Friday, 28 February 2014

പൈങ്കിളിഫൈഡ് ഹോളിവുഡ്‌ ട്രെയിലറുകള്‍

നമ്മുടെ മലയാളം ചാനലുകളില്‍ വരുന്ന സീരിയലുകളുടെ പരസ്യം ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാം ഒരു സൈസ്‌ അലമ്പ് പൈങ്കിളി ഡയലോഗ് ആയിരിക്കും. ഇതൊക്കെ കേട്ട് ആരാണാവോ ആ സീരിയലൊക്കെ കുത്തിയിരുന്നു കാണുന്നത്? എന്തരോ എന്തോ...
അങ്ങനിരിക്കുമ്പോ ഒരു ഐഡിയ... ഹോളിവുഡ്‌ സിനിമകളുടെ ട്രെയിലറിനു ഇങ്ങനൊരു കമന്ററി എഴുതിയാല്‍ എങ്ങനെ ഇരിക്കും? ഒന്ന് നോക്കാം... ഒത്താല്‍ ഒത്തു...

ടൈറ്റാനിക്‌:
ജീവിതത്തിന്റെ കെട്ടുപാടുകളില്‍ പെട്ട്, അതിന്റെ കൊടുംക്രൂരതകളില്‍ നീറിയൊടുങ്ങുന്ന നൈമിഷിക പ്രാണന്റെ നോവില്‍ കാറ്റത്തെ മുഴുകുതിരിനാളം പോലെ വിതുമ്പുന്ന ഒരു സ്ത്രീജന്മം. അവളുടെ ചുറ്റും വിഷസര്‍പ്പങ്ങളെപ്പോലെ നാവു നീട്ടിയടുക്കുന്ന, സ്വന്തം എന്നു പേരിനു മാത്രം പറയാവുന്ന ഒരുപിടി ബന്ധുജനങ്ങള്‍. അവളെ തന്റെ ശുഭ്രപ്രണയത്താല്‍ ആഴക്കടലിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്താന്‍ വന്നടുക്കുന്ന ആ അപരിചിതന്‍ ആരാണ്? അവരുടെ പ്രണയം നിലനില്‍ക്കുമോ? ദൂരെ ഇരുളിന്റെ മഹാസാഗരത്തില്‍ അവരുടെ ജീവിതനൌക തകര്‍ക്കാന്‍ കാത്തിരിക്കുന്ന ആ ഭീമാകാരനായ ഹിമരാക്ഷസന്‍ ആര്? ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ക്ക് കാണുക, "പ്രണയനൌക" നിങ്ങളുടെ ഡാഷ് ടിവിയില്‍ വൈകിട്ട് 7.30ന്...

ജുറാസിക്‌ പാര്‍ക്ക്‌:
ജന്മജന്മാന്തരങ്ങളുടെ പിഞ്ഞിപ്പോയ താളുകളിലെവിടെയോ മറഞ്ഞുപോയ ഏതാനും ശാപഗ്രസ്ത തിര്യഗ്ജാതികളുടെ അത്യത്ഭുത തിരിച്ചു വരവ്. അവയുടെ പുനര്‍ജന്മങ്ങളില്‍ സ്വന്തം പ്രാണന്‍ പോലും താമരനൂല്‍ബന്ധത്തില്‍ തൂങ്ങിയാടാന്‍ വിധിക്കപ്പെട്ട ഏതാനും മനുഷ്യജന്മങ്ങളുടെ കരളലിയിക്കുന്ന കണ്ണീര്‍ക്കഥ. മനുഷ്യനെതിരെ പ്രകൃതിയും പ്രകൃതിയ്ക്കെതിരെ മനുഷ്യനും തിരിയുമ്പോള്‍ അവശേഷിക്കുന്നത്  നിണമണിഞ്ഞ ഏതാനും കാല്‍പ്പാടുകള്‍ മാത്രം. പ്രാണഭയത്താല്‍ വിറയ്ക്കുന്ന രണ്ടു പിഞ്ചു പൈതങ്ങളുടെ വിധി എന്താവും? കണ്ണീരുറവ വറ്റാത്ത ആ കുടുബത്തിന്റെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതം എവിടെ എത്തി നില്‍ക്കും? ഇവര്‍ക്കിടയില്‍ ജീവിച്ചു പുരാതനജീവബിന്ദുവിന്റെ മണിച്ചെപ്പ് കവര്‍ന്ന് ചതിയുടെ കാണാക്കയങ്ങളിലേക്ക് ഏവരെയും തള്ളിയിടാന്‍ പതിയിരിക്കുന്ന ആ കൊടും ക്രൂരന്‍ ആരാണ്? കാണുക, "ഓന്തുംപറമ്പ്" നിങ്ങളുടെ ഡാഷ് ടിവിയില്‍ വൈകിട്ട് 8.00 മണിക്ക്...

ദി മമ്മി:
തന്റെ തിന്മകള്‍ക്കു പകരമായി കാലയവനികയ്ക്കുള്ളില്‍ വലിച്ചെറിയപ്പെട്ട ഒരു ഭീകരസത്വം... അവന്‍ കാത്തിരിക്കുകയായിരുന്നു, മാനവരാശിയോടു മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത പകയുമായി, അവരെ അടക്കിവാഴാനുള്ള അടങ്ങാത്ത കൊതിയുമായി... പണക്കൊതിയും അധികാരമോഹവും തലയ്ക്കു പിടിച്ച ഏതാനും ദുഷ്ടര്‍ ആ ചങ്ങലക്കെട്ടുകളില്‍ നിന്ന് അവനെ മോചിപ്പിക്കുമ്പോള്‍ അതിനിടയില്‍ പെട്ടുപോവുന്നത് പ്രണയബദ്ധരായ രണ്ടു ചെറുപ്പക്കാരുടെ ജീവിതമാണ്. അവരുടെ ഒരുപിടി സ്വപ്നങ്ങളാണ്. അശ്രുബിന്ദുക്കള്‍ തുടിച്ചുനില്‍ക്കുന്ന യാതനകളുടെ യാത്രകളാണ് അവരെ കാത്തിരുന്നത്. അവരുടെ ജീവിതം പൂവണിയുമോ? ചതിയുടെയും തിന്മകളുടെയും തേര്‍വാഴ്ചയില്‍ അവരെ സഹായിക്കാനെത്തുന്ന ആ കരിമ്പടം പുതച്ച ആള്‍ ആരാണ്? മരണത്തെപ്പോലും ജയിച്ച ഭീകരരാക്ഷസന്‍ ഉയര്‍ത്തുന്ന പൊടിക്കാറ്റില്‍ അവര്‍ തളര്‍ന്നുവീഴുമോ? കാണുക, "പഴന്തുണിക്കോക്കാച്ചി" നിങ്ങളുടെ ഡാഷ് ടിവിയില്‍ രാത്രി 8.30-നു...

ആമേന്‍!

Tuesday, 7 January 2014

"ദാമ്പത്യജീവിതം" എനിക്ക് കിട്ടിയ ഒരു പത്തുമിനിറ്റ് ക്രാഷ് കോഴ്സ്‌...

