Wednesday, 24 August 2016

സ്റ്റീരിയോടൈപ്പിനെ പൊട്ടിക്കുന്നത്

ഒരു ദിവസം ഉരൽ തന്റെ ബി.എം.ഡബ്ലി 7 സീരീസിൽ അങ്ങനെ വരുവാരുന്നേ... അപ്പൊ ദാണ്ടെ ഒരു ഔഡി ആർ 8 എതിരെ വരുന്നു. നോക്കിയപ്പഴാരാ? നമ്മടെ ഗുഡ് ഓൾഡ് മദ്ദളം! വർഷങ്ങൾക്കു ശേഷം തമ്മിൽ കണ്ട അവരു വണ്ടികളിൽ നിന്നിറങ്ങി വഴിയിൽ കണ്ട ഫൈവ് സ്റ്റാറിൽ കേറി രണ്ടെണ്ണം വിട്ട് വിശേഷങ്ങൾ പറയാൻ തുടങ്ങി... 
ഉരൽ: "അളിയാ.. എത്ര നാളായി കണ്ടിട്ട്? എന്തൊക്കെ വിശേഷങ്ങൾ?"
മദ്ദളം: "പരമ സുഖം തന്നെ അളിയോ... ഇപ്പൊ പണ്ടത്തെപ്പോലെ അടി കൊള്ളുന്നതൊക്കെ കുറവാ. പുതിയ പിള്ളേർക്കൊക്കെ പുതിയ മ്യൂസിക്കല്ലേ... നമ്മടെ തടി കയ്ച്ചലായി..."
ഉരൽ: "തന്നളിയാ... ഗ്രൈൻഡറൊക്കെ വന്നതോടെ എനിക്കും കുറഞ്ഞു ഇടി കൊള്ളല്. ഇപ്പൊ വല്ല ഹെറിറ്റേജ് ഹോട്ടലിലും പോയി പാളീഷുമടിച്ചു വല്ല മൂലയ്ക്കുമിരുന്നാ മതി. നല്ല കാശും കിട്ടും. മക്കളൊക്കെ കല്യാണം കഴിച്ചു വിദേശത്താ താമസം." 
മദ്ദളം: "ങാ! എന്റെ പുള്ളാരുമതെ. ഹൊ! പണ്ടൊക്കെ എന്തായിരുന്നു പാട്? തമ്മിൽ കണ്ടാൽ കിട്ടിയ അടീടേം ഇടീടേം കണക്കു പറയലല്ലാരുന്നില്ലേ നമ്മുടെ പണി... ദേ അളിയന്റെ സ്മാളു തീർന്നോ? ഒരു പെഗ് ഷിവാസ് റീഗലു പറയട്ടോ?" 
ഉരൽ: "വേണ്ടളിയാ. മതി. ശ്രീമതി അറിഞ്ഞാൽ അതു മതി പുകിലിന്. ഷുഗറൊക്കെയുണ്ടേ... പോരാത്തതിനു വീട്ടിൽ പോയിട്ട് ചെറിയ ഒരു പണിയുമുണ്ട്." 
മദ്ദളം: "എന്നാൽ വിട്ടോ. എനിക്കുമുണ്ട് വീട്ടിൽ പോയിട്ട് ഒരു ചെറിയ പണി."
ഇത്രയും പറഞ്ഞു രണ്ടു പേരും അവരവരുടെ സൂപ്പർ കാറുകളിൽ അവരവരുടെ ബ്ലംഗ്ലാവുകളിൽ പോയി കൈവശമുണ്ടായിരുന്ന സ്റ്റീരിയോയും ടൈപ്പ് റൈറ്ററും നിലത്തെറിഞ്ഞു പൊട്ടിച്ചു. എന്നിട്ടിങ്ങനെ ആക്രോശിച്ചു... 
"അവന്റമ്മേടെ ഒരു സ്റ്റീരിയോടൈപ്പ്!"

Monday, 13 April 2015

നെറ്റ് ന്യൂട്ട്രാലിറ്റിയോ? അത് ഏതു ബേക്കറിയിൽ കിട്ടും?


"നെറ്റ് ന്യൂട്ട്രാലിറ്റി എന്തൂട്ടാ? എനിക്ക് അത് എന്തിനാ?"
സംഗതി സിമ്പിൾ ആണ്. നമ്മൾ എല്ലാവരും ഇന്റര്നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇന്റര്നെറ്റ് ഉപയോഗിച്ച് പല സര്വ്വീസുകളും നമ്മൾ ഉപയോഗിക്കുന്നുമുണ്ട്. അതിനു നമ്മൾ (മനസ്സില്ലാമനസ്സോടെയാണെങ്കിലും) ബില്ല് അടയ്ക്കുന്നുമുണ്ട്. കൊടുത്ത പൈസയ്ക് നമുക്ക് ഇഷ്ടമുള്ള വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നു, വായിക്കുന്നു, ഡൌണ്‍ലോഡ് ചെയ്യുന്നു, ഷെയർ, ലൈക്, പോക്ക്, കൂക്ക് എല്ലാം ചെയ്യുന്നു. ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ എല്ലാം സമാനമായ പ്രാധാന്യമുള്ളതാണ്- അത് എന്തുമായിക്കൊള്ളട്ടെ, നമ്മൾ ഏതെങ്കിലും വെബ്‌സൈററ് സന്ദര്ശിക്കണമെന്ന് ആഗ്രഹിച്ചാൽ അത് ഒരു കത്രികയ്ക്കും ഇരയാകാതെ നമ്മുടെ മുന്പിലെത്തുന്നതിനെയാണ് നെറ്റ് ന്യൂട്ട്രാലിറ്റി എന്ന് പറയുന്നത്. 
"അതിനിപ്പോ എന്താ പ്രശ്നം? അതിലിപ്പോ പുതുമയൊന്നും ഇല്ലല്ലോ? ഇപ്പൊ അങ്ങനെ തന്നെയല്ലേ?"
ചോദ്യം അവിടെ നിൽക്കട്ടെ. മേല്പ്പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ കഴുത്തിനു കത്തി വീഴാൻ പോകുന്നു. 
"അതെപ്പടി?അതെങ്ങനെ ശരിയാവും?"
ങാ.. അതാണ്‌ പറഞ്ഞു വരുന്നത്. 
നിങ്ങളുടെ ഏരിയയിലേയ്ക്കു പാൽ സപ്പ്ലൈ ചെയ്യുന്നത് മൂന്നു പേര് ആണെന്ന് വയ്ക്കുക- ബാബു, ചീക്കു ആൻഡ് മിസ്റ്റർ കോക്കാൻ. മൂന്നു പേരും നിങ്ങളുടെ ഏരിയയിലേയ്ക്കു എത്തുന്നത്‌ മൂന്നു വഴികളിലൂടെയും. ആർത്തിക്കാരനും പുത്തൻപണക്കാരനും സര്വ്വോപരി ബോറനുമായ മിസ്റ്റർ കോക്കാൻ ബാക്കി രണ്ടു പേര്ക്കും പണി കൊടുത്തു ബിസിനസ് മുഴുവനുമായി സ്വന്തമാക്കാൻ റോഡു കൊണ്ട്രാക്ട്ടർ വാസു അണ്ണന് കള്ളു വാങ്ങി കൊടുക്കുന്നു. വാസു അണ്ണൻ പോയി ബാബുവും ചീക്കുവും പാലുമായി വരുന്ന വഴിയെല്ലാം കുഴിച്ചും കിളച്ചും കൊളമാക്കുന്നു. രാവിലെ ചായ കുടിച്ചാലേ എന്തെങ്കിലും സംഭവിക്കൂ എന്ന് കൃത്യനിഷ്ഠയുള്ള നിങ്ങൾ എല്ലാവരും ചേർന്ന് വൈകിയെത്തുന്ന ബാബുവിനെയും ചീക്കുവിനെയും ഒഴിവാക്കി കച്ചോടം മുഴുവനായി മി. കോക്കാനെ എല്പ്പിക്കുന്നു, കൂടുതൽ പണക്കാരനായി മാറുന്ന മി. കോക്കാൻ ഒരു പടുകൂറ്റൻ ബ്ലംഗ്ലാവും സ്വിമ്മിംഗ് ഫൂളും ഒക്കെ സ്വന്തമാക്കുന്നു. തീര്ന്നില്ല. കൊളമായ വഴികൾ അവിടെ വെള്ളം മൂടി കിടക്കുകയാണല്ലോ... അതിനു കുറുകെ ഒരു ചങ്ങാടം സര്വ്വീസും മി. കോക്കാൻ ആരംഭിക്കുകയാണ്. സര്വ്വീസ് ഉപയോഗിച്ച് അക്കരയ്ക്കു പോണമെങ്കിൽ നിങ്ങൾ കൊടുക്കണം വേറെ വേറെ കാശ്! എപ്പടി?
ഇതിനിടയിൽ നിങ്ങൾ മറന്നുപോയ ഒരു കാര്യമുണ്ട്. ബാബു വരുന്ന വഴിയാണ് നിങ്ങള്ക്ക് കറന്റ് ബിൽ അടയ്ക്കാനും മാർക്കറ്റിൽ മീൻ വാങ്ങാനും ഒക്കെയായി പോകേണ്ടത്... ചീക്കു വരുന്ന വഴിയാണ് നിങ്ങൾ സിനിമാ കാണാൻ പോകുന്നത്... ചുരുക്കിപ്പറഞ്ഞാൽ നിങ്ങടെ യാത്ര കട്ടപ്പൊക! അഥവാ നിങ്ങൾ എവിടെ പോകണമെന്ന് തീരുമാനിക്കുന്നത് മിസ്റ്റർ കോക്കാനാകുന്നു!!!
ഇനി വസ്തുതകൾ....
നമ്മുടെ രാജ്യത്തെ ടെലിക്കോം ഓപ്പറേറ്റർമാര് എല്ലാം കൂടി ഇവിടത്തെ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക് (TRAI) ഒരു വാറോല കൊടുത്തിരിക്കുന്നു. മേലപ്പടി സംഭവം അനുസരിച്ച് ടെലിക്കോം കംപനിക്കാരുടെ ഇഷ്ടക്കാരായ (അഥവാ അവര്ക്ക് കൂടുതൽ നേര്ച്ചയിടുന്ന) വെബ്‌സൈറ്റുകൾ പെട്ടെന്ന് നമ്മുടെ കമ്പ്യൂട്ടറുകളിൽ ലോഡ് ആവുന്നു. മറ്റു കമ്പനിക്കാർ മൂ... അല്ലെങ്കിൽ അത് വേണ്ട... മൂക്ക് പിഴിഞ്ഞ് നില്ക്കേണ്ടി വരുന്നു. അതും പോരാതെ പല വെബ്‌ സൈറ്റുകളെ പല വിഭാഗങ്ങളായി തിരിച്ചു അവ ഉപയോഗിക്കാൻ വേറെ വേറെ നിരക്കുകൾ ഈടാക്കാനും പ്ലാനുണ്ട്. ഇന്റര്നെറ്റ് ഉപയോഗിക്കാനുള്ള നാട്ടുകാരുടെ സ്വാതന്ത്ര്യം മൂ... മൂ... ങാ അത് തന്നെ. TRAI വെബ്‌സൈറ്റിൽ സംഗതിയുടെ നൂറു പേജ് നീണ്ട വിവരണം കിടപ്പുണ്ട്. ലതിന്റെ പേര് "മൃച്ചകടികചിങ്കിരിപൂപ്പോളോമാനിയചാക്ക്രകോക്കോല്പ്രേക്ഷാലങ്കാരം" എന്ന മട്ടിൽ നീണ്ട ഒരു ഘടാഘടികൻ വാക്കും. സംഭവം അവിടെ ഇട്ടിരിക്കുന്നത് മാര്ച് 25-ന്. ഇതിനെതിരെ ആര്ക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് സ്വീകരിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24! വെരി കണ്വീനിയന്റ്റ് അല്ലെ? 
"പണിയായോ?!!! ഇനി എന്ത് ചെയ്യും?"
ലഡ്ഡു പൊട്ടിയോ? പണി ആയി മോനെ... ആയി. ഇനി ചെയ്യാൻ ഒരു പണിയേ ഉള്ളൂ. ടെലിക്കോം കമ്പനിക്കാരുടെ ഈ നീക്കത്തിനെതിരെ TRAI സമക്ഷം പരാതി അറിയിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുന്ന നിങ്ങളുടെ പരിചയക്കാരെ ഈ കെണിയെക്കുറിച്ച് അറിയിക്കുക. പരാതി അറിയിക്കാൻ ഈ ലിങ്കിൽ പോകുക> http://www.savetheinternet.in/
സമയമില്ല ചങ്ങായി... 24 ഏപ്രിൽ വരെയേ അവര് പരാതി എടുക്കുന്നുള്ളൂ. ഒന്നും ചെയ്യാതെ ഇരുന്നിട്ട് അവസാനം ഊ... ഊ...
അല്ലാ... "ഊഞ്ഞാലാ... ഊഞ്ഞാലാ..." എന്നൊരു പഴയ പാട്ടുണ്ട്. നല്ല പാട്ടാ...
അവസാനം, ടോറന്റിയിട്ട് അങ്ങ് ഒക്കുന്നില്ല, ഇരിക്കുന്നില്ല എന്നൊക്കെ പറഞ്ഞു വന്നേക്കരുത്...
അപ്പൊ സുലാൻ!

