലേ... കേറിയൊന്ന് സദ്യയൊക്കെ തട്ടി പോയ്ക്കളയാമെന്നുറച്ചു ഹാളിലേയ്ക്ക് കേറുമ്പോള്‍ ദാ വരുന്നു നമ്മുടെ സ്വന്തം ആതിഥേയ. 
"ഹലോ... ഞങ്ങള്‍ വന്നൂട്ടോ...!" 
എന്നും പറഞ്ഞ് അടുത്തേയ്ക്ക് ചെന്നതും ചെകുത്താന്റെ മോള് തിരിഞ്ഞ് ഒറ്റയോട്ടം. ഞങ്ങള്‍ രണ്ടു പേരും ചമ്മി പാളീസായി പണ്ടാറടങ്ങി. ഏറണാകുളത്ത് നിന്ന് അത്രേം ദൂരം ഞങ്ങള്‍ കെട്ടിയെടുക്കും എന്ന് സ്വപ്നേപി വിചാരിച്ചില്ല പുണ്യവതി. എന്തായാലും വല്യ സംഭവമൊന്നും ഇല്ല. സദ്യയും കഴിച്ചു എമ്പക്കോം വിട്ടു കല്യാണം കൂടാന്‍ വന്ന കണ്ണൂര്‍ക്കാരന്റെ വീട്ടിലേയ്ക്ക്. അന്നും ഭക്ഷണം, താമസം, കറക്കം ഫ്രീ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടയ്ക്ക് വാങ്ങുന്ന നാരങ്ങാവെള്ളം, സിഗരറ്റു ചെലവുകള്‍ക്ക്‌ മാത്രം കയ്യില്‍ നിന്ന് കുറേശ്ശെ പൈസ പോയി.

പറഞ്ഞു വരുന്നത് കണ്ണൂര് നിന്ന് തിരിച്ചു വരുന്ന കാര്യമാണ്... തലശ്ശേരിയില്‍ ഞങ്ങളുടെ ഒരു സീനിയര്‍ ഉണ്ട്. മഹാനായ ബ്രിജേഷ് ചേട്ടന്‍.,,, വടക്കുള്ള എല്ലാര്‍ക്കും "പ്ലഗ്" കൊടുത്ത സ്ഥിതിയ്ക്ക് അദ്ദേഹത്തിനു കൂടി കൊടുത്തു കളയാം. കല്യാണമണ്ഡപത്തില്‍ വച്ച് കണ്ടപ്പോള്‍ "ഡാ.. വീട്ടില്‍ വന്നിട്ട് പോണം കേട്ടോ..." എന്ന് അങ്ങേരു പറഞ്ഞതുമാണ്. 
"ആഹാ! ഞങ്ങളെ ക്ഷണിച്ചോ! എപ്പോ വന്നൂന്ന്കി ചോദിച്ചാല്‍ മതി"
കെടക്കട്ടെ അയാള്‍ക്കും ഒരു കുതിരപ്പവന്‍..,,, "ചലോ തലശ്ശേരി !"

ഇതിനിടയില്‍ കയ്യില്‍ ഉണ്ടായിരുന്ന പൈസാ കുറേശ്ശെ തീര്‍ന്നു തുടങ്ങി. തിരിച്ചുള്ള വണ്ടിക്കൂലി എത്രയെന്നു ഉറപ്പില്ലാത്ത്തത് കൊണ്ടും, സ്വന്തം കീശയില്‍ വലിയ വിശ്വാസം ഇല്ലാതിരുന്നത് കുണ്ടും ഇടയ്ക്കുള്ള നാരങ്ങാവെള്ളം കുടി, സിഗരറ്റു വലി, ഇടയ്ക്കുള്ള ചായ കുടി ഒക്കെ അങ്ങ് നിര്‍ത്തി. ഉച്ച സമയം ആയപ്പോഴാണ് ബ്രിജേഷ് ചേട്ടന്റെ വീടിന്റെ പരിസരത്ത്ന്ന് എത്തുന്നത്. കീശയില്‍ അധികമൊന്നും ഇല്ല. രാവിലെ തന്നെ കറങ്ങാന്‍ ഇറങ്ങിയത്‌ കൊണ്ട് പ്രാതല്‍ കഴിക്കാനൊട്ട് ഒത്തതുമില്ല. വയറ്റില്‍ ഉരുള്‍ പൊട്ടല്‍, ചീറ്റല്‍, കലാപകോലാഹലം! 
"ഡും ഡും പീ പീ കേള്‍ക്കുന്നെടാ വയറ്റീന്നു..." അനന്തന്‍ ഞരങ്ങി.
"മോനെ... ഇവിടെ നല്ല ബിരിയാണി ഒക്കെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. കേട്ടിട്ടില്ലേ തലശ്ശേരി ബിരിയാണി എന്നൊക്കെ? മനം വരുമ്പോ മൂക്കില്‍ വലിച്ചു കേറ്റിക്കോ.... പുറത്ത് വിടണ്ട."-ഞാന്‍