ഈ കഴിഞ്ഞ ദിവസം ചങ്ങാതിമാര്‍ വിളിച്ചു- "ഡാ, ഞങ്ങള്‍ മലബാര്‍ ഹൌസില്‍ ഉണ്ട്. ഫ്രീ ആണെങ്കില്‍ അങ്ങോട്ട്‌ പോരെ...ഓരോ ബിയര്‍ ആവാം"

"അതിനെന്താ... ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ അങ്ങേത്തും..."- ഞാന്‍

ശടപടെന്നു റെഡിയായി ഓട്ടോ സ്ടാണ്ടില്‍ ചെന്ന് ഓട്ടോ പിടിച്ചു. അവിടെയുള്ള ഓട്ടോക്കാര്‍ എല്ലാരും പരിചയക്കാര്‍. സ്ഥിരമായി ഓട്ടോയില്‍ യാത്ര ചെയ്യുന്നതുകൊണ്ട് അവര്‍ക്കെല്ലാം എന്നെ അറിയാം. ഞാന്‍ ബിജു ചേട്ടന്റെ ഓട്ടോയില്‍ കേറി. ബിജു ചേട്ടന് അമ്പതിനടുത്തു പ്രായം. പത്തനംതിട്ടയില്‍ നിന്ന് കൊച്ചിയില്‍ വന്നു താമസം തുടങ്ങിയിട്ട് പതിനെട്ടു വര്‍ഷമായി. രണ്ടു മക്കള്‍. പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് അയച്ചു. ഒരു മോന്‍ ഉള്ളത് പഠിക്കുന്നു... ചെറിയ രാഷ്ട്രീയപ്രവര്‍ത്തനം ഒക്കെ പണ്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ സ്വസ്ഥം, ഗൃഹഭരണം.

ബിജു ചേട്ടന്‍ പതിവ് കത്തി മോഡിലായി...

"വന്നല്ലോ മൊട്ട! എങ്ങോട്ടാ?"

"വിട് ചേട്ടാ മലബാര്‍ ഹൌസിലോട്ട്"

"അവിടെയാണോ കമ്പനി?"

"അതെ. ഇടയ്ക്ക് ഇങ്ങനെ കൂട്ടുകാരുടെ ഒപ്പം ഓരു കൂടല്‍ ഉണ്ട്. കുറെ ചിരിക്കും, എന്ജോയ്‌ ചെയ്യും, ഓരോ ബിയര്‍ അടിക്കും, പോരും... ഇതൊക്കെയാണല്ലോ അതിന്റെ ഒരു രസം..."

"സാര്‍ കല്യാണം കഴിച്ചിട്ടില്ലല്ല്ലേ?"

"ഇല്ല.. എന്തെ ചോദിച്ചത്?"

"അല്ല... ബാച്ചിലര്‍ ലൈഫിലെ ഇതൊക്കെ പറ്റൂ.."

"കല്യാണം കഴിഞ്ഞാല്‍ ഇതൊന്നും നടക്കില്ലേ? ശോക സീന്‍ ആയിപ്പോവുമല്ലോ ചേട്ടാ..."

"നടക്കില്ല എന്നല്ല... അതിനു സമയം കിട്ടില്ല."

"എന്നാല്‍ ഇപ്പോഴെങ്ങും കെട്ടുന്നില്ല!"

"അങ്ങനല്ല സാറേ. നിങ്ങള്ക്ക് അത് മനസ്സിലായില്ല. അതില്‍ ഒരുപാട് സംഗതികള്‍ ഉണ്ട്"

"കല്യാണം കഴിച്ചാലും ഇതൊക്കെ വേണം എന്നാണു എനിക്ക് ആഗ്രഹം ചേട്ടാ..."

"ഇപ്പൊ ഇങ്ങനൊക്കെ പറയും. എല്ലാരും പറയും. പിന്നീട് അതെല്ലാം മാറിപ്പോവും..."

ശ്ശെടാ! എന്റെ കാര്യം ഇങ്ങേരാണോ തീരുമാനിക്കുന്നത്? നാട്ടുകാരുടെ പതിവ് അലമ്പ് ഡയലോഗ് ഇറക്കാനുള്ള പരിപാടി ആണെന്ന് കരുതി ഞാന്‍ കുറച്ചു സമയം മിണ്ടാതിരുന്നു. ബിജു ചേട്ടന്‍ തുടര്‍ന്ന് പറഞ്ഞു...

"സാറിന് മനസ്സിലായില്ല. ഞാന്‍ പറഞ്ഞു തരാം... ബാച്ചിലര്‍ ആയിരിക്കുന്ന സമയത്ത് നമുക്ക് ഇങ്ങനെ ഒത്തിരി കംപനിയടി കാണും. ഒരു കല്യാണം കഴിഞ്ഞു കഴിഞ്ഞാല്‍ അതിനു ചെറിയ ഒരു മാറ്റം വരും. ആദ്യത്തെ ഒന്നോ രണ്ടോ മാസങ്ങള്‍ ഈ സംഗതി നടക്കില്ല.. വീട്ടില്‍ വന്നു കയറിയ ഒരാള്... അയാളുടെ കാര്യങ്ങള്‍, പിന്നെ അയാളോടുള്ള സ്നേഹം, ചില യാത്രകള്‍... ഇതൊക്കെ ആയിട്ട് ആദ്യത്തെ രണ്ടു മാസം ആകെ തിരക്കിലാവും. അത് കഴിഞ്ഞു പതിയെ പഴയത്പോലെ കൂട്ടുകാരെയൊക്കെ കാണാന്‍ തുടങ്ങും. പഴയത് പോലെ കമ്പനി കൂടി ഇരിക്കും. എങ്കിലും പണ്ട് അര്‍ദ്ധരാത്രി പുറപ്പെട്ടു പോന്നിരുന്ന നിങ്ങള്‍ പത്തുമണിക്ക് വീട്ടിലേക്കു പോവും. കൂട്ടുകാര്‍ ചിലപ്പോ കളിയാക്കി എന്നൊക്കെ വരും. എന്നാലും നിങ്ങള്‍ പോവും. കുറച്ചു നാളൊക്കെ കഴിഞ്ഞു ഒരു കുട്ടിയൊക്കെ ആകാറാവുമ്പോ നിങ്ങള്‍ തന്നെ ഈ പത്തുമണി എന്നത് ഏഴുമണിയാക്കും. 'അവള്‍ വീട്ടില്‍ ഒറ്റയ്ക്ക് ഈ അവസ്ഥയില്‍ ആണ്' എന്ന് നിങ്ങള്‍ പറയുമ്പോള്‍ തന്നെ കൂട്ടുകാര്‍ തന്നെ സ്നേഹത്തോടെ വീട്ടിലേക്കു പറഞ്ഞു വിടും. കുട്ടി ആയിക്കഴിഞ്ഞാല്‍ പിന്നെ നേരെ വീട്ടിലേക്കു പോവും നിങ്ങള്‍... കുട്ടിയേയും കളിപ്പിച്ചു വീട്ടുകാര്യങ്ങളും നോക്കി.. വല്ലപ്പോഴും കൂട്ടുകാരുടെ ഒപ്പം ഒന്ന് കൂടിയാലായി. പിന്നെയും കുറേക്കാലം കഴിഞ്ഞു കഴിഞ്ഞാലേ അടുത്ത സ്റ്റേജ് ആവൂ.. ചെറിയ പിണക്കങ്ങള്‍ ഒക്കെ കയറി വരാന്‍ തുടങ്ങും. കുറച്ചൊക്കെ മടുപ്പ് വന്നു കഴിഞ്ഞാല്‍ ഉടനെ നിങ്ങള്‍ ഫോണ്‍ എടുത്തു ചങ്ങാതിയെ വിളിക്കും, അവന്റെ ഒപ്പം പോയി ഒരു രണ്ടെണ്ണമൊക്കെ അടിച്ച് 'ലവള്‍ അങ്ങനെ ചെയ്തെടാ അളിയാ' എന്ന് പറയും. 'ഇതൊക്കെ വല്യ കാര്യമാണോ അളിയാ... എല്ലാം ശരിയാവും...' എന്ന് അവനും പറയും. അതങ്ങനെ കിടക്കും..."