Thursday, 4 September 2014

കോരളത്തില്‍ സമ്പൂര്‍ണ്ണ സിനിമാനിരോധനം- പീതവര്‍ണ്ണി ദിനപ്പത്രം, 11 ഡിസംബര്‍ 2027

പീതവര്‍ണ്ണി ദിനപ്പത്രം, 11 ഡിസംബര്‍ 2027

കോരളത്തില്‍ സമ്പൂര്‍ണ്ണ സിനിമാനിരോധനം 

സ്വ.ലേ അഥവാ ഓറിയോണ്‍

ത്രോന്തോരം: സംസ്ഥാനസര്‍ക്കാരിന്റെ പുതിയ സിനിമാനയത്തെ അടിസ്ഥാനമാക്കിയുള്ള മുഖ്യമന്ത്രി പി.പി കോക്കാന്‍ വാസുവിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് കോരളത്തില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ സിനിമാനിരോധനം നിലവില്‍ വരും. ഇന്നലെ ക്ലിപ്ഹൌസില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ വച്ചാണ് അദ്ദേഹം കോരളത്തിലെ സിനിമാസ്വാദകരുടെ നെഞ്ചിനു നേര്‍ക്ക്‌ ഈ അവസാനത്തെ നിറയൊഴിച്ചത്. ഇതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി കോരളത്തില്‍ നടന്നു വന്നിരുന്ന പൊറോട്ടുനാടകത്തിന്റെ തിരശീല വീഴുകയാണ്. 2027 ഫെബ്രുവരി മുതല്‍ സിനിമകള്‍ സമൂഹത്തിനു വരുത്തിവയ്ക്കുന്ന അപകടങ്ങളെപ്പറ്റി ആകുലപ്പെട്ടു കണ്ണീര്‍വാര്‍ത്തു നൊന്തു പിരണ്ട കീ.കീ.കോ.കി പ്രസിഡന്‍റ് പാഷാണമോറന്‍ അവര്‍കളുടെ സിനിമാനയം കണക്കിലെടുത്ത് സംസ്ഥാനത്ത് ബാക്കിയുണ്ടായിരുന്ന 51 സിനിമാതീയേറ്ററുകളില്‍ 31 എണ്ണവും സര്‍ക്കാര്‍ അടപ്പിച്ചിരുന്നു. കോരളത്തിന്റെ യുവാക്കളെയും പുതുതലമുറയെയും സിനിമ വഴിതെറ്റിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം സിനിമാവ്യവസായത്തിന് എതിരെ യുദ്ധം അഴിച്ചുവിട്ടത്. ഇങ്ങനെയൊരു നീക്കത്തിന്റെ പിറകില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സിനിമാവിരുദ്ധരുടെ വോട്ടുകള്‍ മറിക്കുക എന്നൊരു ഉദ്ദേശമല്ലേയെന്നു ചോദിച്ച പത്രപ്രതിനിധികളെ പാഷാണമോറന്‍ കൊഞ്ഞനം കുത്തിക്കാണിച്ചത് ഈയിടെ വന്‍വിവാദമായിരുന്നു. പടിപടിയായുള്ള നിരോധനമല്ല, മറിച്ച് ഒരു സമ്പൂര്‍ണ്ണസിനിമാനിരോധനമാണ് ഏറ്റവും നല്ല വഴിയെന്ന നിഗമനത്തിലെത്തി ഒടുവില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കോക്കാന്‍ വാസു ഉത്തരവ് പുറപ്പെടുവിച്ചത്. അതിനാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് സിനിമാപ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. തീയേറ്ററുകളില്‍ നിന്ന് തുടങ്ങുന്ന നിരോധനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടിവി ചാനലുകളിലും പ്രാവര്‍ത്തികമാക്കും. ഇനി മുതല്‍ സിനിമ വീടുകളില്‍ പോലും ഡിവിഡി ഉപയോഗിച്ച് കാണുന്നത് പോലും നിയമവിരുധമാവും. ജനത്തിന്റെ കൈവശമുള്ള സിനിമാ പതിപ്പുകള്‍ എല്ലാം തന്നെ ഒരു മാസത്തിനകം പഞ്ചായത്ത്, കോര്‍പ്പറേഷന്‍ ആപ്പീസുകളില്‍ എല്പ്പിക്കെണ്ടതാനെന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ നടത്തുന്ന ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കോരളയ്ക്ക് പകരം ഇനി ഇന്റര്‍നാഷനല്‍ കൈ കൊട്ടിക്കളി ഫെസ്റ്റിവല്‍ ഓഫ് കോരളയാണ് വരാന്‍ പോകുന്നത്. നിരോധനാജ്ഞ സിനിമാവ്യവസായത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള അനേകം വ്യവസായങ്ങള്‍ക്ക് നിരോധനം കനത്ത അടിയാവുമെന്നതിനു സംശയമേതുമില്ല. ഇതു മൂലം സര്‍ക്കാരിന് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാവുമെന്നാണ് കണക്കിലാക്കപ്പെടുന്നത്. നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന എല്ലാ സിനിമാപ്രവര്‍ത്തകരെയും പൊന്നും വിലയ്ക്കെടുക്കാന്‍ പദ്ധതിയുണ്ടെന്നും ശ്രീ കോക്കാന്‍ അറിയിച്ചു. നിരോധനത്തിനെതിരെ അമ്മായി, അമ്മാച്ചന്‍, അളിയന്‍ എന്നീ സിനിമാസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിരോധനാജ്ഞ മൂലം സംസ്ഥാനത്ത് ഉടനീളം വ്യാജസിനിമകളും ഷോര്‍ട്ട് ഫിലിമുകളും ഒഴുകുമെന്നും സംസ്ഥാനത്തു നിന്ന് അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് പോയി സിനിമാ കണ്ടു ജനം അവിടത്തെ സര്‍ക്കാരിന് കനത്ത സാമ്പത്തിക ലാഭം നല്‍കുമെന്നും അമ്മായിയുടെ പ്രസിഡന്‍റ് പുഷ്കരന്‍ ആശങ്ക പ്രകടിപ്പിച്ചു. സിനിമാനിരോധനത്തിനു ശേഷം അടുത്തതായി സംസ്ഥാനത്ത് വരാന്‍ പോകുന്നത് വെള്ളയപ്പം നിരോധനമാണെന്ന് 'പീതവര്‍ണ്ണി'യോട് പാഷാണമോറന്‍ ഫോണില്‍ അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ട് വെള്ളയപ്പമെന്നു ചോദിച്ചപ്പോള്‍ അതിന്റെ പുളിരസം തനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം ലുങ്കി, തെങ്ങ്, ബദാംപരിപ്പ്, കൊമ്പന്‍മീശ, ജീന്‍സ്‌, ടോയ്ലറ്റ് പേപ്പര്‍ എന്നിങ്ങനെ തനിക്കിഷ്ടമാല്ലാത്ത പലതും നിരോധിച്ചേക്കും എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിസ്ക്ലെയിമന്‍: ചത്തുപോയവരായും വെള്ളം കിട്ടാതെ ചാകാന്‍ കിടക്കുന്നവരായും ഇതിനു യാതൊരു അന്തോം കുന്തോം ഇല്ല. ഉള്ളതായി തോന്നിയാല്‍ ഒന്ന് മാന്തിയാല്‍ മാറും.

Sunday, 27 July 2014

തെക്ക് തെക്കൊരു പോത്ത് ചത്ത്‌

"തെക്ക് തെക്കൊരു പോത്ത് ചത്ത്‌.
പോത്തിന്റ പൊറത്തൊര് പൂ മൊളച്ച്.
പൂ കൊണ്ടോയി തട്ടാന് കൊട്ത്ത്‌.
തട്ടാനൊര് മാല തന്ന്.
മാല കൊണ്ടോയി കൊച്ചുകിടാവിന്റ കഴുത്തേലിട്ട്.
കൊച്ചുകിടാവൊരുകൊട്ട ചാണാന്‍ തന്ന്.
ചാണാന്‍ കൊണ്ടോയി വാഴക്കിട്ട്.
വാഴ ഒര് കൊല പഴന്തന്ന്.
പഴം കൊണ്ടോയി പത്തായത്തീവച്ച്.
പത്തായമൊര് പലക തന്ന്.
പലക കൊണ്ടോയി കെണറ്റിലിട്ട്.
കെണറൊര് തൊട്ടി വെള്ളന്തന്ന്.
വെള്ളങ്കോണ്ടോയി കൊടിക്കൊഴിച്ച്.
കൊടിയൊര് പച്ചവെറ്റ്ലേം ഒര് പഴ്ത്തവെറ്റ്ലേം തന്ന്.
പച്ചവെറ്റ്ല കൊണ്ടോയി അമ്മാവനും കൊട്ത്ത് പഴ്ത്തവെറ്റ്ല അമ്മായിക്കും കൊട്ത്ത്.
അമ്മാവനൊരു പിടി ചോറുന്തന്ന് അമ്മായി കൊറച്ച് കഞ്ഞിരവെള്ളോന്തന്ന്.
ചോറ് ഞാനുന്തിന്ന് കഞ്ഞിരവെള്ളം കൊണ്ടോയി കൊച്ചുപട്ടിക്കും കൊട്ത്ത്.
കൊച്ചുപട്ടി ഒര് കടീം കടിച്ച്‌ ഞാനൊര് ഇടീമിടിച്ച്.
കൊച്ചുപട്ടി കൊച്ചുപട്ടിട കാട്ടിലോട്ടുമ്പോയി ഞാനെന്റ വീട്ടിലോട്ടുമ്പോന്ന്."