വയറ്റില്‍ 'ഗുളുഗുളു' ഒക്കെയായിട്ടു ബ്രിജേഷ് ചേട്ടന്റെ വീട്ടില്‍ ചെന്ന് കയറി കോളിംഗ് ബെല്‍ അടിച്ചു. ചേട്ടന്റെ അമ്മ വന്നു വാതില്‍ക്കല്‍. 
ആ ദ്രോഹി അവിടെ ഇല്ല. എപ്പോഴാണ് എത്തുന്നത് എന്ന് അറിയില്ല എന്ന് മറുപടി. അമ്മയും ബ്രിജേഷ് ചേട്ടന്റെ പെങ്ങളും മാത്രമേ ഉള്ളൂ.
"മക്കള് ഊണ് കഴിച്ചോ? വാ.. ഊണെടുക്കാം" എന്ന് അമ്മ.
"പോയി കഴിക്കെടാ തെണ്ടീ!" എന്ന് ദുഷ്ടനായ വയര്‍.... അവനു നാണക്കേട്‌ ഒന്നുമില്ലല്ലോ.
അത്രനാള്‍ ഇല്ലാത്ത ഒരു പുതു അനുഭവം അപ്പോള്‍. 
ഈ ചമ്മലേയ്... ലവന്‍ തന്നെ.
രണ്ടു സെക്കണ്ട് മുഖത്തോടുമുഖം നോക്കിയതിനു ശേഷം അനന്തന്റെ മറുപടി.
"വേണ്ടമ്മേ.. ഞങ്ങള്‍ 'ബരുന്ന ബായ്ക്ക് കൂട്ചതാ'!"
"ങ്ങീ... ങ്ങീ... നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ!" രണ്ടു ആമാശയങ്ങള്‍ പിണങ്ങി.
"ഞങ്ങള്‍ കുറച്ചു കഴിഞ്ഞു വരാം" എന്ന് പറഞ്ഞിറങ്ങി.

തലശ്ശേരി കോട്ട അവിടെ അടുത്താണെന്ന് കേട്ടിരുന്നു. ഞങ്ങളുടെ പാദങ്ങള്‍ പതിയാത്തത്‌ കൊണ്ട് അവിടത്തെ പാറകള്‍ക്ക് മോക്ഷം കിട്ടാതിരിക്കണ്ട. നട്ടുച്ചയ്ക്ക് വച്ചു പിടിച്ചു, കോട്ട കാണാന്‍. കോട്ട കണ്ടു. ഗംഭീരം. അവിടെ ഒരു തുരങ്കം ഉണ്ടത്രേ. കിലോമീറ്ററുകള്‍ ദൂരമുള്ള ഒരു ഭയങ്കരസംഗതി. അതിലൊന്നും ശ്രദ്ധിക്കാനും ആസ്വദിക്കാനും വയറു സമ്മതിച്ചിട്ട് വേണ്ടേ? ഒരു രണ്ടു മണിക്കൂര്‍ കാറ്റും ആവശ്യത്തിനു വെയിലും കൊണ്ട് വയറിന്റെ തെറിയും കേട്ട് വീണ്ടും ബ്രിജേഷ് ചേട്ടന്റെ വീട്ടിലേയ്ക്ക്.