ഒറ്റയടിക്ക് ഇത് മുഴുവന്‍ കേട്ടിരുന്ന ഞാന്‍ കണ്ണുമിഴിച്ചുപോയി. കേട്ട കാര്യങ്ങള്‍ വച്ച് എനിക്ക് പരിചയമുള്ള പലരുടെയും മുഖങ്ങള്‍ ഉള്ളില്‍ ഓടിയെത്തി.

"അപ്പൊ കല്യാണം കഴിച്ചാല്‍ എല്ലാം കഴിഞ്ഞു.. ല്ലേ?"- ഞാന്‍ ചോദിച്ചു.

"അങ്ങനെയല്ല സാര്‍. എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാരെ അങ്ങനെ കെട്ടിപ്പൂട്ടി വയ്ക്കുന്ന കൂട്ടത്തില്‍ അല്ല. ഒരു കുടുംബജീവിതം ആവുമ്പോള്‍ അങ്ങനെയാണ്. അതെല്ലാം നമ്മള്‍ തന്നെ ചെയ്തുപോവുന്ന കാര്യങ്ങളും. അത് അങ്ങനെയാണ്.."

സംസാരം തീരുമ്പോഴേക്കും വണ്ടി സ്ഥലത്തെത്തി. ഒരു ചെറിയ ചിരിയോടെ ഞാന്‍ കാശ് കൊടുത്തു ഇറങ്ങുമ്പോഴേക്കും ബിജു ചേട്ടന്‍ ഒന്നുകൂടി പറഞ്ഞു...

"എന്റെ കല്യാണം കഴിഞ്ഞിട്ട് ഇരുപത്തഞ്ചു വര്ഷം കഴിഞ്ഞു. ഇത്ര നാള്‍ക്കു ശേഷം ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം കൂടി പറയാം... നമ്മുടെ ചുറ്റും എന്തെല്ലാം ബന്ധങ്ങള്‍ ഉണ്ടോ, അതിലൊക്കെ കവിഞ്ഞു നില്‍ക്കുന്ന ഒന്നാണ് ദാമ്പത്യജീവിതം. ജീവിതാവസാനം വരെ കൂടെ ഉണ്ടാവുന്ന അവരാണ് നമ്മുടെയൊക്കെ എല്ലാം. നല്ല ഒരാളെ സാറിന് കിട്ടട്ടെ..."

എന്റെ പുഞ്ചിരി വലുതാവുന്നു... സന്തോഷം...

എക്സ്പീരിയന്‍സ് മാറ്റെഴ്സ്... അല്ലെ?



Sunday, 5 January 2014

മത്തായീ! മത്താകരുത്!!!

മത്തായിക്ക് കുറച്ചു നാളായി കള്ളുകുടി കൂടുതലാണ് എന്ന് അറിഞ്ഞതനുസരിച്ച് വികാരിയച്ചന്‍ അയാളെ മേടയിലേക്ക് വിളിപ്പിച്ചു...

അച്ചന്‍: "എന്താടാ മത്തായി? നീ ഭയങ്കര കള്ളുകുടിയാണെന്നു ഞാന്‍ അറിഞ്ഞല്ലോ. മദ്യപാനം നാശത്തിലേക്കുള്ള വഴിയാണെന്ന് നിനക്കറിഞ്ഞുകൂടെ?"
മത്തായി: "ഉവ്വച്ചോ. പക്ഷെ അതിനു അച്ചന്‍ ഒറ്റ ഒരുത്തനാ കാരണം."
അച്ചന്‍: "ഞാനോ!!! ഞാനെന്തു തെറ്റ് ചെയ്തിട്ടാ നീ കുടിക്കുന്നെ?"
മത്തായി: "അച്ഛനല്ലേ ഇന്നാളു പ്രസംഗത്തില്‍ പറഞ്ഞത്, 'കള്ളുകുടി നിര്‍ത്തണം, അങ്ങനെ ചെയ്യുമ്പോള്‍ കുടുംബജീവിതത്തിന്റെ സുഖവും സന്തോഷവും സ്നേഹവും ഒക്കെ കൂടും' എന്ന്..."
അച്ചന്‍: "ഉവ്വ്... പറഞ്ഞു. അത് ശരിയുമാണ്. നീയും അങ്ങനെ തന്നെ ചെയ്യ്... അതിനു ഞാനെന്തു ചെയ്തു എന്ന് പറ.."
മത്തായി: "അല്ല, അങ്ങനെ കുടുംബജീവിതത്തിന്റെ സുഖവും സന്തോഷവും സ്നേഹവും ഒക്കെ കൂടുന്നെന്കില്‍ കൂടട്ടെ എന്ന് വച്ചതാ. കള്ളുകുടി തുടങ്ങാതെ അത് നിര്‍ത്താന്‍ പറ്റില്ലല്ലോ. അത് കൊണ്ട് പ്രസംഗം കേട്ടതിനു ശേഷം ഞാന്‍ കുടിയങ്ങു തുടങ്ങി."
അച്ചന്‍: "ഹെന്ത്!!!!! കള്ളുകുടി ഇല്ലാതിരുന്ന നീ എന്തിനാടാ പോത്തേ അത് തുടങ്ങിയത്? ആട്ടെ... എന്നിട്ട് നീ പറഞ്ഞത് പോലെ കുടുംബത്തിനു വേണ്ടി കള്ളുകുടി നിര്‍ത്തിയോ?"
മത്തായി: "ഉവ്വച്ചോ. കള്ളുകുടി കഴിഞ്ഞ മാസം തന്നെ നിര്‍ത്തി. പക്ഷെ ഇപ്പൊ പെണ്ണുമ്പിള്ള വീട്ടില്‍ കേറ്റുന്നില്ല."
അച്ചന്‍: "അതെന്താടാ? നീ നന്നായിട്ടും അവള്‍ക്കെന്തു പറ്റി?"
മത്തായി: "കള്ളുകുടി നിര്‍ത്തി, പക്ഷെ അതിന്റെ ഒപ്പം തുടങ്ങിയ ബീഡിവലിയും കഞ്ചാവും ചീട്ടുകളിയും നിര്‍ത്താന്‍ തോന്നുന്നില്ല."
അച്ചന്‍: ".............!!!!"