പണ്ട് "കഥ പറഞ്ഞു താ"യെന്നു നാഴികയ്ക്ക് നാല്‍പ്പതു വട്ടം അമ്മൂമ്മയുടെ പിറകെ നടക്കുമ്പോള്‍ പെട്ടെന്ന് ഒന്നും ഓര്‍മ്മവന്നില്ലെങ്കില്‍ സമാധാനിപ്പിക്കാന്‍ പറഞ്ഞു തന്നിരുന്ന കഥയാണ്. ഒരു നൂറുവട്ടമെന്കിലും കേട്ട് മനപ്പാഠമായത്. ഇന്ന് മമ്മി ഇതിന്റെ തുടക്കം പറഞ്ഞപ്പോള്‍ ബാക്കി പറഞ്ഞു നോക്കി. ഓര്‍മ്മയ്ക്ക് ലേശം തുരുമ്പുപിടിച്ചത് മമ്മി ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് ആക്കിത്തന്നപ്പോള്‍ സംഗതി മുഴുവനായി. അമ്മൂമ്മ പറഞ്ഞുതന്നത് കേട്ട അതേ എറണാകുളം നാട്ടുഭാഷ രീതിയില്‍ തന്നെ എഴുതി വച്ചിരിക്കുന്നു.

ചാണാന്‍ = ചാണകം
വാഴക്കിട്ട് = വാഴയുടെ കടയ്ക്കല്‍ ഇട്ടു
പഴന്തന്ന് = പഴം തന്നു
പത്തായത്തീവച്ച് = പത്തായത്തില്‍ വച്ചു
കൊടിക്കൊഴിച്ച് = കൊടിക്ക് ഒഴിച്ചു (വെറ്റിലക്കൊടി/ചെടിയ്ക്ക് ഒഴിച്ചു)
ചോറുന്തന്ന് = ചോറും തന്നു
കഞ്ഞിരവെള്ളം = കഞ്ഞിവെള്ളം
ഞാനുന്തിന്ന് = ഞാനും തിന്നു (ഈ ഭാഗങ്ങളില്‍ "ചോറ് ഉണ്ടു" എന്നും "ചോറ് തിന്നു" എന്നും പറയാറുണ്ട്‌)
കാട്ടിലോട്ടുമ്പോയി = കാട്ടിലെക്കും പോയി 

Wednesday, 30 April 2014

ഒരു പെണ്ണും പിന്നൊരു കൊക്കും!

"എടാ എന്റെ വീടിന്റെ മതിലുമ്മേ നീയൊരു പടം വരച്ചു തരണം!"
സ്ഥലത്തെ പ്രധാന പാമ്പ് നിന്ന് ആടുകയാണ്.

എള്ളോളം ഉള്ളില്‍ ചെന്നാല്‍ ആദ്യം മുന്നില്‍ ചെന്നു പെടുന്നവന്റെ വിധിയാണ്. ചെവിതീറ്റയില്‍ പാമ്പിനെ കഴിഞ്ഞേ ആളുള്ളൂ. അബദ്ധവശാല്‍ അന്ന് ചെന്നു പെട്ടത് ഞാനും. ഞാന്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ പഠിക്കുകയാണ്, ചിത്രം വരയ്ക്കും എന്നൊക്കെ പാമ്പിനോട് ആരോ പറഞ്ഞുകൊടുത്തിരിക്കുന്നു. അവന്റെ തലയില്‍ ഇടിത്തീ വീഴണേ സെന്റീശ്വരാ!

"പെയിന്ടൊക്കെ ഞാന്‍ മേടിച്ചു തന്നേക്കാം. വരച്ചു തരണം"
അതായത്, കാശൊന്നും തരില്ല, വേണെങ്കില്‍ വരയ്ക്കാനുള്ള പെയിന്റ് വാങ്ങി തന്നെക്കാമെന്നു! അയ്യട മനമേ!

രക്ഷപ്പെടാന്‍ വേണ്ടി പറഞ്ഞു- "എന്ത് പടമാ വരച്ചു തരേണ്ടത്? അടുത്ത ആഴ്ച നോക്കാം. ഇപ്പൊ ഇത്തിരി തിരക്കുണ്ട്‌..."

"അതില്ലേ മോനെ... ഒരു പെണ്ണ് ഒരു കൊക്കിനെ നോക്കുന്ന ഭയങ്കര ഫേമസ് ഒരു പടമുണ്ട്. അത് വരച്ചു തന്നാമതി. പടം എന്റെ കയ്യിലുണ്ട്. വാ കാട്ടിത്തരാം..."
പാമ്പ് പടം എടുക്കാന്‍ പോയി.

കിട്ടിയ പതിനഞ്ചു മിനിട്ട് പോസ്റ്റിനും രണ്ടു സിഗരറ്റിനും ഇടയില്‍ ഞാന്‍ ഓര്‍മ്മയിലുള്ള ചിത്രങ്ങളൊക്കെ ഓര്‍ത്തു നോക്കി. അതേതാണാവോ ആ കൊക്കിനെ നോക്കുന്ന പെണ്ണിന്റെ ഫേമസ് പടം? സ്വഭാവം വച്ച് നോക്കിയാല്‍ വല്ല സില്‍ക്ക്‌ സ്മിതയും ആയിരിക്കും. എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. എന്തോ ആവട്ട്. കൊണ്ടുവരുമ്പോള്‍ കാണാമല്ലോ.

കുറച്ചു കഴിഞ്ഞു പാമ്പ് പ്രിന്റ്‌ ചെയ്ത ഒരു ചിത്രം കൊണ്ടു വന്നു കയ്യില്‍ തന്നു. ചിത്രം കണ്ട ഞാന്‍ കണ്ണുമിഴിച്ചു. ഇതായിരുന്നോ 'പെണ്ണ് കൊക്കിനെ നോക്കുന്ന പടം'?

കയ്യിലിരുന്നു ചിരിക്കുന്നു, രാജാ രവിവര്‍മ്മ വരച്ച 'ഹംസദമയന്തി'!

Monday, 28 April 2014

വിവാഹശേഷം...

അവര്‍: "കല്യാണം കഴിച്ചു, അല്ലെ?"
ഞങ്ങള്‍: "ഉവ്വ്..."
അവര്‍: "രേജിസ്ടര്‍ വിവാഹം ആയിരുന്നല്ലേ?"
ഞങ്ങള്‍: "അതെ..."
അവര്‍: "പ്രണയം ആയിരുന്നല്ലേ?"
ഞങ്ങള്‍: "അല്ല..."
അവര്‍: "ങേ! പിന്നെയോ?"
ഞങ്ങള്‍: "പരസ്പരബഹുമാനം ആയിരുന്നു"
അവര്‍: 
ഞങ്ങള്‍: 
അവര്‍: 
ഞങ്ങള്‍: 

Friday, 28 March 2014

ഒരു കഥ...

ഒരു കഥ പറയാം....

ഒരിടത്ത് ഒരു രാജാവ് ഉണ്ടായിരുന്നു. ജനങ്ങളുടെ പക്കല്‍ നിന്നും കനത്ത നികുതി ചുമത്തുകയും ആ പണം കൊണ്ട് സുഖലോലുപതയില്‍ കഴിയാനുമായിരുന്നു അയാളുടെ ആഗ്രഹം. പക്ഷെ അങ്ങനെ ചെയ്‌താല്‍ ജനം തനിക്കെതിരെ തിരിഞ്ഞു തന്നെ സിംഹാസനത്തില്‍ നിന്നും താഴെയെറിയുമോയെന്നു അയാള്‍ ഭയന്നു. ഒരുപാട് ആലോചനയ്ക്ക് ശേഷം അതിനു അയാള്‍ ഒരു പോംവഴിയും കണ്ടെത്തി. രാജശില്പ്പികളോട് പറഞ്ഞ് തന്റെ രാജ്യത്ത് പലയിടങ്ങളിലായി സ്വര്‍ണ്ണം കൊണ്ടും രത്നം കൊണ്ടും മറ്റനേകം അമൂല്യവസ്തുക്കള്‍ കൊണ്ടും അസംഘ്യം കാരാഗൃഹങ്ങള്‍ അയാള്‍ പണി കഴിപ്പിച്ചു. എന്നിട്ട് ജനങ്ങളോട് പറഞ്ഞു,

"പ്രിയപ്പെട്ട ജനങ്ങളെ നോക്കൂ... നിങ്ങള്‍ക്കായി അമൂല്യവസ്തുക്കളാല്‍ ഞാന്‍ പണികഴിപ്പിച്ച സൌധങ്ങള്‍. അവ നിങ്ങള്‍ക്കായി ഞാന്‍ വിട്ടു തരുന്നു. നിങ്ങളെ പല വിഭാഗങ്ങളായി തിരിച്ച് ഞാന്‍ അവയില്‍ പാര്‍പ്പിക്കാം. ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി... അവ അമൂല്യങ്ങളാണ്. അതുകൊണ്ടുതന്നെ അവയെ സംരക്ഷിക്കാനുള്ള ചുമതലയും നിങ്ങളുടേതാണ്. പോയി സസുഖം ജീവിച്ചുകൊള്ളുക."

"എത്ര നല്ല രാജാവ് " എന്നു തമ്മില്‍ പറഞ്ഞു ജയ്‌ വിളിച്ചുകൊണ്ട് ജനം പലതായി പിരിഞ്ഞ് പല കാരാഗൃഹങ്ങളില്‍ പാര്‍ക്കാന്‍ തുടങ്ങി. തങ്ങളുടെ കാരാഗൃഹങ്ങളെ സ്നേഹിക്കാനും പരിപാലിക്കാനും പോലും തുടങ്ങിയ അവരെ ഭരിയ്ക്കാന്‍ രാജാവിന് തുടര്‍ന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പല സമയങ്ങളിലും "നിന്റെതിനെക്കാന്‍ നല്ലത് എന്റേതാണ്" എന്ന് പറഞ്ഞു തമ്മില്‍ തല്ലാനും തുടങ്ങി, അവര്‍. വെറുപ്പും വിദ്വേഷവും വര്‍ധിച്ചു വന്നു.

ജനത്തിനിടയില്‍ പിളര്‍പ്പ് കണ്ട രാജാവ് പതിയെ അവരുടെ ജോലിഭാരം ഇരട്ടിയാക്കി. അവര്‍ക്ക് കനത്ത നികുതിയും ചുമത്തി. ജീവിതകാലം മുഴുവനും എല്ലുമുറിയെ പണിയെടുത്തും സ്വന്തം കാരാഗൃഹങ്ങളുടെ പേരില്‍ തമ്മില്‍ തല്ലിയും ജനങ്ങളുടെ കാലം കഴിഞ്ഞു പോന്നു. സ്വന്തം ജോലി, കുടുംബം, കാരാഗൃഹത്തിന്റെ പരിപാലനം എന്നിവ കഴിഞ്ഞു ഒരു നിമിഷം രാജാവ് തങ്ങളോട് ചെയ്യുന്ന ക്രൂരത തിരിച്ചറിയാനുള്ള സമയം പോലും ജനത്തിന്റെ പക്കല്‍ ഇല്ലായിരുന്നു.

ഒരിക്കല്‍ ഒരാള്‍, "സ്വര്‍ണ്ണം കൊണ്ടായാലും രത്നം കൊണ്ടായാലും ഇതെല്ലാം കാരാഗൃഹങ്ങളല്ലേ?" എന്ന് ചോദിച്ചു. ക്രുദ്ധരായ ജനം അവനെ കല്ലെറിഞ്ഞുകൊല്ലുന്നതില്‍ മാത്രം ഐക്യം പ്രകടിപ്പിച്ചു.

