Friday, 24 May 2013

അരക്കിലോ അരി- ഒരു അനുഭവക്കുറിപ്പ്

ഇന്നലെ മുതല്‍ അദ്ദേഹം എന്റെ മനസ്സിലുണ്ട്. ഇതെഴുതുമ്പോഴും. ഉടനെ അദ്ദേഹം മനസ്സില്‍ നിന്നു പോകും എന്നും തോന്നുന്നില്ല. ആരാണെന്നോ എന്താണെന്നോ അറിയില്ല. അഞ്ചു മിനിട്ട് കൊണ്ട് ആ മനുഷ്യന്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയി.

ഇന്നലെ വൈകിട്ട് പലചരക്ക് കടയില്‍ വീട്ടിലേയ്ക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ടു നില്‍ക്കുകയായിരുന്നു. തിടുക്കത്തില്‍ അദ്ദേഹം വന്നു കയറി. കാല്‍പ്പെരുമാറ്റം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു അറുപതു, അറുപത്തഞ്ചു വയസ്സ് പ്രായം കാണും, ആ അമ്മാവന്. മുഴുവന്‍ നരച്ച മീശയും മുടിയും. വടിവൊത്ത്‌ ഇസ്തിരിയിട്ട ഷര്‍ട്ടും പാന്റും സന്ധ്യയായിട്ടും ചുളിഞ്ഞിരുന്നില്ല. പഴക്കം ചെന്ന, എന്നാല്‍ തുടച്ചു മിനുക്കിയ ഒരു ഒന്നിന്റെ സൈക്കിളിലാണ് അദ്ദേഹം വന്നത്. വന്നയുടനെ കടക്കാരനോട്...

"ജോസപ്പേ... അരക്കിലോ സുരേഖ. പെട്ടെന്ന് വേണം."

അരി വാങ്ങുമ്പോള്‍ സാധാരണ കേള്‍ക്കാത്ത ഒരു അളവായതുകൊണ്ട് കടക്കാരന്‍ പെട്ടെന്ന് തലയുയര്‍ത്തി ആളെ ഒന്ന് നോക്കി. ഞാനും. ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തെ അമ്പരപ്പ് വ്യക്തമായിരുന്നു. ആദ്യമുണ്ടായ ആ ഭാവം ആ ചേട്ടന്‍ അറിയാതെ പെട്ടെന്ന് മുഖം തിരിച്ചു. ഒരു നിമിഷം ഞാനും കടക്കാരനും തമ്മില്‍ ഒന്ന് നോക്കി. പറയാതെ എന്തോ തമ്മില്‍ പറഞ്ഞതു പോലെ രണ്ടു പേരും രണ്ടു കാര്യങ്ങളില്‍ വ്യാപര്തരായി ശ്രദ്ധിക്കാത്തതു പോലെ നിന്നു. ഞാന്‍ സാധനങ്ങള്‍ അടുക്കി വയ്ക്കുന്ന തിരക്കില്‍ ആയിപ്പോയത് പോലെ അഭിനയിച്ചു. കടക്കാരന്‍ അരി പൊതിയാനും. ഇതെല്ലാം ഒരു സെക്കണ്ടിനുള്ളില്‍ കഴിഞ്ഞു.

എന്റെ പിറകിലാണ് വന്നയാള്‍ നിന്നിരുന്നതെന്കിലും ഞങ്ങളുടെ അമ്പരപ്പ് കണ്ടത് കൊണ്ടാവണം, അദ്ദേഹം അടുത്ത വാചകം പറഞ്ഞത്...

"ജോസപ്പേ... അരി സ്റോക്ക് കാണുമല്ലോ അല്ലെ? ഇപ്പോള്‍ ഞാന്‍ സാമ്പിള്‍ മാത്രമേ കൊണ്ട് പോകുന്നുള്ളൂ. വേണ്ടി വന്നാല്‍ ഒരു ചാക്ക് റെഡിയാക്കി വെക്കണം..."

