Saturday, 4 May 2013

സാവകാശവാണി തൊഴിലവസര വാര്‍ത്തകള്‍

സാവകാശവാണി... തൊഴിലവസര വാര്‍ത്തകള്‍.
വായിക്കുന്നത് പുഷ്കു.

ഇംഗ്ലീഷ് ചാനലില്‍ ആങ്കര്‍ ആയി നാല് ഒഴിവ്.
ശമ്പളം പ്രതിമാസം ഇരുപതിനായിരം ബ്രിട്ടീഷ്‌ പൌണ്ട്. വിസ, താമസ സൗകര്യം, ഭക്ഷണം എന്നിവ കമ്പനി ലഭ്യമാക്കും. അത്യാടംഭര കപ്പലിലാണ് ജോലി. കപ്പിത്താന്‍ കാലില്‍ ചങ്ങല കെട്ടി കപ്പലില്‍ നിന്ന് കടലില്‍ തള്ളിയിടും. അടിത്തട്ടില്‍ പോയി വല്ല പാറയിലോ പവിഴപ്പുറ്റിലോ കെട്ടിപ്പിടിച്ചു കിടക്കുന്നതാണ് ജോലി. ഓക്സിജന്‍ മാസ്ക് കമ്പനി ലഭ്യമാക്കും. നീന്തല്‍ അറിയാവുന്നവര്‍ക്ക് മുന്‍ഗണന. പഠനയോഗ്യത പ്രീഡിഗ്രി.

പ്രധാനമന്ത്രിയുടെ സ്പോക്സ്‌പേര്‍സന്‍ സ്ഥാനത്തേയ്ക്ക് ആളെ നിയമിക്കുന്നു.
ശമ്പളം പ്രതിമാസം മുപ്പതിനായിരം രൂപ. താമസ സൗകര്യം, വണ്ടിക്കൂലി, ഭക്ഷണം മുതലായവ ഗവന്മേന്റ്റ്‌ വഹിക്കും. ജന്മനാ മൂകരും ബധിരരും ആയവര്‍ക്കും വിനയന്റെ ചിത്രത്തില്‍ അഭിനയിച്ച്ചവര്‍ക്കും മുന്‍ഗണന. കയ്യും കാലും കൂടി നഷ്ടപെട്ടവര്‍ ആണെങ്കില്‍ നന്ന്. പഠനയോഗ്യത രണ്ടാം ക്ലാസ്‌. ന്യൂനപക്ഷ സംവരണം മുപ്പതു ശതമാനം.

സദാചാര പോലീസിലെയ്ക്ക് മുന്നൂറ് ഒഴിവ്.
ശമ്പളം ദിവസക്കൂലി വ്യവസ്ഥയില്‍ ആയിരിക്കം. സദാചാരം തെറ്റിക്കുന്ന ആളുകളുടെ പക്കല്‍ നിന്നും വാങ്ങുന്ന വിടുതല്‍ കൂലി കൂടാതെ ആയിരിക്കും ഇത്.  ഇത്തരം കേസുകള്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പാരിതോഷികം ഉണ്ടായിരിക്കും. ഒരുമിച്ച് നടക്കുകയും ഇരിക്കുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാര്‍ക്ക് മാനഹാനി വരുന്നവിധം പെരുമാറാന്‍ അറിയണം. വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല. പള്ളിക്കൂടത്തിന്റെ പടി പോലും കാണാത്തവര്‍ക്ക് മുന്‍ഗണന. യാതൊരു പണിയില്ലാതെ തെണ്ടി നടക്കുക, ആളുകളുടെ മെക്കിട്ടു കേറുക, കുളിക്കടവില്‍ ഒളിഞ്ഞു നോക്കുക, സ്ത്രീകളെ കമന്റടിക്കുക മുതലായവയില്‍ രണ്ടു വര്‍ഷത്തിനു മേല്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