കാലം കടന്നു പോയി. രാജാവ് വൃദ്ധനായി. തനിക്ക് ലഭിച്ച സുഖങ്ങള്‍ തന്റെ മക്കള്‍ക്കും പരമ്പരയ്ക്കും ലഭിക്കണമെന്ന് രാജാവിന് തോന്നി. മരണക്കിടക്കയില്‍ തന്റെ മക്കളെ വിളിച്ചു വരുത്തി അയാള്‍ പറഞ്ഞു...
"മക്കളെ, ഇന്ന് നമ്മള്‍ ഈ ജനത്തിനെ ഇങ്ങനെ ഭരിച്ചു സുഖലോലുപതയില്‍ കഴിയുന്നത് അവരുടെമേല്‍ ഞാന്‍ അടിച്ചേല്‍പ്പിച്ച വിഭാഗീയതയും, ചിന്തിക്കാന്‍ പോലും സമയം കൊടുക്കാതെ അവരുടെ മേല്‍ താങ്ങിയ നികുതിയും മൂലമാണ്. അതുകൊണ്ട് നിങ്ങളും അത് തന്നെ ചെയ്യുക. അവര്‍ക്ക് കൂടുതല്‍ കാരാഗൃഹങ്ങള്‍ തീര്‍ക്കുകയും ഇപ്പോഴുള്ളവ കൂടുതല്‍ മോടിപിടിപ്പിക്കുകയും ചെയ്യുക. അവരുടെ കൂട്ടത്തില്‍ ചിലരെ മാത്രം സമ്പന്നരാക്കി അവരെപ്പോലെ ആവാന്‍ മറ്റുള്ളവരെ പ്രത്യക്ഷത്തില്‍ കാണാത്തവിധം പ്രേരിപ്പിക്കുക. കൂട്ടത്തില്‍ ചിലരെ മാത്രം അടിച്ചമര്‍ത്തുക. ഞാന്‍ പറയുന്നത് പോലെ ചെയ്‌താല്‍ നിങ്ങള്‍ക്കും നിങ്ങളുടെ സന്തതിപരമ്പരകള്‍ക്കും എന്നും സമ്പത്തില്‍ മുങ്ങി ജീവിക്കാം..."
ഇങ്ങനെ പറഞ്ഞുകൊണ്ട് രാജാവ് ജീവന്‍ വെടിഞ്ഞു. അടുത്ത കിരീടാവകാശിയുടെ പട്ടാഭിഷേകം നടന്നു. അയാള്‍ പിതാവ് പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുകയും തനിക്കുശേഷമുള്ളവര്‍ക്ക് അതെ അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്തു. അങ്ങനെ നൂറ്റാണ്ടുകളായി ആ രാജാവിന്റെ സന്തതികള്‍ തന്നെ ഇന്നും ഭരിയ്ക്കുന്നു. രാജ്യത്തെ ജനങ്ങളോ, സ്വന്തം കാരാഗൃഹങ്ങളുടെ അഴികള്‍ തുടച്ചു മിനുക്കിയും കൂട്ടത്തിലുള്ള സമ്പന്നനെ പോലെ ആവാന്‍ എല്ലു മുറിയെ പണിയെടുത്തും കാലം കഴിക്കുന്നു...

Thursday, 27 March 2014

About a rose

A rose rose rose where the forlorn winds trod
Turning the grey into pure, solid gold.
The near near basked in its glow down the road,
Where once a sombre funeral bell tolled.

The rose rose rose and Venus, but envied
For sweet was her scent and vivid, her face.
And the spring spring gave up riding her steed
Admiring, and time stood still, counting the days.

The dawn sky shied away and glowed no more
Where on a stalk, Helios himself did pose.
As for the pen that writes, he did, but soar
And penned epics of love where the rose rose rose!

Tuesday, 25 March 2014

മണ്ണപ്പം

ചിരട്ട കൊണ്ട് മണ്ണപ്പം ചുട്ട്,
അതിലൊരു പാതി കാക്കയ്ക്കും 
മറ്റേ പാതി വടക്കേലെ 
മൂക്കള ഒളിപ്പിക്കുന്ന പെണ്ണിനും കൊടുത്ത്
ചെങ്കല്ലരച്ച ചമ്മന്തി 
വാഴയിലദോശ കൂട്ടി 
ഒരു കഷണം പോലും ബാക്കിവയ്ക്കാതെ
രുചിയോടെ കഴിച്ചേമ്പക്കം വിട്ട്
പൊട്ടിപ്പോയ ഗോലിക്കഷണത്തിലൂടെ 
ആകാശോം നോക്കി 
തീപ്പെട്ടിപ്പടത്ത്തില്‍ കണ്ട 
വാല് വളഞ്ഞ നായ്ക്കുട്ടിയുടെ 
കഴുത്തിലെ തുകല്‍പ്പട്ട മുള്ളുകൊണ്ട് ചുരണ്ടി 
രാവിലെ ഓടിവീണപ്പോ 
കാലിലുണ്ടായ മുറിവ് കാട്ടി 
"ഞാങ്കരഞ്ഞില്ല... എനിക്ക് ധൈര്യമാ"ണെന്നു 
ഡംഭ് പറഞ്ഞ് ചിരിച്ച്
മടല് വണ്ടിക്കു വേഗംകൂട്ടാന്‍ 
മൂവാണ്ടന്‍മാവിലെ മൂന്നാമത്തെ കൊമ്പിലെ
മൂന്നാമത്തെ ഇലയരച്ചു തേച്ച്
പത്രക്കടലാസ് കൊണ്ട് 
കൂമ്പന്‍തൊപ്പി ഉണ്ടാക്കുമ്പോഴേക്കും
ഫോണ്‍ ബെല്ലടിച്ചു.
ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനിയില്‍ നിന്നാണ്...
പലിശയടക്കണമത്രേ!
അരികിലിരിക്കുന്നു,
ആറിപ്പോയ കട്ടന്‍ചായ.

Friday, 28 February 2014

പൈങ്കിളിഫൈഡ് ഹോളിവുഡ്‌ ട്രെയിലറുകള്‍

നമ്മുടെ മലയാളം ചാനലുകളില്‍ വരുന്ന സീരിയലുകളുടെ പരസ്യം ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാം ഒരു സൈസ്‌ അലമ്പ് പൈങ്കിളി ഡയലോഗ് ആയിരിക്കും. ഇതൊക്കെ കേട്ട് ആരാണാവോ ആ സീരിയലൊക്കെ കുത്തിയിരുന്നു കാണുന്നത്? എന്തരോ എന്തോ...
അങ്ങനിരിക്കുമ്പോ ഒരു ഐഡിയ... ഹോളിവുഡ്‌ സിനിമകളുടെ ട്രെയിലറിനു ഇങ്ങനൊരു കമന്ററി എഴുതിയാല്‍ എങ്ങനെ ഇരിക്കും? ഒന്ന് നോക്കാം... ഒത്താല്‍ ഒത്തു...

ടൈറ്റാനിക്‌:
ജീവിതത്തിന്റെ കെട്ടുപാടുകളില്‍ പെട്ട്, അതിന്റെ കൊടുംക്രൂരതകളില്‍ നീറിയൊടുങ്ങുന്ന നൈമിഷിക പ്രാണന്റെ നോവില്‍ കാറ്റത്തെ മുഴുകുതിരിനാളം പോലെ വിതുമ്പുന്ന ഒരു സ്ത്രീജന്മം. അവളുടെ ചുറ്റും വിഷസര്‍പ്പങ്ങളെപ്പോലെ നാവു നീട്ടിയടുക്കുന്ന, സ്വന്തം എന്നു പേരിനു മാത്രം പറയാവുന്ന ഒരുപിടി ബന്ധുജനങ്ങള്‍. അവളെ തന്റെ ശുഭ്രപ്രണയത്താല്‍ ആഴക്കടലിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്താന്‍ വന്നടുക്കുന്ന ആ അപരിചിതന്‍ ആരാണ്? അവരുടെ പ്രണയം നിലനില്‍ക്കുമോ? ദൂരെ ഇരുളിന്റെ മഹാസാഗരത്തില്‍ അവരുടെ ജീവിതനൌക തകര്‍ക്കാന്‍ കാത്തിരിക്കുന്ന ആ ഭീമാകാരനായ ഹിമരാക്ഷസന്‍ ആര്? ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ക്ക് കാണുക, "പ്രണയനൌക" നിങ്ങളുടെ ഡാഷ് ടിവിയില്‍ വൈകിട്ട് 7.30ന്...

ജുറാസിക്‌ പാര്‍ക്ക്‌:
ജന്മജന്മാന്തരങ്ങളുടെ പിഞ്ഞിപ്പോയ താളുകളിലെവിടെയോ മറഞ്ഞുപോയ ഏതാനും ശാപഗ്രസ്ത തിര്യഗ്ജാതികളുടെ അത്യത്ഭുത തിരിച്ചു വരവ്. അവയുടെ പുനര്‍ജന്മങ്ങളില്‍ സ്വന്തം പ്രാണന്‍ പോലും താമരനൂല്‍ബന്ധത്തില്‍ തൂങ്ങിയാടാന്‍ വിധിക്കപ്പെട്ട ഏതാനും മനുഷ്യജന്മങ്ങളുടെ കരളലിയിക്കുന്ന കണ്ണീര്‍ക്കഥ. മനുഷ്യനെതിരെ പ്രകൃതിയും പ്രകൃതിയ്ക്കെതിരെ മനുഷ്യനും തിരിയുമ്പോള്‍ അവശേഷിക്കുന്നത്  നിണമണിഞ്ഞ ഏതാനും കാല്‍പ്പാടുകള്‍ മാത്രം. പ്രാണഭയത്താല്‍ വിറയ്ക്കുന്ന രണ്ടു പിഞ്ചു പൈതങ്ങളുടെ വിധി എന്താവും? കണ്ണീരുറവ വറ്റാത്ത ആ കുടുബത്തിന്റെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതം എവിടെ എത്തി നില്‍ക്കും? ഇവര്‍ക്കിടയില്‍ ജീവിച്ചു പുരാതനജീവബിന്ദുവിന്റെ മണിച്ചെപ്പ് കവര്‍ന്ന് ചതിയുടെ കാണാക്കയങ്ങളിലേക്ക് ഏവരെയും തള്ളിയിടാന്‍ പതിയിരിക്കുന്ന ആ കൊടും ക്രൂരന്‍ ആരാണ്? കാണുക, "ഓന്തുംപറമ്പ്" നിങ്ങളുടെ ഡാഷ് ടിവിയില്‍ വൈകിട്ട് 8.00 മണിക്ക്...

ദി മമ്മി:
തന്റെ തിന്മകള്‍ക്കു പകരമായി കാലയവനികയ്ക്കുള്ളില്‍ വലിച്ചെറിയപ്പെട്ട ഒരു ഭീകരസത്വം... അവന്‍ കാത്തിരിക്കുകയായിരുന്നു, മാനവരാശിയോടു മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത പകയുമായി, അവരെ അടക്കിവാഴാനുള്ള അടങ്ങാത്ത കൊതിയുമായി... പണക്കൊതിയും അധികാരമോഹവും തലയ്ക്കു പിടിച്ച ഏതാനും ദുഷ്ടര്‍ ആ ചങ്ങലക്കെട്ടുകളില്‍ നിന്ന് അവനെ മോചിപ്പിക്കുമ്പോള്‍ അതിനിടയില്‍ പെട്ടുപോവുന്നത് പ്രണയബദ്ധരായ രണ്ടു ചെറുപ്പക്കാരുടെ ജീവിതമാണ്. അവരുടെ ഒരുപിടി സ്വപ്നങ്ങളാണ്. അശ്രുബിന്ദുക്കള്‍ തുടിച്ചുനില്‍ക്കുന്ന യാതനകളുടെ യാത്രകളാണ് അവരെ കാത്തിരുന്നത്. അവരുടെ ജീവിതം പൂവണിയുമോ? ചതിയുടെയും തിന്മകളുടെയും തേര്‍വാഴ്ചയില്‍ അവരെ സഹായിക്കാനെത്തുന്ന ആ കരിമ്പടം പുതച്ച ആള്‍ ആരാണ്? മരണത്തെപ്പോലും ജയിച്ച ഭീകരരാക്ഷസന്‍ ഉയര്‍ത്തുന്ന പൊടിക്കാറ്റില്‍ അവര്‍ തളര്‍ന്നുവീഴുമോ? കാണുക, "പഴന്തുണിക്കോക്കാച്ചി" നിങ്ങളുടെ ഡാഷ് ടിവിയില്‍ രാത്രി 8.30-നു...