കേള്‍ക്കുന്നതായാലും കുടിക്കുന്നതായാലും പഠിക്കുന്നതായാലും വെള്ളം ചേര്‍ക്കാതെ, തൊണ്ട തൊടാതെ വിഴുങ്ങിയാല്‍ ഇങ്ങനിരിക്കും. എങ്ങനിരിക്കും? മൂഞ്ചിപ്പോകും!

ആമേന്‍!

Friday, 13 December 2013

ടിവി - ഒരു കയ്പ്പന്‍ ഓര്‍മ്മ



ടിവി ഒരു ആടംഭരവും അത്ഭുതവും നിറഞ്ഞ ഒരു ഘടാകടികത്വം ആയിരുന്ന നാളുകളില്‍ കുട്ടിക്കാലം ചെലവഴിച്ച ഒരാളാണ് ഞാന്‍. സ്കൂള്‍ ഇല്ലാത്ത ഞായര്‍ ദിവസമെന്നു വച്ചാല്‍ രാവിലത്തെ രാമായണം/മഹാഭാരതം/കാര്‍ട്ടൂണ്‍ പിന്നെ വൈകിട്ടത്തെ മലയാളം സിനിമ എന്നതായിരുന്നു. പരിസരത്തുള്ള ഒന്നോ രണ്ടോ വീടുകളില്‍ മാത്രമേ അത്ഭുതപ്പെട്ടി കാണുകയുള്ളൂ. മറ്റുള്ള വീടുകളില്‍ നിന്നും കൂട്ടമായി ആളുകള്‍ സിനിമകളും മറ്റും കാണാന്‍ ടിവിയുള്ള വീട്ടില്‍ എത്തിച്ചേരും. എല്ലാവരും വളരെ അച്ചടക്കത്തോടെ നസീറിനെയും സുകുമാരനെയും ശങ്കറിനെയും മമ്മൂട്ടിയെയുമൊക്കെ കണ്ടു ചിരിക്കും, കരയും, ആരാധിക്കും... ഈ ടെലിവിഷന്‍ മേളയില്‍ ആബാലവൃദ്ധജനങ്ങള്‍ ഒരേ മനസ്സോടെ പങ്കെടുത്തിരുന്നു. മൊത്തത്തില്‍ ഒരു ബഹളമയം.

ഒരിക്കല്‍, ഞങ്ങള്‍ സ്ഥിരമായി ടിവി കാണാന്‍ പോകുന്ന വീട്ടുകാര്‍ എങ്ങോട്ടോ മൂന്നു നാല് ആഴ്ച നീളുന്ന യാത്ര പോയി. ഞങ്ങളുടെ സിനിമാ/കാര്‍ട്ടൂണ്‍ കാണല്‍ മുടങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാലും മഹാഭാരതം കാണാതിരിക്കാന്‍ കഴിയുമോ? അര്‍ജുനനും കര്‍ണ്ണനുമൊക്കെ യുദ്ധം ചെയ്യുന്ന ഭാഗമാണ്. അങ്ങോട്ടും ഇങ്ങോട്ടും പല സൈസ്‌ അമ്പുകളൊക്കെ ചീറിപ്പായും... ചിലത് തമ്മില്‍ ഇടിച്ചു നിലത്ത് വീഴും... ചിലപ്പോള്‍ ഇടിയും മിന്നലും മഴയുമൊക്കെ ഉണ്ടാവും. മിസ്‌ ചെയ്യാന്‍ പറ്റില്ല. പടിഞ്ഞാറേ വീട്ടിലെ വല്യപ്പന്റെ വീട്ടില്‍ ടിവിയുണ്ട്. വല്യപ്പന്റെ മകള്‍ പാവം ഒരു ആന്റിയാണ്. തമ്മില്‍ കാണുമ്പോള്‍ എപ്പോഴും സംസാരിക്കും, മിട്ടായി വാങ്ങി തരും. വല്യപ്പന്‍ അങ്ങനെ ഒന്നുമല്ല. ഭയങ്കര ഗൌരവക്കാരനാണ്. അറുപിശുക്കനും. അതുകൊണ്ട് തന്നെ ആരും അങ്ങോട്ട്‌ ടിവി കാണാന്‍ പോകാറില്ല. എന്തും വരട്ടെ എന്നു കരുതി അങ്ങോട്ട്‌ വച്ച് പിടിപ്പിച്ചു. വാതില്‍ക്കല്‍ മുട്ടി. ആന്റി വന്നു വാതില്‍ തുറന്നു ചിരിച്ചു. പതിവില്ലാതെ എന്നെ വീട്ടുപടിക്കല്‍ കണ്ടതിന്റെ കൊതുകം മുഖത്ത്.

"എന്താ മോനെ? എന്താ രാവിലെ തന്നെ?"

"ഞാന്‍ ടിവി കാണാന്‍ വന്നതാ. മഹാഭാരതം. നല്ല യുദ്ധമൊക്കെയുണ്ട് ഈ ആഴ്ച. ടിവി കണ്ടോട്ടെ?"

"അതിനെന്താ... മോന്‍ വാ..."

ടിവി ഓണ്‍ ആക്കി തന്നിട്ട് ആന്റി അടുക്കളയിലേക്കു പോയി. ഇറച്ചി വേവിക്കുന്ന സുഗന്ധം മൂക്കില്‍... വല്യപ്പനെ അവിടെയെങ്ങും കാണാനില്ല. നന്നായി. പള്ളിയില്‍ കുര്‍ബാന കഴിഞ്ഞിട്ടുള്ള മറ്റു വല്യപ്പന്മാരുടെ ഒപ്പം കത്തിവെപ്പും മുറുക്കലും ഒക്കെ ആയിരിക്കും. സമാധാനം.