എനിക്കുപാവം തോന്നി. അമ്പത് ഗ്രാം വെളിച്ചെണ്ണയും പറമ്പില്‍ വളരുന്ന മുള്ളന്‍ ചീരയും വഴിവക്കത്ത് വളര്‍ന്ന കമ്മ്യൂണിസ്റ്റ്‌ പച്ചയും പലചരക്ക് കടയിലെ പറ്റു പുസ്തകവും കണ്ടു ശീലിച്ചവര്‍ക്ക് മനസ്സിലാവും, ഓരോ വട്ടവും പോക്കറ്റിലെ കുറഞ്ഞ കനത്തെ കണക്ക് കൂട്ടി കടയില്‍ പോയി നില്‍ക്കുന്ന അവസ്ഥ. അവസാനം പറ്റു കൂടിക്കഴിയുമ്പോള്‍ കടക്കാരന്റെ മുഖഭാവത്തില്‍ വരുന്ന ഒരു വ്യത്യാസമുണ്ട്... കടയില്‍ കയറി ചെല്ലുംപോള്‍ത്തന്നെ കാണാന്‍ കഴിയുന്ന ഒന്ന്. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഒരു നിമിഷം കൊണ്ട് മനസ്സിലൂടെ ഓടിപ്പോയി.

തന്റെ ഗതികേട് ചുറ്റുമുള്ളവര്‍ക്ക് മനസ്സിലായിക്കാണുമോ എന്നു ഭയന്ന് പാവം ആ വൃദ്ധന്‍ കഥ മെനയുന്നു. കടലാസ്സു പൊതിയില്‍ അരി വാങ്ങുമ്പോള്‍ ആദ്യം പറഞ്ഞ കഥ പോരാത്തതു പോലെ, ആദ്യം പറഞ്ഞതു മുഴുവന്‍ മറന്നതു പോലെ ഒരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു അദ്ദേഹം...

"രാവിലെ ചോറ്റു പാത്രത്തില്‍ ചോറ് കൊണ്ട് പോകുമ്പോള്‍ ചില ഇനം അരിയുടെ മണികള്‍ തമ്മില്‍ ഒട്ടിപ്പിടിക്കും. ഈ അരിക്ക് അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാനാണ് കുറച്ചു വാങ്ങുന്നതേയ്..."

ഞാന്‍ ശ്രദ്ധിക്കാത്തത് പോലെ നിന്നു. ഉള്ളില്‍ എവിടെയോ ഒരു ചെറിയ വിഷമം. ഒടുവില്‍ ആ ചേട്ടന്‍ പോകുമ്പോള്‍ കടക്കാരന്‍ പറ്റു പുസ്തകത്തില്‍ കുറിച്ച്ചിടുന്നുണ്ടായിരുന്നു, അരക്കിലോ അരിയുടെ വില. ഒടുവില്‍ കടക്കാരന്‍ പറഞ്ഞറിഞ്ഞു... വടക്ക് ഏതോ നാട്ടില്‍ നിന്നു വന്നു താമസിക്കുന്ന ആളാണ്‌. രണ്ടു പെണ്മക്കള്‍ ഉണ്ടായിരുന്നു. അവരെ കല്യാണം കഴിച്ചു വിട്ടു. ചെറിയ വാടകവീട്ടില്‍ പ്രായമായ, രോഗിണിയായ ഭാര്യ മാത്രം. ഈ പ്രായത്തില്‍ ആ വൃദ്ധന്‍ ജോലി ചെയ്തു കൊണ്ടുവരുന്നതു കൊണ്ട് വേണം രണ്ടു വയറു നിറയാന്‍... അങ്ങനെയും ജീവിതങ്ങള്‍.

പണത്തോട് ആര്‍ത്തി പൂണ്ടു പണ്ടവും ഭൂമിയും ആഡംബരവസ്തുക്കളും വാങ്ങിക്കൂട്ടുന്ന, തിന്നിട്ടും തിന്നിട്ടും കൊതി തീരാത്ത നമ്മുടെ ഇടയില്‍ ഇങ്ങനെയും ഒത്തിരി മനുഷ്യര്‍... ഉണ്ണുന്ന അരി പോലും അരക്കിലോ മാത്രം വാങ്ങാന്‍ കഴിവുള്ളവര്‍. 

2 comments:

----------------------------------------

----------------------------------------
---------------------------------------------