ആമേന്‍!

Tuesday, 7 January 2014

"ദാമ്പത്യജീവിതം" എനിക്ക് കിട്ടിയ ഒരു പത്തുമിനിറ്റ് ക്രാഷ് കോഴ്സ്‌...

ഈ കഴിഞ്ഞ ദിവസം ചങ്ങാതിമാര്‍ വിളിച്ചു- "ഡാ, ഞങ്ങള്‍ മലബാര്‍ ഹൌസില്‍ ഉണ്ട്. ഫ്രീ ആണെങ്കില്‍ അങ്ങോട്ട്‌ പോരെ...ഓരോ ബിയര്‍ ആവാം"

"അതിനെന്താ... ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ അങ്ങേത്തും..."- ഞാന്‍

ശടപടെന്നു റെഡിയായി ഓട്ടോ സ്ടാണ്ടില്‍ ചെന്ന് ഓട്ടോ പിടിച്ചു. അവിടെയുള്ള ഓട്ടോക്കാര്‍ എല്ലാരും പരിചയക്കാര്‍. സ്ഥിരമായി ഓട്ടോയില്‍ യാത്ര ചെയ്യുന്നതുകൊണ്ട് അവര്‍ക്കെല്ലാം എന്നെ അറിയാം. ഞാന്‍ ബിജു ചേട്ടന്റെ ഓട്ടോയില്‍ കേറി. ബിജു ചേട്ടന് അമ്പതിനടുത്തു പ്രായം. പത്തനംതിട്ടയില്‍ നിന്ന് കൊച്ചിയില്‍ വന്നു താമസം തുടങ്ങിയിട്ട് പതിനെട്ടു വര്‍ഷമായി. രണ്ടു മക്കള്‍. പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് അയച്ചു. ഒരു മോന്‍ ഉള്ളത് പഠിക്കുന്നു... ചെറിയ രാഷ്ട്രീയപ്രവര്‍ത്തനം ഒക്കെ പണ്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ സ്വസ്ഥം, ഗൃഹഭരണം.

ബിജു ചേട്ടന്‍ പതിവ് കത്തി മോഡിലായി...

"വന്നല്ലോ മൊട്ട! എങ്ങോട്ടാ?"

"വിട് ചേട്ടാ മലബാര്‍ ഹൌസിലോട്ട്"

"അവിടെയാണോ കമ്പനി?"

"അതെ. ഇടയ്ക്ക് ഇങ്ങനെ കൂട്ടുകാരുടെ ഒപ്പം ഓരു കൂടല്‍ ഉണ്ട്. കുറെ ചിരിക്കും, എന്ജോയ്‌ ചെയ്യും, ഓരോ ബിയര്‍ അടിക്കും, പോരും... ഇതൊക്കെയാണല്ലോ അതിന്റെ ഒരു രസം..."

"സാര്‍ കല്യാണം കഴിച്ചിട്ടില്ലല്ല്ലേ?"

"ഇല്ല.. എന്തെ ചോദിച്ചത്?"

"അല്ല... ബാച്ചിലര്‍ ലൈഫിലെ ഇതൊക്കെ പറ്റൂ.."

"കല്യാണം കഴിഞ്ഞാല്‍ ഇതൊന്നും നടക്കില്ലേ? ശോക സീന്‍ ആയിപ്പോവുമല്ലോ ചേട്ടാ..."

"നടക്കില്ല എന്നല്ല... അതിനു സമയം കിട്ടില്ല."

"എന്നാല്‍ ഇപ്പോഴെങ്ങും കെട്ടുന്നില്ല!"

"അങ്ങനല്ല സാറേ. നിങ്ങള്ക്ക് അത് മനസ്സിലായില്ല. അതില്‍ ഒരുപാട് സംഗതികള്‍ ഉണ്ട്"

"കല്യാണം കഴിച്ചാലും ഇതൊക്കെ വേണം എന്നാണു എനിക്ക് ആഗ്രഹം ചേട്ടാ..."

"ഇപ്പൊ ഇങ്ങനൊക്കെ പറയും. എല്ലാരും പറയും. പിന്നീട് അതെല്ലാം മാറിപ്പോവും..."

ശ്ശെടാ! എന്റെ കാര്യം ഇങ്ങേരാണോ തീരുമാനിക്കുന്നത്? നാട്ടുകാരുടെ പതിവ് അലമ്പ് ഡയലോഗ് ഇറക്കാനുള്ള പരിപാടി ആണെന്ന് കരുതി ഞാന്‍ കുറച്ചു സമയം മിണ്ടാതിരുന്നു. ബിജു ചേട്ടന്‍ തുടര്‍ന്ന് പറഞ്ഞു...

"സാറിന് മനസ്സിലായില്ല. ഞാന്‍ പറഞ്ഞു തരാം... ബാച്ചിലര്‍ ആയിരിക്കുന്ന സമയത്ത് നമുക്ക് ഇങ്ങനെ ഒത്തിരി കംപനിയടി കാണും. ഒരു കല്യാണം കഴിഞ്ഞു കഴിഞ്ഞാല്‍ അതിനു ചെറിയ ഒരു മാറ്റം വരും. ആദ്യത്തെ ഒന്നോ രണ്ടോ മാസങ്ങള്‍ ഈ സംഗതി നടക്കില്ല.. വീട്ടില്‍ വന്നു കയറിയ ഒരാള്... അയാളുടെ കാര്യങ്ങള്‍, പിന്നെ അയാളോടുള്ള സ്നേഹം, ചില യാത്രകള്‍... ഇതൊക്കെ ആയിട്ട് ആദ്യത്തെ രണ്ടു മാസം ആകെ തിരക്കിലാവും. അത് കഴിഞ്ഞു പതിയെ പഴയത്പോലെ കൂട്ടുകാരെയൊക്കെ കാണാന്‍ തുടങ്ങും. പഴയത് പോലെ കമ്പനി കൂടി ഇരിക്കും. എങ്കിലും പണ്ട് അര്‍ദ്ധരാത്രി പുറപ്പെട്ടു പോന്നിരുന്ന നിങ്ങള്‍ പത്തുമണിക്ക് വീട്ടിലേക്കു പോവും. കൂട്ടുകാര്‍ ചിലപ്പോ കളിയാക്കി എന്നൊക്കെ വരും. എന്നാലും നിങ്ങള്‍ പോവും. കുറച്ചു നാളൊക്കെ കഴിഞ്ഞു ഒരു കുട്ടിയൊക്കെ ആകാറാവുമ്പോ നിങ്ങള്‍ തന്നെ ഈ പത്തുമണി എന്നത് ഏഴുമണിയാക്കും. 'അവള്‍ വീട്ടില്‍ ഒറ്റയ്ക്ക് ഈ അവസ്ഥയില്‍ ആണ്' എന്ന് നിങ്ങള്‍ പറയുമ്പോള്‍ തന്നെ കൂട്ടുകാര്‍ തന്നെ സ്നേഹത്തോടെ വീട്ടിലേക്കു പറഞ്ഞു വിടും. കുട്ടി ആയിക്കഴിഞ്ഞാല്‍ പിന്നെ നേരെ വീട്ടിലേക്കു പോവും നിങ്ങള്‍... കുട്ടിയേയും കളിപ്പിച്ചു വീട്ടുകാര്യങ്ങളും നോക്കി.. വല്ലപ്പോഴും കൂട്ടുകാരുടെ ഒപ്പം ഒന്ന് കൂടിയാലായി. പിന്നെയും കുറേക്കാലം കഴിഞ്ഞു കഴിഞ്ഞാലേ അടുത്ത സ്റ്റേജ് ആവൂ.. ചെറിയ പിണക്കങ്ങള്‍ ഒക്കെ കയറി വരാന്‍ തുടങ്ങും. കുറച്ചൊക്കെ മടുപ്പ് വന്നു കഴിഞ്ഞാല്‍ ഉടനെ നിങ്ങള്‍ ഫോണ്‍ എടുത്തു ചങ്ങാതിയെ വിളിക്കും, അവന്റെ ഒപ്പം പോയി ഒരു രണ്ടെണ്ണമൊക്കെ അടിച്ച് 'ലവള്‍ അങ്ങനെ ചെയ്തെടാ അളിയാ' എന്ന് പറയും. 'ഇതൊക്കെ വല്യ കാര്യമാണോ അളിയാ... എല്ലാം ശരിയാവും...' എന്ന് അവനും പറയും. അതങ്ങനെ കിടക്കും..."

ഒറ്റയടിക്ക് ഇത് മുഴുവന്‍ കേട്ടിരുന്ന ഞാന്‍ കണ്ണുമിഴിച്ചുപോയി. കേട്ട കാര്യങ്ങള്‍ വച്ച് എനിക്ക് പരിചയമുള്ള പലരുടെയും മുഖങ്ങള്‍ ഉള്ളില്‍ ഓടിയെത്തി.

"അപ്പൊ കല്യാണം കഴിച്ചാല്‍ എല്ലാം കഴിഞ്ഞു.. ല്ലേ?"- ഞാന്‍ ചോദിച്ചു.

"അങ്ങനെയല്ല സാര്‍. എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാരെ അങ്ങനെ കെട്ടിപ്പൂട്ടി വയ്ക്കുന്ന കൂട്ടത്തില്‍ അല്ല. ഒരു കുടുംബജീവിതം ആവുമ്പോള്‍ അങ്ങനെയാണ്. അതെല്ലാം നമ്മള്‍ തന്നെ ചെയ്തുപോവുന്ന കാര്യങ്ങളും. അത് അങ്ങനെയാണ്.."

സംസാരം തീരുമ്പോഴേക്കും വണ്ടി സ്ഥലത്തെത്തി. ഒരു ചെറിയ ചിരിയോടെ ഞാന്‍ കാശ് കൊടുത്തു ഇറങ്ങുമ്പോഴേക്കും ബിജു ചേട്ടന്‍ ഒന്നുകൂടി പറഞ്ഞു...

"എന്റെ കല്യാണം കഴിഞ്ഞിട്ട് ഇരുപത്തഞ്ചു വര്ഷം കഴിഞ്ഞു. ഇത്ര നാള്‍ക്കു ശേഷം ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം കൂടി പറയാം... നമ്മുടെ ചുറ്റും എന്തെല്ലാം ബന്ധങ്ങള്‍ ഉണ്ടോ, അതിലൊക്കെ കവിഞ്ഞു നില്‍ക്കുന്ന ഒന്നാണ് ദാമ്പത്യജീവിതം. ജീവിതാവസാനം വരെ കൂടെ ഉണ്ടാവുന്ന അവരാണ് നമ്മുടെയൊക്കെ എല്ലാം. നല്ല ഒരാളെ സാറിന് കിട്ടട്ടെ..."

എന്റെ പുഞ്ചിരി വലുതാവുന്നു... സന്തോഷം...

എക്സ്പീരിയന്‍സ് മാറ്റെഴ്സ്... അല്ലെ?



Sunday, 5 January 2014

മത്തായീ! മത്താകരുത്!!!

മത്തായിക്ക് കുറച്ചു നാളായി കള്ളുകുടി കൂടുതലാണ് എന്ന് അറിഞ്ഞതനുസരിച്ച് വികാരിയച്ചന്‍ അയാളെ മേടയിലേക്ക് വിളിപ്പിച്ചു...