വിശറി ഓപ്പറേറ്റര്‍മാര്‍ ആയി നാല് ലക്ഷം ഒഴിവ്
ശമ്പളം പ്രതിമാസം അറുപതിനായിരം രൂപാ. പുരാണ സിനിമകളില്‍ രാജാവിന്റെ അരികില്‍ നിന്ന് വീശിക്കൊടുക്കുന്നത് പോലെ സ്വകാര്യവ്യക്തികളുടെ അരികില്‍ നിന്ന് വീശിക്കൊടുക്കുക എന്നതാണ് ജോലി. ജിമ്മില്‍ പോകുന്നവര്‍ക്ക് മുന്‍ഗണന. പഠനയോഗ്യത ബിരുദാനന്തരബിരുദം.

സോഷ്യല്‍ മീഡിയ മതവക്താവ്/ഭീകരന്‍: മൂവായിരം ഒഴിവ്.
വിവിധ മതവിഭാഗങ്ങളിലെയ്ക്ക് സോഷ്യല്‍ മീഡിയ മതവക്താവ്/ഭീകരന്‍ എന്ന തസ്തികയില്‍ അനേകം ഒഴിവുകള്‍. ശമ്പളം പ്രതിമാസം രണ്ടു ലക്ഷം രൂപയായിരിക്കും. വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിച്ച് സ്വന്തം മതത്തിനെ പൊക്കി പറയുന്ന പോസ്റ്റുകള്‍ നിര്‍മ്മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നതാണ് ജോലി. ഇതിനെ ചോദ്യം ചെയ്യുന്നവരെയും മറ്റു മതവിഭാഗങ്ങളിലെ ആളുകളെയും നഖശിഖാന്തം എതിര്‍ക്കുക, അവരെയൊക്കെ സ്വന്തം മതത്തിന്റെ മഹത്വം പഠിപ്പിക്കുക, ചിലരെ സ്വന്തം മതത്തിലേയ്ക്ക് ചേര്‍ക്കുക എന്നിവയും ഇവര്‍ ചെയ്യേണ്ടതുണ്ട്. നല്ല വിവരക്കേട് ഉള്ളവര്‍ക്കും മതഭ്രാന്ത് അസ്ഥിക്ക് പിടിച്ചവര്‍ക്കും മുന്‍ഗണന. പഠനയോഗ്യത: കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ പരിജ്ഞാനം. വായനാശീലം ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

കൂലിത്തല്ലുകാര്‍: ഏഴു ലക്ഷം ഒഴിവ്
നാട്ടിലുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതമായി വഴി നടക്കുന്നതിന് അവരുടെ സംരക്ഷകര്‍ ആയി ഏഴു ലക്ഷം കൂലിത്തല്ലുകാരെ ആവശ്യമുണ്ട്. സ്ത്രീകള്‍ വീടുകളില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ അവര്‍ തിരിച്ചു വരുന്നത് വരെ അവരെ ശല്യം ചെയ്യുന്നവരില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് ജോലി. ശമ്പളം പ്രതിമാസം അന്‍പതിനായിരം രൂപ. സ്വന്തമായി മലപ്പുറം കത്തി, ആറ്റംബോംബ്, അമ്പും വില്ലും എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന. പഠനയോഗ്യത: എസ.എസ.എല്‍.സി.

ഇതോടെ ഇത്തവണത്തെ തൊഴിലവസര വാര്‍ത്തകള്‍ കഴിഞ്ഞു. അടുത്ത വാര്‍ത്ത ഇത് പോലെ ഞാന്‍ ഫ്രീ ആയി ഇരിക്കുമ്പോള്‍... നമസ്കാരം.

-ഓറിയോണ്‍

2 comments:

  1. ഓ സി ച്ചായാ കലക്കി മറിച്ചു
    കൂലിത്തല്ലുകാര്‍ കണ്ണന്തിരിവ് കാണിച്ചാല്‍ ഫ്രീയായി വന്ദ്യംകരണം നടത്തിക്കൊടുക്കുന്നതാണ്

    ReplyDelete

----------------------------------------

----------------------------------------
---------------------------------------------