ഞാന്‍ നിലത്ത് ഇരുന്നു കാഴ്ച തുടങ്ങി. ടിവിയില്‍ അര്‍ജുനനും കര്‍ണ്ണനും ദുര്യോധനനുമൊക്കെ ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നു... ഭയങ്കര യുദ്ധം. മുഴുകിയിരുന്നു കാണുന്നതിനിടയില്‍ പിറകിലെ കാല്‍പ്പെരുമാറ്റം കേട്ടില്ല. എപ്പോഴോ കണ്ണൊന്നു മാറിയപ്പോള്‍ കണ്ടു, എന്റെ വലതു വശത്ത് വല്യപ്പന്‍ നില്‍ക്കുന്നു. എന്നെത്തന്നെ തുറിച്ചു നോക്കുകയാണ്. ഉരുകിപ്പോയി. എന്തെങ്കിലും പറയണോ വേണ്ടയോ എന്നൊക്കെ ആലോചിച്ചിരുന്നു. പിന്നെ പതുക്കെ വീണ്ടും ടിവിയിലേക്ക് ശ്രദ്ധ തിരിച്ചു. വല്യപ്പം നിന്നയിടത്ത് നിന്ന് അനങ്ങാതെ എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് കണ്ണിന്റെ കോണില്‍ക്കൂടി കാണാം. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ മിനിട്ട് അങ്ങനെ നിന്നതിനു ശേഷം ഒന്നും മിണ്ടാതെ വല്യപ്പന്‍ മുന്നിലേക്ക്‌ വന്നു കൈ നീട്ടി ടിവി ഓഫാക്കി. ഞാന്‍ വല്ലാതായി. കണ്ണൊക്കെ നിറഞ്ഞു. വല്യപ്പന്‍ അനങ്ങാതെ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. ഒന്നും മിണ്ടാതെ കണ്ണ് ചിമ്മി എണീറ്റ്‌ പുറത്തേക്കിറങ്ങി നടന്നു. മഹാഭാരതം കാണാന്‍ കഴിയാഞ്ഞതിലുള്ള സങ്കടം... പെട്ടെന്ന് ഉണ്ടായ പേടി... എല്ലാത്തിനും മുകളില്‍ കടുത്ത അപമാനം! പതിവിലും നേരത്തെ തിരിച്ചു വന്ന എന്നെ കണ്ടപ്പോഴും എന്റെ ഭാവവ്യത്യാസം കണ്ടപ്പോഴും എന്റെ വീട്ടുകാര്‍ സംഗതിയുടെ കിടപ്പ് ഊഹിച്ചു.

അങ്ങനെയാണ് മറ്റുള്ള വീടുകളില്‍ പോയുള്ള ടിവി കാഴ്ച ഞാന്‍ നിര്‍ത്തിയത്. വീണ്ടും ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞു ഒരു പതിനാല് ഇഞ്ചിന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടിവി വീട്ടില്‍ വാങ്ങുന്നത് വരെ ടിവി കണ്ടിരുന്നില്ല. ഇന്ന് എന്ത് കാരണം കൊണ്ടാണോ എന്തോ, പഴയ ഈ സംഭവം ഓര്‍മ്മ വന്നു. ബ്രഷ് എടുത്തു ആ സീന്‍ വരച്ചു. അന്നുണ്ടായ ആ അപമാനം ഇപ്പോഴും ഉള്ളില്‍ എവിടെയോ ഇരുന്നു കുത്തുന്നുണ്ട്...

Monday, 25 November 2013

കത്രികപ്പൂട്ട്‌- ഒരു നാടകം

രംഗം ഒന്ന്- കത്രിക ആപ്പീസ്. രാവിലെ 11 മണി.

സംവിധായകന്‍: "സര്‍, ഞങ്ങടെ പടം മുടക്കരുത്..."
കത്രിക ആപ്പീസര്‍: "പറ്റൂല്ല. അത് ശരിയാവത്തില്ല"
നിര്‍മ്മാതാവ്: "സര്‍, അങ്ങനെ പറയരുത്. കാശ് മുടക്കി എടുത്ത പടം ആണ് സാര്‍. ഒത്തിരി ആളുകള്‍ കുറെ നാള്‍ കഷ്ടപ്പെട്ട് എടുത്ത പടം ആണ് സാര്‍... അവരുടെ കഷ്ടപ്പാടുകള്‍ ഒക്കെ പാഴായിപ്പോവും സാര്‍..."
കത്രിക ആപ്പീസര്‍: "നടപ്പില്ല... പടം കണ്ടിട്ട് എന്റെ മതവികാരം വ്രണപ്പെട്ടു. എനിക്ക് പോലും പെട്ടെങ്കില്‍ 'വെറും' നാട്ടുകാരുടെ കാര്യം പറയണോ?"
സംവിധായകന്‍: "അങ്ങനെ ഒന്നും ഇല്ല സാര്‍... അത് വെറും പശ്ചാത്തലം മാത്രം അല്ലെ സാര്‍?"
കത്രിക ആപ്പീസര്‍: "ങ്ങാഹാ! എന്നാല്‍ അത് മനസ്സിലാക്കി തരാം... വരൂ"

രംഗം രണ്ട്- പെരുവഴി. സമയം പത്ത് മിനിറ്റിനു ശേഷം.
കത്രിക ആപ്പീസര്‍ റോഡില്‍ കൂടി പോവുന്ന 'വെറും' ഒരു നാട്ടുകാരനെ കൈ കാട്ടി വിളിക്കുന്നു. സംവിധായകനും നിര്‍മാതാവും കൂടെയുണ്ട്.

കത്രിക ആപ്പീസര്‍: "എടൊ നാട്ടുകാരാ! ഇവിടെ വാടോ!"
നാട്ടുകാരന്‍: "എന്താ സാര്‍?"
കത്രിക ആപ്പീസര്‍: "താന്‍ ------ സിനിമ കണ്ടോ?"
നാട്ടുകാരന്‍: "ഉവ്വ് സാറേ"
കത്രിക ആപ്പീസര്‍: "അത് കണ്ടിട്ട് തന്റെ മതവികാരം വ്രണപ്പെട്ടില്ലേ?"
നാട്ടുകാരന്‍: "മത... എന്ത്? അതാരാ സാറേ? അങ്ങനെ ഒരാളെ എനിക്ക് അറിയില്ലല്ലോ..."
കത്രിക ആപ്പീസര്‍: "ഛെ! എടൊ തന്റെ മതത്തെ മോശമായി ചിത്രീകരിച്ചതായി തോന്നിയില്ലേ എന്ന്..."
നാട്ടുകാരന്‍: "ങേ? അങ്ങനെയൊന്നും... അത്... ആവോ..."
കത്രിക ആപ്പീസര്‍: "ഒന്നും കൂടി ആലോചിച്ചു നോക്കിക്കേ..."
നാട്ടുകാരന്‍: "ങാ.. സാറിനെപ്പോലെ വിവരം ഉള്ളവരൊക്കെ പറയുമ്പോ.. അത് പിന്നെ... ഏതാണ്ടൊക്കെ തോന്നുന്നതായി തോന്നുന്നുണ്ട്... അല്ല... അങ്ങനെയൊക്കെ ഉണ്ടോ?"
കത്രിക ആപ്പീസര്‍: "ഉണ്ടെടോ ഉണ്ട്..."
നാട്ടുകാരന്‍: "ങ്ങാഹാ! എന്നാല്‍ പെട്ടു സാറേ!"
കത്രിക ആപ്പീസര്‍: "എന്ത് പെട്ടുന്ന് ?"
നാട്ടുകാരന്‍: "സാര്‍ നേരത്തെ പറഞ്ഞ സാധനമില്ലേ... അത് പെട്ടു..."
കത്രിക ആപ്പീസര്‍  (വിജയശ്രീലാളിതന്‍): "കണ്ടാ! കണ്ടാ!"