അച്ചന്‍: "എന്താടാ മത്തായി? നീ ഭയങ്കര കള്ളുകുടിയാണെന്നു ഞാന്‍ അറിഞ്ഞല്ലോ. മദ്യപാനം നാശത്തിലേക്കുള്ള വഴിയാണെന്ന് നിനക്കറിഞ്ഞുകൂടെ?"
മത്തായി: "ഉവ്വച്ചോ. പക്ഷെ അതിനു അച്ചന്‍ ഒറ്റ ഒരുത്തനാ കാരണം."
അച്ചന്‍: "ഞാനോ!!! ഞാനെന്തു തെറ്റ് ചെയ്തിട്ടാ നീ കുടിക്കുന്നെ?"
മത്തായി: "അച്ഛനല്ലേ ഇന്നാളു പ്രസംഗത്തില്‍ പറഞ്ഞത്, 'കള്ളുകുടി നിര്‍ത്തണം, അങ്ങനെ ചെയ്യുമ്പോള്‍ കുടുംബജീവിതത്തിന്റെ സുഖവും സന്തോഷവും സ്നേഹവും ഒക്കെ കൂടും' എന്ന്..."
അച്ചന്‍: "ഉവ്വ്... പറഞ്ഞു. അത് ശരിയുമാണ്. നീയും അങ്ങനെ തന്നെ ചെയ്യ്... അതിനു ഞാനെന്തു ചെയ്തു എന്ന് പറ.."
മത്തായി: "അല്ല, അങ്ങനെ കുടുംബജീവിതത്തിന്റെ സുഖവും സന്തോഷവും സ്നേഹവും ഒക്കെ കൂടുന്നെന്കില്‍ കൂടട്ടെ എന്ന് വച്ചതാ. കള്ളുകുടി തുടങ്ങാതെ അത് നിര്‍ത്താന്‍ പറ്റില്ലല്ലോ. അത് കൊണ്ട് പ്രസംഗം കേട്ടതിനു ശേഷം ഞാന്‍ കുടിയങ്ങു തുടങ്ങി."
അച്ചന്‍: "ഹെന്ത്!!!!! കള്ളുകുടി ഇല്ലാതിരുന്ന നീ എന്തിനാടാ പോത്തേ അത് തുടങ്ങിയത്? ആട്ടെ... എന്നിട്ട് നീ പറഞ്ഞത് പോലെ കുടുംബത്തിനു വേണ്ടി കള്ളുകുടി നിര്‍ത്തിയോ?"
മത്തായി: "ഉവ്വച്ചോ. കള്ളുകുടി കഴിഞ്ഞ മാസം തന്നെ നിര്‍ത്തി. പക്ഷെ ഇപ്പൊ പെണ്ണുമ്പിള്ള വീട്ടില്‍ കേറ്റുന്നില്ല."
അച്ചന്‍: "അതെന്താടാ? നീ നന്നായിട്ടും അവള്‍ക്കെന്തു പറ്റി?"
മത്തായി: "കള്ളുകുടി നിര്‍ത്തി, പക്ഷെ അതിന്റെ ഒപ്പം തുടങ്ങിയ ബീഡിവലിയും കഞ്ചാവും ചീട്ടുകളിയും നിര്‍ത്താന്‍ തോന്നുന്നില്ല."
അച്ചന്‍: ".............!!!!"

കേള്‍ക്കുന്നതായാലും കുടിക്കുന്നതായാലും പഠിക്കുന്നതായാലും വെള്ളം ചേര്‍ക്കാതെ, തൊണ്ട തൊടാതെ വിഴുങ്ങിയാല്‍ ഇങ്ങനിരിക്കും. എങ്ങനിരിക്കും? മൂഞ്ചിപ്പോകും!

ആമേന്‍!

Friday, 13 December 2013

ടിവി - ഒരു കയ്പ്പന്‍ ഓര്‍മ്മ



ടിവി ഒരു ആടംഭരവും അത്ഭുതവും നിറഞ്ഞ ഒരു ഘടാകടികത്വം ആയിരുന്ന നാളുകളില്‍ കുട്ടിക്കാലം ചെലവഴിച്ച ഒരാളാണ് ഞാന്‍. സ്കൂള്‍ ഇല്ലാത്ത ഞായര്‍ ദിവസമെന്നു വച്ചാല്‍ രാവിലത്തെ രാമായണം/മഹാഭാരതം/കാര്‍ട്ടൂണ്‍ പിന്നെ വൈകിട്ടത്തെ മലയാളം സിനിമ എന്നതായിരുന്നു. പരിസരത്തുള്ള ഒന്നോ രണ്ടോ വീടുകളില്‍ മാത്രമേ അത്ഭുതപ്പെട്ടി കാണുകയുള്ളൂ. മറ്റുള്ള വീടുകളില്‍ നിന്നും കൂട്ടമായി ആളുകള്‍ സിനിമകളും മറ്റും കാണാന്‍ ടിവിയുള്ള വീട്ടില്‍ എത്തിച്ചേരും. എല്ലാവരും വളരെ അച്ചടക്കത്തോടെ നസീറിനെയും സുകുമാരനെയും ശങ്കറിനെയും മമ്മൂട്ടിയെയുമൊക്കെ കണ്ടു ചിരിക്കും, കരയും, ആരാധിക്കും... ഈ ടെലിവിഷന്‍ മേളയില്‍ ആബാലവൃദ്ധജനങ്ങള്‍ ഒരേ മനസ്സോടെ പങ്കെടുത്തിരുന്നു. മൊത്തത്തില്‍ ഒരു ബഹളമയം.

ഒരിക്കല്‍, ഞങ്ങള്‍ സ്ഥിരമായി ടിവി കാണാന്‍ പോകുന്ന വീട്ടുകാര്‍ എങ്ങോട്ടോ മൂന്നു നാല് ആഴ്ച നീളുന്ന യാത്ര പോയി. ഞങ്ങളുടെ സിനിമാ/കാര്‍ട്ടൂണ്‍ കാണല്‍ മുടങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാലും മഹാഭാരതം കാണാതിരിക്കാന്‍ കഴിയുമോ? അര്‍ജുനനും കര്‍ണ്ണനുമൊക്കെ യുദ്ധം ചെയ്യുന്ന ഭാഗമാണ്. അങ്ങോട്ടും ഇങ്ങോട്ടും പല സൈസ്‌ അമ്പുകളൊക്കെ ചീറിപ്പായും... ചിലത് തമ്മില്‍ ഇടിച്ചു നിലത്ത് വീഴും... ചിലപ്പോള്‍ ഇടിയും മിന്നലും മഴയുമൊക്കെ ഉണ്ടാവും. മിസ്‌ ചെയ്യാന്‍ പറ്റില്ല. പടിഞ്ഞാറേ വീട്ടിലെ വല്യപ്പന്റെ വീട്ടില്‍ ടിവിയുണ്ട്. വല്യപ്പന്റെ മകള്‍ പാവം ഒരു ആന്റിയാണ്. തമ്മില്‍ കാണുമ്പോള്‍ എപ്പോഴും സംസാരിക്കും, മിട്ടായി വാങ്ങി തരും. വല്യപ്പന്‍ അങ്ങനെ ഒന്നുമല്ല. ഭയങ്കര ഗൌരവക്കാരനാണ്. അറുപിശുക്കനും. അതുകൊണ്ട് തന്നെ ആരും അങ്ങോട്ട്‌ ടിവി കാണാന്‍ പോകാറില്ല. എന്തും വരട്ടെ എന്നു കരുതി അങ്ങോട്ട്‌ വച്ച് പിടിപ്പിച്ചു. വാതില്‍ക്കല്‍ മുട്ടി. ആന്റി വന്നു വാതില്‍ തുറന്നു ചിരിച്ചു. പതിവില്ലാതെ എന്നെ വീട്ടുപടിക്കല്‍ കണ്ടതിന്റെ കൊതുകം മുഖത്ത്.

"എന്താ മോനെ? എന്താ രാവിലെ തന്നെ?"

"ഞാന്‍ ടിവി കാണാന്‍ വന്നതാ. മഹാഭാരതം. നല്ല യുദ്ധമൊക്കെയുണ്ട് ഈ ആഴ്ച. ടിവി കണ്ടോട്ടെ?"

"അതിനെന്താ... മോന്‍ വാ..."

ടിവി ഓണ്‍ ആക്കി തന്നിട്ട് ആന്റി അടുക്കളയിലേക്കു പോയി. ഇറച്ചി വേവിക്കുന്ന സുഗന്ധം മൂക്കില്‍... വല്യപ്പനെ അവിടെയെങ്ങും കാണാനില്ല. നന്നായി. പള്ളിയില്‍ കുര്‍ബാന കഴിഞ്ഞിട്ടുള്ള മറ്റു വല്യപ്പന്മാരുടെ ഒപ്പം കത്തിവെപ്പും മുറുക്കലും ഒക്കെ ആയിരിക്കും. സമാധാനം.

ഞാന്‍ നിലത്ത് ഇരുന്നു കാഴ്ച തുടങ്ങി. ടിവിയില്‍ അര്‍ജുനനും കര്‍ണ്ണനും ദുര്യോധനനുമൊക്കെ ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നു... ഭയങ്കര യുദ്ധം. മുഴുകിയിരുന്നു കാണുന്നതിനിടയില്‍ പിറകിലെ കാല്‍പ്പെരുമാറ്റം കേട്ടില്ല. എപ്പോഴോ കണ്ണൊന്നു മാറിയപ്പോള്‍ കണ്ടു, എന്റെ വലതു വശത്ത് വല്യപ്പന്‍ നില്‍ക്കുന്നു. എന്നെത്തന്നെ തുറിച്ചു നോക്കുകയാണ്. ഉരുകിപ്പോയി. എന്തെങ്കിലും പറയണോ വേണ്ടയോ എന്നൊക്കെ ആലോചിച്ചിരുന്നു. പിന്നെ പതുക്കെ വീണ്ടും ടിവിയിലേക്ക് ശ്രദ്ധ തിരിച്ചു. വല്യപ്പം നിന്നയിടത്ത് നിന്ന് അനങ്ങാതെ എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് കണ്ണിന്റെ കോണില്‍ക്കൂടി കാണാം. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ മിനിട്ട് അങ്ങനെ നിന്നതിനു ശേഷം ഒന്നും മിണ്ടാതെ വല്യപ്പന്‍ മുന്നിലേക്ക്‌ വന്നു കൈ നീട്ടി ടിവി ഓഫാക്കി. ഞാന്‍ വല്ലാതായി. കണ്ണൊക്കെ നിറഞ്ഞു. വല്യപ്പന്‍ അനങ്ങാതെ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. ഒന്നും മിണ്ടാതെ കണ്ണ് ചിമ്മി എണീറ്റ്‌ പുറത്തേക്കിറങ്ങി നടന്നു. മഹാഭാരതം കാണാന്‍ കഴിയാഞ്ഞതിലുള്ള സങ്കടം... പെട്ടെന്ന് ഉണ്ടായ പേടി... എല്ലാത്തിനും മുകളില്‍ കടുത്ത അപമാനം! പതിവിലും നേരത്തെ തിരിച്ചു വന്ന എന്നെ കണ്ടപ്പോഴും എന്റെ ഭാവവ്യത്യാസം കണ്ടപ്പോഴും എന്റെ വീട്ടുകാര്‍ സംഗതിയുടെ കിടപ്പ് ഊഹിച്ചു.

അങ്ങനെയാണ് മറ്റുള്ള വീടുകളില്‍ പോയുള്ള ടിവി കാഴ്ച ഞാന്‍ നിര്‍ത്തിയത്. വീണ്ടും ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞു ഒരു പതിനാല് ഇഞ്ചിന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടിവി വീട്ടില്‍ വാങ്ങുന്നത് വരെ ടിവി കണ്ടിരുന്നില്ല. ഇന്ന് എന്ത് കാരണം കൊണ്ടാണോ എന്തോ, പഴയ ഈ സംഭവം ഓര്‍മ്മ വന്നു. ബ്രഷ് എടുത്തു ആ സീന്‍ വരച്ചു. അന്നുണ്ടായ ആ അപമാനം ഇപ്പോഴും ഉള്ളില്‍ എവിടെയോ ഇരുന്നു കുത്തുന്നുണ്ട്...