വീണ്ടും പഴയപടി കോളിംഗ് ബെല്‍ അമര്‍ത്തല്‍, അമ്മ വരല്‍, ബ്രിജേഷ് ഇല്ലല്ലോ എന്ന് പറയല്‍.,,, എല്ലാ പ്രതീക്ഷയും അസ്തമിച്ചു. ഈ അമ്മമാര്‍ക്ക് പക്ഷെ ഒരു ദിവ്യദൃഷ്ടിയുണ്ട്. വിശന്ന വയറു കണ്ടാല്‍ അവര്‍ക്ക് മനസ്സിലാവാനുള്ള എന്തോ കഴിവ് - ആറാമിന്ദ്രിയം എന്നൊക്കെ വേണമെങ്കില്‍ പറയാം. 
"നിങ്ങള്‍ എന്തായാലും വന്ന് ഇരിക്ക് ഭക്ഷണം കഴിച്ചു ഇരിക്കുംപോഴെയ്ക്ക് അവന്‍ ഇങ്ങെത്തും." അമ്മ പറയുന്നു.
"ഞങ്ങള്‍ നേരത്തെ കഴിച്ചതാല്ലോ..." എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കാന്‍ അമ്മ കൂട്ടാക്കിയില്ല. നിര്‍ബന്ധിച്ചു കഴിപ്പിച്ചു. 
'നേരത്തെ കഴിച്ച' അണ്ണന്മാര്‍ വാരിവലിച്ചു മൂന്നു പാത്രം ചോറ് ഉണ്ടു എന്ന് ചോദിക്കരുത്. അത് ഫൌള്‍....,,, ഈ ആക്രാന്ത്... ആക്രാന്ത്.. എന്ന് കേട്ടിട്ടില്ലേ? അതൊക്കെത്തന്നെ. 
അമ്മയ്ക്ക് കാര്യം അപ്പോത്തന്നെ പിടികിട്ടിക്കാണണം. ഊണ് കഴിച്ചു കഴിയുമ്പോഴേയ്ക്ക് ബ്രിജേഷ് ചേട്ടന്‍ വന്നു. അന്ന് കഴിച്ച മീന്‍കറിയുടെ സ്വാദ് അതിനു ശേഷം അങ്ങനെ എങ്ങുനിന്നും കിട്ടിയിട്ടില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല. അങ്ങനെ ഒരു മഹാതീറ്റയ്ക്ക് ശേഷം അന്ന് ബ്രിജേഷ് ചേട്ടന്റെ വീട്ടില്‍ താമസിച്ചു പിറ്റേന്ന് തിരിച്ചു ഏറണാകുളത്തിന്... 

ശേഷമുണ്ടായത് അതിലും വലിയ ദുരന്തം: 
കൃത്യം വണ്ടിക്കൂലി കഴിച്ച് അഞ്ചോ പത്തോ മാത്രം ബാക്കി നില്‍ക്കെ ഞങ്ങള്‍ രണ്ടും എറണാകുളത്തു ഇറങ്ങുന്നു. എന്തോ കാര്യത്തിനായി കയ്യിലെടുത്ത എന്റെ പെഴ്സിന്റെ ഉള്ളില്‍ നിന്നും പണ്ട് എപ്പോഴോ ഒളിച്ചുവച്ച നൂറു രൂപ (എനിക്ക് അങ്ങനെ ഒരു ശീലമുണ്ട്... പൈസ ഇല്ലാതെ വരുമ്പോള്‍ എടുക്കാനായി ഉള്ളപ്പോള്‍ എടുത്തു വയ്ക്കും... അത് മറന്നു പോവുകയും ചെയ്യും) വീഴുന്നു. അന്ന് അനന്തന്‍ എന്നെ വിളിച്ച തെറി എഴുതി വച്ചിരുന്നെങ്കില്‍ ഒരു "തെറി എന്‍സൈക്ലോപീഡിയ" ഉണ്ടാക്കാമായിരുന്നു.

പ്രിയപ്പെട്ട ബ്രിജേഷ് ചേട്ടാ, ഇങ്ങനൊരു സംഗതി നടന്ന കാര്യം നിങ്ങള്‍ ഇപ്പോഴാവും അറിയുന്നത്. എന്നാല്‍ ഇത് നടന്നതാണ്. അന്ന് അമ്മ വിളമ്പി തന്ന ഊണിന്റെ രുചി ഇപ്പോഴും ഞങ്ങളുടെ നാവുകളില്‍ ഉണ്ട്. ഇടയ്ക്ക് വളരെ സ്നേഹത്തോടെ ഓര്‍ക്കുകയും ചെയ്യാറുണ്ട്. ഒത്തിരി ഇഷ്ടത്തോടെ...

----------------------------------------

----------------------------------------
---------------------------------------------