സംവിധായകനും നിര്‍മ്മാതാവും മൂഞ്ചിപ്പോയ ഭാവത്തോടെ നില്‍ക്കുന്നു.

-------------------ശുഭം-------------------

Friday, 18 October 2013

രണ്ടു വയറുകള്‍ മൂലമുണ്ടായ രണ്ടു ചമ്മലുകള്‍

കോട്ടയം മനോരമ ആപ്പീസില്‍ ആര്‍ട്ടിസ്റ്റ്‌ ആയി ജോലി ചെയ്യുന്ന നാളുകള്‍. രാത്രി മൂന്നരയ്ക്ക് ജോലി തീര്‍ത്തു റൂമില്‍ വന്നു കിടന്നുറങ്ങിയ എന്നെ അതിരാവിലെ പത്തു മണിക്ക് (നൈറ്റ്‌ ഡ്യൂട്ടി ഉള്ളവന് പത്തു മണി അതിരാവിലെ ആണ്) ചങ്ങാതി സുനീഷ് തോമസ്‌ ഫോണില്‍ വിളിച്ച് എണീപ്പിക്കുന്നു...

"ഡാ... റെഡി ആയി ഇരുന്നോ, ഞാന്‍ നിന്റെ റൂമിലേക്ക്‌ വരാം. നമുക്ക് പോയി അപ്പവും ബീഫും കഴിക്കാം. അരമണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെ എത്തും."

ചില ദിവസങ്ങളില്‍ അങ്ങനെയാണല്ലോ. ചില ഭക്ഷണക്കൊതികള്‍ മനസ്സില്‍ തോന്നിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. മൈ ഫോണ്‍ നമ്പര്‍ ഈസ്‌... ആ അത് പോട്ടെ. അങ്ങനെ ഒരു കണക്കിന് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എണീറ്റ്‌ അരമണിക്കൂര്‍ കൊണ്ട് റെഡി ആയി നിന്നു. സാധാരണ രാവിലെ എണീക്കുന്നത് പതിവില്ല. ഉച്ചയ്ക്കാണ് എണീക്കാറുള്ളത്. അപ്പം, ബീഫ്‌ എന്നൊക്കെ കേട്ടത് മുതല്‍ വിശപ്പ്‌ നിന്നു കത്തുകയും ചെയ്യുന്നു. വൈകാതെ മിസ്റര്‍ സുനീഷ് അദ്ദേഹത്തിന്റെ ബൈക്കുമായി വരികയും "അപ്പം, ബീഫ്‌, അപ്പം, ബീഫ്‌" എന്ന താളത്തില്‍ ഞങ്ങള്‍ രണ്ടു പേരും പുറപ്പെടുകയും ചെയ്തു.

"എന്ത് പറ്റി, രാവിലെ ഒരു അപ്പോം ബീഫും കൊതി?"-ഞാന്‍
"ഓ എന്നാ പറയാനാ... വീട്ടില്‍ രാവിലെ എന്താ കഴിക്കാന്‍ ഒള്ളത് എന്ന് നോക്കിയപ്പോ കപ്പേം ബീഫും. വേണ്ടെന്നു പറഞ്ഞു ഞാനിങ്ങു പോന്നു. ഇന്ന് അപ്പോം ബീഫും കഴിക്കാന്‍ ഒരു കൊതി..."- സുനീഷ്.

ആദ്യം കണ്ട ഹോട്ടലില്‍ കേറി.
"ചേട്ടാ അപ്പോം ബീഫും ഉണ്ടോ?"
"അയ്യോ ഇല്ല മോനെ. പുട്ടും കടലേം ഉണ്ട്. അപ്പോം മൊട്ടക്കറീം ഉണ്ട്"
"ഓ വേണ്ട ചേട്ടാ..." അഹങ്കാരം!
അവിടന്ന് ഇറങ്ങി.

രണ്ടു മൂന്നു ഹോട്ടലുകളില്‍ കൂടി കേറി നോക്കി. അവിടെയൊക്കെ പ്രഭാതഭക്ഷണം കഴിഞ്ഞിരിക്കുന്നു. വിശപ്പാണെങ്കില്‍ വയറ്റില്‍ കിടന്നു ബെല്ലി ഡാന്‍സ്‌ കളിക്കുന്നു. കണ്ണില്‍ പൊന്നീച്ച. മൂക്കിലൊക്കെ വന്നു കേറുന്നത് വഴിയിലുള്ള വീടുകളില്‍ എന്തൊക്കെയോ പാചകം ചെയ്യുന്നതിന്റെ സുഗന്ധങ്ങള്‍ മാത്രം. ഒടുവില്‍ എന്തെങ്കിലും ആവട്ടെ എന്ന് കരുതി ആദ്യം കയറിയ ഹോട്ടലില്‍ ചെന്നു കയ്യൊക്കെ കഴുകി ഇരുന്നു.

"ചേട്ടാ... നേരത്തെ പറഞ്ഞ അപ്പോം മൊട്ടക്കറീം രണ്ടു പേര്‍ക്ക് എടുത്തോ.."
"അയ്യോ മോനെ എല്ലാം തീര്‍ന്നല്ലോ...!"
സുനീഷിന്റെ കണ്ണുകളില്‍ ദയനീയത. വെറുതെ കിടന്നു ഉറങ്ങിയ എന്നെ വിളിച്ച് ഉണര്‍ത്തി വിശപ്പ്‌ ഉണ്ടാക്കിയിട്ട് ഒന്നും കിട്ടാത്തതിന്റെ കലിപ്പ് എനിക്ക്.

അവിടെ നിന്നുമിറങ്ങി വീണ്ടും ബൈക്കില്‍ കറങ്ങി നടക്കുമ്പോഴുണ്ട് ബസ്‌ സ്ടാന്റിനു അടുത്തുള്ള മൈതാനത്ത്‌ എന്തോ ആദിവാസി എക്സിബിഷന്‍ നടക്കുന്നു.
"എടാ... അവിടെ നാടന്‍ ഭക്ഷണങ്ങള്‍ എന്തെങ്കിലും കാണും. കഴിഞ്ഞ വര്ഷം ഞാന്‍ എന്തൊക്കെയോ കഴിച്ചതാ..."- സുനീഷ്
"നാടനെങ്കില്‍ നാടന്‍... വാ കേറാം..."- ഞാന്‍

അകത്തു കയറി ചുറ്റും നോക്കുമ്പോള്‍ അതാ ബോര്‍ഡ്‌- "കപ്പയും നാടന്‍ കോഴിക്കറിയും". ഉള്ളില്‍ മൂന്നു നാല് ലഡു ഒരുമിച്ചു പൊട്ടി. ഓടിചെന്നു സീറ്റ് പിടിച്ചു. വേറെ ആരുമില്ല. സ്റ്റാളില്‍ കണ്ട ചേട്ടനോട് ഓര്‍ഡര്‍ പറഞ്ഞു- "ചേട്ടാ കപ്പയും കോഴിക്കറിയും പോരട്ടെ..."
അയാള്‍- "അയ്യോ.. കോഴിക്കറി ആവുന്നതെ ഉള്ളൂ... ഇനിയും സമയമെടുക്കും. വേണെങ്കില്‍ കപ്പയും മുളക് ഇടിച്ചതും എടുക്കാം. കുടിക്കാന്‍ നല്ല മരുന്ന് കാപ്പിയുണ്ട്..."
അങ്ങനെ അതും മൂഞ്ചസ്യ !