Monday, 25 November 2013

കത്രികപ്പൂട്ട്‌- ഒരു നാടകം

രംഗം ഒന്ന്- കത്രിക ആപ്പീസ്. രാവിലെ 11 മണി.

സംവിധായകന്‍: "സര്‍, ഞങ്ങടെ പടം മുടക്കരുത്..."
കത്രിക ആപ്പീസര്‍: "പറ്റൂല്ല. അത് ശരിയാവത്തില്ല"
നിര്‍മ്മാതാവ്: "സര്‍, അങ്ങനെ പറയരുത്. കാശ് മുടക്കി എടുത്ത പടം ആണ് സാര്‍. ഒത്തിരി ആളുകള്‍ കുറെ നാള്‍ കഷ്ടപ്പെട്ട് എടുത്ത പടം ആണ് സാര്‍... അവരുടെ കഷ്ടപ്പാടുകള്‍ ഒക്കെ പാഴായിപ്പോവും സാര്‍..."
കത്രിക ആപ്പീസര്‍: "നടപ്പില്ല... പടം കണ്ടിട്ട് എന്റെ മതവികാരം വ്രണപ്പെട്ടു. എനിക്ക് പോലും പെട്ടെങ്കില്‍ 'വെറും' നാട്ടുകാരുടെ കാര്യം പറയണോ?"
സംവിധായകന്‍: "അങ്ങനെ ഒന്നും ഇല്ല സാര്‍... അത് വെറും പശ്ചാത്തലം മാത്രം അല്ലെ സാര്‍?"
കത്രിക ആപ്പീസര്‍: "ങ്ങാഹാ! എന്നാല്‍ അത് മനസ്സിലാക്കി തരാം... വരൂ"

രംഗം രണ്ട്- പെരുവഴി. സമയം പത്ത് മിനിറ്റിനു ശേഷം.
കത്രിക ആപ്പീസര്‍ റോഡില്‍ കൂടി പോവുന്ന 'വെറും' ഒരു നാട്ടുകാരനെ കൈ കാട്ടി വിളിക്കുന്നു. സംവിധായകനും നിര്‍മാതാവും കൂടെയുണ്ട്.

കത്രിക ആപ്പീസര്‍: "എടൊ നാട്ടുകാരാ! ഇവിടെ വാടോ!"
നാട്ടുകാരന്‍: "എന്താ സാര്‍?"
കത്രിക ആപ്പീസര്‍: "താന്‍ ------ സിനിമ കണ്ടോ?"
നാട്ടുകാരന്‍: "ഉവ്വ് സാറേ"
കത്രിക ആപ്പീസര്‍: "അത് കണ്ടിട്ട് തന്റെ മതവികാരം വ്രണപ്പെട്ടില്ലേ?"
നാട്ടുകാരന്‍: "മത... എന്ത്? അതാരാ സാറേ? അങ്ങനെ ഒരാളെ എനിക്ക് അറിയില്ലല്ലോ..."
കത്രിക ആപ്പീസര്‍: "ഛെ! എടൊ തന്റെ മതത്തെ മോശമായി ചിത്രീകരിച്ചതായി തോന്നിയില്ലേ എന്ന്..."
നാട്ടുകാരന്‍: "ങേ? അങ്ങനെയൊന്നും... അത്... ആവോ..."
കത്രിക ആപ്പീസര്‍: "ഒന്നും കൂടി ആലോചിച്ചു നോക്കിക്കേ..."
നാട്ടുകാരന്‍: "ങാ.. സാറിനെപ്പോലെ വിവരം ഉള്ളവരൊക്കെ പറയുമ്പോ.. അത് പിന്നെ... ഏതാണ്ടൊക്കെ തോന്നുന്നതായി തോന്നുന്നുണ്ട്... അല്ല... അങ്ങനെയൊക്കെ ഉണ്ടോ?"
കത്രിക ആപ്പീസര്‍: "ഉണ്ടെടോ ഉണ്ട്..."
നാട്ടുകാരന്‍: "ങ്ങാഹാ! എന്നാല്‍ പെട്ടു സാറേ!"
കത്രിക ആപ്പീസര്‍: "എന്ത് പെട്ടുന്ന് ?"
നാട്ടുകാരന്‍: "സാര്‍ നേരത്തെ പറഞ്ഞ സാധനമില്ലേ... അത് പെട്ടു..."
കത്രിക ആപ്പീസര്‍  (വിജയശ്രീലാളിതന്‍): "കണ്ടാ! കണ്ടാ!"

സംവിധായകനും നിര്‍മ്മാതാവും മൂഞ്ചിപ്പോയ ഭാവത്തോടെ നില്‍ക്കുന്നു.

-------------------ശുഭം-------------------

Friday, 18 October 2013

രണ്ടു വയറുകള്‍ മൂലമുണ്ടായ രണ്ടു ചമ്മലുകള്‍

കോട്ടയം മനോരമ ആപ്പീസില്‍ ആര്‍ട്ടിസ്റ്റ്‌ ആയി ജോലി ചെയ്യുന്ന നാളുകള്‍. രാത്രി മൂന്നരയ്ക്ക് ജോലി തീര്‍ത്തു റൂമില്‍ വന്നു കിടന്നുറങ്ങിയ എന്നെ അതിരാവിലെ പത്തു മണിക്ക് (നൈറ്റ്‌ ഡ്യൂട്ടി ഉള്ളവന് പത്തു മണി അതിരാവിലെ ആണ്) ചങ്ങാതി സുനീഷ് തോമസ്‌ ഫോണില്‍ വിളിച്ച് എണീപ്പിക്കുന്നു...

"ഡാ... റെഡി ആയി ഇരുന്നോ, ഞാന്‍ നിന്റെ റൂമിലേക്ക്‌ വരാം. നമുക്ക് പോയി അപ്പവും ബീഫും കഴിക്കാം. അരമണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെ എത്തും."

ചില ദിവസങ്ങളില്‍ അങ്ങനെയാണല്ലോ. ചില ഭക്ഷണക്കൊതികള്‍ മനസ്സില്‍ തോന്നിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. മൈ ഫോണ്‍ നമ്പര്‍ ഈസ്‌... ആ അത് പോട്ടെ. അങ്ങനെ ഒരു കണക്കിന് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എണീറ്റ്‌ അരമണിക്കൂര്‍ കൊണ്ട് റെഡി ആയി നിന്നു. സാധാരണ രാവിലെ എണീക്കുന്നത് പതിവില്ല. ഉച്ചയ്ക്കാണ് എണീക്കാറുള്ളത്. അപ്പം, ബീഫ്‌ എന്നൊക്കെ കേട്ടത് മുതല്‍ വിശപ്പ്‌ നിന്നു കത്തുകയും ചെയ്യുന്നു. വൈകാതെ മിസ്റര്‍ സുനീഷ് അദ്ദേഹത്തിന്റെ ബൈക്കുമായി വരികയും "അപ്പം, ബീഫ്‌, അപ്പം, ബീഫ്‌" എന്ന താളത്തില്‍ ഞങ്ങള്‍ രണ്ടു പേരും പുറപ്പെടുകയും ചെയ്തു.

"എന്ത് പറ്റി, രാവിലെ ഒരു അപ്പോം ബീഫും കൊതി?"-ഞാന്‍
"ഓ എന്നാ പറയാനാ... വീട്ടില്‍ രാവിലെ എന്താ കഴിക്കാന്‍ ഒള്ളത് എന്ന് നോക്കിയപ്പോ കപ്പേം ബീഫും. വേണ്ടെന്നു പറഞ്ഞു ഞാനിങ്ങു പോന്നു. ഇന്ന് അപ്പോം ബീഫും കഴിക്കാന്‍ ഒരു കൊതി..."- സുനീഷ്.

ആദ്യം കണ്ട ഹോട്ടലില്‍ കേറി.
"ചേട്ടാ അപ്പോം ബീഫും ഉണ്ടോ?"
"അയ്യോ ഇല്ല മോനെ. പുട്ടും കടലേം ഉണ്ട്. അപ്പോം മൊട്ടക്കറീം ഉണ്ട്"
"ഓ വേണ്ട ചേട്ടാ..." അഹങ്കാരം!
അവിടന്ന് ഇറങ്ങി.

രണ്ടു മൂന്നു ഹോട്ടലുകളില്‍ കൂടി കേറി നോക്കി. അവിടെയൊക്കെ പ്രഭാതഭക്ഷണം കഴിഞ്ഞിരിക്കുന്നു. വിശപ്പാണെങ്കില്‍ വയറ്റില്‍ കിടന്നു ബെല്ലി ഡാന്‍സ്‌ കളിക്കുന്നു. കണ്ണില്‍ പൊന്നീച്ച. മൂക്കിലൊക്കെ വന്നു കേറുന്നത് വഴിയിലുള്ള വീടുകളില്‍ എന്തൊക്കെയോ പാചകം ചെയ്യുന്നതിന്റെ സുഗന്ധങ്ങള്‍ മാത്രം. ഒടുവില്‍ എന്തെങ്കിലും ആവട്ടെ എന്ന് കരുതി ആദ്യം കയറിയ ഹോട്ടലില്‍ ചെന്നു കയ്യൊക്കെ കഴുകി ഇരുന്നു.

"ചേട്ടാ... നേരത്തെ പറഞ്ഞ അപ്പോം മൊട്ടക്കറീം രണ്ടു പേര്‍ക്ക് എടുത്തോ.."
"അയ്യോ മോനെ എല്ലാം തീര്‍ന്നല്ലോ...!"
സുനീഷിന്റെ കണ്ണുകളില്‍ ദയനീയത. വെറുതെ കിടന്നു ഉറങ്ങിയ എന്നെ വിളിച്ച് ഉണര്‍ത്തി വിശപ്പ്‌ ഉണ്ടാക്കിയിട്ട് ഒന്നും കിട്ടാത്തതിന്റെ കലിപ്പ് എനിക്ക്.

അവിടെ നിന്നുമിറങ്ങി വീണ്ടും ബൈക്കില്‍ കറങ്ങി നടക്കുമ്പോഴുണ്ട് ബസ്‌ സ്ടാന്റിനു അടുത്തുള്ള മൈതാനത്ത്‌ എന്തോ ആദിവാസി എക്സിബിഷന്‍ നടക്കുന്നു.
"എടാ... അവിടെ നാടന്‍ ഭക്ഷണങ്ങള്‍ എന്തെങ്കിലും കാണും. കഴിഞ്ഞ വര്ഷം ഞാന്‍ എന്തൊക്കെയോ കഴിച്ചതാ..."- സുനീഷ്
"നാടനെങ്കില്‍ നാടന്‍... വാ കേറാം..."- ഞാന്‍

അകത്തു കയറി ചുറ്റും നോക്കുമ്പോള്‍ അതാ ബോര്‍ഡ്‌- "കപ്പയും നാടന്‍ കോഴിക്കറിയും". ഉള്ളില്‍ മൂന്നു നാല് ലഡു ഒരുമിച്ചു പൊട്ടി. ഓടിചെന്നു സീറ്റ് പിടിച്ചു. വേറെ ആരുമില്ല. സ്റ്റാളില്‍ കണ്ട ചേട്ടനോട് ഓര്‍ഡര്‍ പറഞ്ഞു- "ചേട്ടാ കപ്പയും കോഴിക്കറിയും പോരട്ടെ..."
അയാള്‍- "അയ്യോ.. കോഴിക്കറി ആവുന്നതെ ഉള്ളൂ... ഇനിയും സമയമെടുക്കും. വേണെങ്കില്‍ കപ്പയും മുളക് ഇടിച്ചതും എടുക്കാം. കുടിക്കാന്‍ നല്ല മരുന്ന് കാപ്പിയുണ്ട്..."
അങ്ങനെ അതും മൂഞ്ചസ്യ !