"എടുത്തോ എടുത്തോ ! ഒന്നും നോക്കണ്ട" ഞാന്‍ പറഞ്ഞു.
മിസ്റര്‍ സുനീഷ് ഒരു നിസ്സംഗഭാവത്തോടെ ഇരിക്കുന്നു.
"എന്തേയ്?" ഞാന്‍ ചോദിച്ചു...
"അല്ല.. രാവിലെ ജാടയ്ക്ക് കപ്പേം ബീഫും വേണ്ടെന്നു പറഞ്ഞിട്ട് പോന്ന ഞാന്‍ ദേ ഇവിടിരുന്ന് കപ്പേം മുളകും കഴിക്കുന്നു!"
ഞാന്‍ ചിരിച്ചു പോയി...
"നിങ്ങള്ക്ക് അത് തന്നെ വേണം! ഹ ഹ ഹ!"
"പോടാ മഹാപാപീ!"- കരയണോ എന്റെ മൂക്കിനു നോക്കി ഇടിക്കണോ എന്ന് കണ്ഫ്യൂഷനോടെ സുനീഷ്.

എന്തൊക്കെയായാലും അധികം വൈകാതെ കപ്പയും മുളകും മരുന്ന് കാപ്പിയും എത്തിചേര്‍ന്നു. നല്ല വിശപ്പ്‌ ഉണ്ടായിരുന്നത് കൊണ്ട് രണ്ടു പേരും നന്നായി വലിച്ചു കേറ്റി. കാപ്പി തൊട്ടു പോലും നോക്കാതെ എന്റെ ഫുള്‍ കോണ്‍സന്ട്രേഷന്‍ കപ്പയില്‍ കൊടുത്ത ഞാന്‍ ഇടയ്ക്ക് തല ഉയര്‍ത്തി നോക്കുമ്പോഴുണ്ട്, കണ്ണിലും മൂക്കിലും വായിലുമൊക്കെ വെള്ളം നിറഞ്ഞു സുനീഷ്. അയ്യേ! എരിവ് താങ്ങാനുള്ള കെല്‍പ്പില്ലെന്നോ!

"ചെറുപ്പത്തിലേ എരിവ് തിന്നു ശീലിക്കണം. ചെറുപ്പത്തില്‍ അത്യാവശ്യത്തിനു എരിവൊക്കെ തിന്നിട്ടില്ലെന്കില്‍ ഇങ്ങനെ പുറത്ത് നിന്നു കപ്പേം മുളകും തിന്നുമ്പോള്‍ എരിയും..."
എരിവ് കൂടുതല്‍ കഴിക്കുന്ന എന്റെ അഹങ്കാരം തലപൊക്കി.

ഒന്നും മിണ്ടാതെ വീണ്ടും "ശ്... ഹൂ ! ശ്... ഹൂ !" ശബ്ദത്തോടെ സുനീഷ് കഴിച്ചു തീര്‍ത്തു.

"ഛെ! എരിവ് താങ്ങാന്‍ കഴിയാത്ത ചീള് പിള്ളേര്‍സ് !" എന്ന ഭാവത്തില്‍ ഞാന്‍ മരുന്ന് കാപ്പിയെടുത്ത് ഒരു കവിള്‍ കുടിച്ചു. തിളച്ച ലാവ പോലത്തെ ഒരു പ്രത്യേക സൈസ്‌ കാപ്പി. കുരുമുളകും കാന്താരി മുളകും പിന്നെ എന്തൊക്കെയോ ഇട്ട ഒരു തരം തീവെള്ളം! നാവു മുതല്‍ ആസനം വരെ എരിഞ്ഞുപോയ എന്റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം ഒഴുകാന്‍ തുടങ്ങി. എന്റെ ഭാവമാറ്റം കണ്ട സുനീഷ് ചിരി തുടങ്ങി...

"നീ കാപ്പി കുടിച്ചില്ല എന്ന് എനിക്ക് മനസ്സിലായി. ഇപ്പൊ എങ്ങനെയുണ്ട്? എരിയുന്നുണ്ടോ? അതേയ്... ചെറുപ്പത്തിലേ എരിവ് തിന്നു ശീലിക്കാത്തതിന്റെയാ!"
മുറിവിന് മുകളില്‍ പൊടിയുപ്പ് തൂവുന്നു ദുഷ്ടനായ സുനീഷ്... ബാക്കി കാപ്പി അവിടെത്തന്നെ വച്ചു. സത്യം പറയാമല്ലോ... ഒരു കവിള്‍ മരുന്നുകാപ്പി കുടിച്ചതിന്റെ എരിവ് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അടങ്ങിയത്.

ചമ്മിയപ്പോള്‍ രണ്ടുപേരും ഒരേ ദിവസം നല്ല അന്തസ്സായി ചമ്മി... ഈ വയറിന്റെ ഒരു കാര്യം!
 

Saturday, 14 September 2013

ഒരു 'പത്തുമിനിറ്റ് പ്രണയ'ത്തിന്റെ ഓര്‍മ്മയ്ക്ക്...

ചില പ്രണയങ്ങള്‍ അങ്ങനെയാണ്. ഒന്നോ രണ്ടോ നോട്ടത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവ... അഞ്ചോ പത്തോ മിനിട്ടുകള്‍ മാത്രം നീണ്ടു നില്‍ക്കുന്നവ... തുടക്കമോ ഒടുക്കമോ പുഷ്പിച്ചു പടര്‍ന്നു പന്തലിക്കലോ ഇല്ലാത്തവ. ഇന്നും ഉണ്ടായി ഒന്ന്.

ഉച്ചയ്ക്ക് ചങ്ങാതി വിളിച്ചു...
"എടൊ... എവിടെയാ?"
"വീട്ടിലാ മാഷേ"
"എന്താ പരിപാടി?"
"വരയ്ക്കുകയായിരുന്നു"
"ശരി.. വരയൊക്കെ കഴിഞ്ഞ് ഒരു നാലര മണിയ്ക്ക് ഇറങ്ങിക്കോ. ഫോര്‍ട്ട്‌ കൊച്ചിക്ക് വിടാം. സീഗള്ളില്‍ കൂടാം. ഓരോ ബിയര്‍, അസ്തമയം കണ്ടുകൊണ്ട്..."
"അങ്ങനെ തന്നെ.."

നാല് മണിയായപ്പോള്‍ നേരെ എറണാകുളം ജെട്ടിയിലെയ്ക്ക്. ഫോര്‍ട്ട്‌ കൊച്ചി ബോട്ടില്‍ കയറാന്‍ ചെന്നപ്പോള്‍ സൂചികുത്താന്‍ ഇടമില്ലാത്ത തിരക്ക്. വൈപ്പിന്‍ ബോട്ടില്‍ ഏറ്റവും മുന്നില്‍ കയറി ഇരുന്നു ചളി, ലോകകാര്യങ്ങള്‍, പപ്പടവടയും അമേരിക്കയും തമ്മിലുള്ള ബന്ധം മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഒന്ന് പിറകിലേക്ക് പാളി നോക്കി. അപ്പുറത്തെ നിരയിലേയ്ക്ക്... ഈ പാളി നോട്ടത്തിനൊരു പ്രശ്നമുണ്ട്. ഇഷ്ടന്‍ ഉടക്കേണ്ടയിടത്തെ ഉടക്കൂ!

അവള്‍... അവളെന്നാല്‍ ഇന്നത്തെ സിനിമകളും സമൂഹവും മറ്റും മറ്റും നമ്മെ പഠിപ്പിച്ച, നമ്മുടെ 'മീഡിയാനിര്‍മ്മിത' കാല്പനികതയുടെ നേര്‍രേഖയില്‍ വരയ്ക്കപ്പെട്ടവള്‍ അല്ല. നമ്മള്‍ എന്നും വഴിവില്‍ വച്ച് കാണുന്ന സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരുവള്‍. സാധാരണ ഒരു ചുരിദാര്‍... വലിയ ഭംഗിയുള്ള കണ്ണുകള്‍. അത്രയെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. എങ്ങനെയോ ഇഷ്ടം തോന്നിപ്പോവുന്ന ഒരു കറുത്ത സുന്ദരി !

കണ്ണുകളാണ് ആദ്യം തമ്മിലിടഞ്ഞത്. ഒരു സെക്കന്‍ഡിന്റെ പത്തിലൊന്ന് സമയം മാത്രം. തലച്ചോറിലോ ഹൃദയത്തിലോ എവിടെയോ ഒരു കിളി ഇരുന്നു കുറുകുന്നു. കിളി പ്രശ്നക്കാരനാണ്. അവന്‍ കഴുത്തിന്റെ സന്ധിബന്ധങ്ങളിലും നാഡികളിലും പിടികൂടുന്നു. അടുത്ത മിനിട്ടില്‍ വളരെ സ്വാഭാവികമായി തല പിന്നോട്ട്... വീണ്ടും കണ്ണുകള്‍ ഇടയുന്നു, വൈദ്യുതി, കളകൂജനം. നോട്ടങ്ങള്‍ ഇടഞ്ഞു വൈദ്യുതി പ്രവഹിച്ചാല്‍ പിന്നെ തത്രപ്പാടാണ്. പിറകിലേയ്ക്ക് പതിയെ നീങ്ങിപ്പോവുന്ന ബോട്ടിലേയ്ക്കോ കപ്പലിലെയ്ക്കോ ആണ് നോക്കിയത് എന്ന് വരുത്തി തീര്‍ക്കണം. എന്ത് തന്നെയായാലും വൈദ്യുതിയാണ്. അത് പ്രവഹിക്കുക തന്നെ ചെയ്യും. അത് അങ്ങേയറ്റത്ത് എത്തിക്കഴിഞ്ഞാല്‍ കാണാവുന്ന ചില മാറ്റങ്ങളുണ്ട്. അത് തന്നെ സംഭവിക്കുകയും ചെയ്തു. സുന്ദരി കോണ്‍ഷ്യസ് ആയി. വളയിട്ട വലത്തേക്കൈ പാറിപ്പറന്ന മുടിയിഴകള്‍ ഒന്നൊതുക്കിവച്ച്, ചുരിദാറിന്റെ ഷോള്‍ ഒന്നൊതുക്കി അവള്‍ ഒന്ന് ഇളകിയിരുന്നു. ആണിന്റെ നോട്ടം കണ്ടാല്‍, അതിലെ തിളക്കം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത പെണ്ണില്ല. കൃത്യമായി അവര്‍ അത് ഗുണിച്ചു ഹരിച്ചെടുക്കും. "നിന്റെ നോട്ടം ഞാന്‍ കാണുന്നു... അതിലുള്ള ആര്‍ദ്രത എന്തെന്ന് ഞാന്‍ അറിയുന്നു" എന്ന് കണ്ണുകളിലൂടെ പറഞ്ഞു തരികയും ചെയ്യും. മൂന്നാമതും നാലാമതും നോട്ടങ്ങള്‍ തമ്മില്‍ ഇടഞ്ഞപ്പോഴും അവള്‍ പറഞ്ഞത് അത് തന്നെയാവണം.

എന്നാലും പ്രിയ പെണ്‍കുട്ടീ, 'ഇത് ഞാന്‍ എത്ര കണ്ടതാ' എന്നൊരു ഭാവത്തില്‍ നീ ഇരുന്നതും മുഖഭാവത്തില്‍ കനം വരുത്തി ജാഡ നടിച്ചതും കുറുമ്പല്ലേ? അതുകൊണ്ടല്ലേ വീണ്ടും ഒരു വട്ടം കൂടി ഞാന്‍ തിരിഞ്ഞു നോക്കാതിരുന്നതും ബോട്ടില്‍ നിന്നുമിറങ്ങി നടന്നു ദൂരെ എത്തുന്നത് വരെ തിരിഞ്ഞു നോക്കാതിരുന്നതും. പക്ഷെ ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോഴും നമ്മുടെ കണ്ണുകള്‍ തമ്മില്‍ ഒരിക്കല്‍ കൂടി ഇടയുകയും ഒരു ചെറിയ പുഞ്ചിരി എന്റെ ചുണ്ടില്‍ പൂക്കുകയും ചെയ്തു.

ജീവിതമാണ് പ്രണയം, പ്രണയമാണ് ജീവിതം, അതില്‍ ജീവിച്ചു മരിക്കലാണ് വലിയ കാര്യം എന്നൊക്കെയോര്‍ത്തു പഴങ്കഥകളും ചുറ്റും കണ്ടതും കേട്ടതുമൊക്കെ കുന്നിക്കുരു കൂട്ടി യാഥാസ്ഥിതിക പ്രണയത്തിന്റെ പിടിയില്‍ പെട്ട് പോയിരുന്ന ഞാന്‍ വെറും പത്ത് മിനിറ്റ്‌ കൊണ്ട് തീരുന്നതും പ്രണയം തന്നെ, അതിലും ജീവനും ഓജസ്സും ഉണ്ട് എന്ന് മനസ്സിലാക്കുന്നയിടത്തേയ്ക്ക് എത്തി എന്ന് തിരിച്ചറിയുമ്പോള്‍ സന്തോഷമുണ്ട്. ഇനിയും പ്രണയിക്കുകയും ചെയ്യും... നമ്മള്‍ കണ്ടും കേട്ടും പഴകിയ പൈങ്കിളി പ്രണയസങ്കല്‍പ്പങ്ങളെ പാടെ ഉപേക്ഷിച്ചുകൊണ്ട്...


----------------------------------------

----------------------------------------
---------------------------------------------