"എടുത്തോ എടുത്തോ ! ഒന്നും നോക്കണ്ട" ഞാന്‍ പറഞ്ഞു.
മിസ്റര്‍ സുനീഷ് ഒരു നിസ്സംഗഭാവത്തോടെ ഇരിക്കുന്നു.
"എന്തേയ്?" ഞാന്‍ ചോദിച്ചു...
"അല്ല.. രാവിലെ ജാടയ്ക്ക് കപ്പേം ബീഫും വേണ്ടെന്നു പറഞ്ഞിട്ട് പോന്ന ഞാന്‍ ദേ ഇവിടിരുന്ന് കപ്പേം മുളകും കഴിക്കുന്നു!"
ഞാന്‍ ചിരിച്ചു പോയി...
"നിങ്ങള്ക്ക് അത് തന്നെ വേണം! ഹ ഹ ഹ!"
"പോടാ മഹാപാപീ!"- കരയണോ എന്റെ മൂക്കിനു നോക്കി ഇടിക്കണോ എന്ന് കണ്ഫ്യൂഷനോടെ സുനീഷ്.

എന്തൊക്കെയായാലും അധികം വൈകാതെ കപ്പയും മുളകും മരുന്ന് കാപ്പിയും എത്തിചേര്‍ന്നു. നല്ല വിശപ്പ്‌ ഉണ്ടായിരുന്നത് കൊണ്ട് രണ്ടു പേരും നന്നായി വലിച്ചു കേറ്റി. കാപ്പി തൊട്ടു പോലും നോക്കാതെ എന്റെ ഫുള്‍ കോണ്‍സന്ട്രേഷന്‍ കപ്പയില്‍ കൊടുത്ത ഞാന്‍ ഇടയ്ക്ക് തല ഉയര്‍ത്തി നോക്കുമ്പോഴുണ്ട്, കണ്ണിലും മൂക്കിലും വായിലുമൊക്കെ വെള്ളം നിറഞ്ഞു സുനീഷ്. അയ്യേ! എരിവ് താങ്ങാനുള്ള കെല്‍പ്പില്ലെന്നോ!

"ചെറുപ്പത്തിലേ എരിവ് തിന്നു ശീലിക്കണം. ചെറുപ്പത്തില്‍ അത്യാവശ്യത്തിനു എരിവൊക്കെ തിന്നിട്ടില്ലെന്കില്‍ ഇങ്ങനെ പുറത്ത് നിന്നു കപ്പേം മുളകും തിന്നുമ്പോള്‍ എരിയും..."
എരിവ് കൂടുതല്‍ കഴിക്കുന്ന എന്റെ അഹങ്കാരം തലപൊക്കി.

ഒന്നും മിണ്ടാതെ വീണ്ടും "ശ്... ഹൂ ! ശ്... ഹൂ !" ശബ്ദത്തോടെ സുനീഷ് കഴിച്ചു തീര്‍ത്തു.

"ഛെ! എരിവ് താങ്ങാന്‍ കഴിയാത്ത ചീള് പിള്ളേര്‍സ് !" എന്ന ഭാവത്തില്‍ ഞാന്‍ മരുന്ന് കാപ്പിയെടുത്ത് ഒരു കവിള്‍ കുടിച്ചു. തിളച്ച ലാവ പോലത്തെ ഒരു പ്രത്യേക സൈസ്‌ കാപ്പി. കുരുമുളകും കാന്താരി മുളകും പിന്നെ എന്തൊക്കെയോ ഇട്ട ഒരു തരം തീവെള്ളം! നാവു മുതല്‍ ആസനം വരെ എരിഞ്ഞുപോയ എന്റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം ഒഴുകാന്‍ തുടങ്ങി. എന്റെ ഭാവമാറ്റം കണ്ട സുനീഷ് ചിരി തുടങ്ങി...

"നീ കാപ്പി കുടിച്ചില്ല എന്ന് എനിക്ക് മനസ്സിലായി. ഇപ്പൊ എങ്ങനെയുണ്ട്? എരിയുന്നുണ്ടോ? അതേയ്... ചെറുപ്പത്തിലേ എരിവ് തിന്നു ശീലിക്കാത്തതിന്റെയാ!"
മുറിവിന് മുകളില്‍ പൊടിയുപ്പ് തൂവുന്നു ദുഷ്ടനായ സുനീഷ്... ബാക്കി കാപ്പി അവിടെത്തന്നെ വച്ചു. സത്യം പറയാമല്ലോ... ഒരു കവിള്‍ മരുന്നുകാപ്പി കുടിച്ചതിന്റെ എരിവ് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അടങ്ങിയത്.

ചമ്മിയപ്പോള്‍ രണ്ടുപേരും ഒരേ ദിവസം നല്ല അന്തസ്സായി ചമ്മി... ഈ വയറിന്റെ ഒരു കാര്യം!
 

Saturday, 14 September 2013

ഒരു 'പത്തുമിനിറ്റ് പ്രണയ'ത്തിന്റെ ഓര്‍മ്മയ്ക്ക്...

ചില പ്രണയങ്ങള്‍ അങ്ങനെയാണ്. ഒന്നോ രണ്ടോ നോട്ടത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവ... അഞ്ചോ പത്തോ മിനിട്ടുകള്‍ മാത്രം നീണ്ടു നില്‍ക്കുന്നവ... തുടക്കമോ ഒടുക്കമോ പുഷ്പിച്ചു പടര്‍ന്നു പന്തലിക്കലോ ഇല്ലാത്തവ. ഇന്നും ഉണ്ടായി ഒന്ന്.

ഉച്ചയ്ക്ക് ചങ്ങാതി വിളിച്ചു...
"എടൊ... എവിടെയാ?"
"വീട്ടിലാ മാഷേ"
"എന്താ പരിപാടി?"
"വരയ്ക്കുകയായിരുന്നു"
"ശരി.. വരയൊക്കെ കഴിഞ്ഞ് ഒരു നാലര മണിയ്ക്ക് ഇറങ്ങിക്കോ. ഫോര്‍ട്ട്‌ കൊച്ചിക്ക് വിടാം. സീഗള്ളില്‍ കൂടാം. ഓരോ ബിയര്‍, അസ്തമയം കണ്ടുകൊണ്ട്..."
"അങ്ങനെ തന്നെ.."

നാല് മണിയായപ്പോള്‍ നേരെ എറണാകുളം ജെട്ടിയിലെയ്ക്ക്. ഫോര്‍ട്ട്‌ കൊച്ചി ബോട്ടില്‍ കയറാന്‍ ചെന്നപ്പോള്‍ സൂചികുത്താന്‍ ഇടമില്ലാത്ത തിരക്ക്. വൈപ്പിന്‍ ബോട്ടില്‍ ഏറ്റവും മുന്നില്‍ കയറി ഇരുന്നു ചളി, ലോകകാര്യങ്ങള്‍, പപ്പടവടയും അമേരിക്കയും തമ്മിലുള്ള ബന്ധം മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഒന്ന് പിറകിലേക്ക് പാളി നോക്കി. അപ്പുറത്തെ നിരയിലേയ്ക്ക്... ഈ പാളി നോട്ടത്തിനൊരു പ്രശ്നമുണ്ട്. ഇഷ്ടന്‍ ഉടക്കേണ്ടയിടത്തെ ഉടക്കൂ!

അവള്‍... അവളെന്നാല്‍ ഇന്നത്തെ സിനിമകളും സമൂഹവും മറ്റും മറ്റും നമ്മെ പഠിപ്പിച്ച, നമ്മുടെ 'മീഡിയാനിര്‍മ്മിത' കാല്പനികതയുടെ നേര്‍രേഖയില്‍ വരയ്ക്കപ്പെട്ടവള്‍ അല്ല. നമ്മള്‍ എന്നും വഴിവില്‍ വച്ച് കാണുന്ന സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരുവള്‍. സാധാരണ ഒരു ചുരിദാര്‍... വലിയ ഭംഗിയുള്ള കണ്ണുകള്‍. അത്രയെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. എങ്ങനെയോ ഇഷ്ടം തോന്നിപ്പോവുന്ന ഒരു കറുത്ത സുന്ദരി !

കണ്ണുകളാണ് ആദ്യം തമ്മിലിടഞ്ഞത്. ഒരു സെക്കന്‍ഡിന്റെ പത്തിലൊന്ന് സമയം മാത്രം. തലച്ചോറിലോ ഹൃദയത്തിലോ എവിടെയോ ഒരു കിളി ഇരുന്നു കുറുകുന്നു. കിളി പ്രശ്നക്കാരനാണ്. അവന്‍ കഴുത്തിന്റെ സന്ധിബന്ധങ്ങളിലും നാഡികളിലും പിടികൂടുന്നു. അടുത്ത മിനിട്ടില്‍ വളരെ സ്വാഭാവികമായി തല പിന്നോട്ട്... വീണ്ടും കണ്ണുകള്‍ ഇടയുന്നു, വൈദ്യുതി, കളകൂജനം. നോട്ടങ്ങള്‍ ഇടഞ്ഞു വൈദ്യുതി പ്രവഹിച്ചാല്‍ പിന്നെ തത്രപ്പാടാണ്. പിറകിലേയ്ക്ക് പതിയെ നീങ്ങിപ്പോവുന്ന ബോട്ടിലേയ്ക്കോ കപ്പലിലെയ്ക്കോ ആണ് നോക്കിയത് എന്ന് വരുത്തി തീര്‍ക്കണം. എന്ത് തന്നെയായാലും വൈദ്യുതിയാണ്. അത് പ്രവഹിക്കുക തന്നെ ചെയ്യും. അത് അങ്ങേയറ്റത്ത് എത്തിക്കഴിഞ്ഞാല്‍ കാണാവുന്ന ചില മാറ്റങ്ങളുണ്ട്. അത് തന്നെ സംഭവിക്കുകയും ചെയ്തു. സുന്ദരി കോണ്‍ഷ്യസ് ആയി. വളയിട്ട വലത്തേക്കൈ പാറിപ്പറന്ന മുടിയിഴകള്‍ ഒന്നൊതുക്കിവച്ച്, ചുരിദാറിന്റെ ഷോള്‍ ഒന്നൊതുക്കി അവള്‍ ഒന്ന് ഇളകിയിരുന്നു. ആണിന്റെ നോട്ടം കണ്ടാല്‍, അതിലെ തിളക്കം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത പെണ്ണില്ല. കൃത്യമായി അവര്‍ അത് ഗുണിച്ചു ഹരിച്ചെടുക്കും. "നിന്റെ നോട്ടം ഞാന്‍ കാണുന്നു... അതിലുള്ള ആര്‍ദ്രത എന്തെന്ന് ഞാന്‍ അറിയുന്നു" എന്ന് കണ്ണുകളിലൂടെ പറഞ്ഞു തരികയും ചെയ്യും. മൂന്നാമതും നാലാമതും നോട്ടങ്ങള്‍ തമ്മില്‍ ഇടഞ്ഞപ്പോഴും അവള്‍ പറഞ്ഞത് അത് തന്നെയാവണം.

എന്നാലും പ്രിയ പെണ്‍കുട്ടീ, 'ഇത് ഞാന്‍ എത്ര കണ്ടതാ' എന്നൊരു ഭാവത്തില്‍ നീ ഇരുന്നതും മുഖഭാവത്തില്‍ കനം വരുത്തി ജാഡ നടിച്ചതും കുറുമ്പല്ലേ? അതുകൊണ്ടല്ലേ വീണ്ടും ഒരു വട്ടം കൂടി ഞാന്‍ തിരിഞ്ഞു നോക്കാതിരുന്നതും ബോട്ടില്‍ നിന്നുമിറങ്ങി നടന്നു ദൂരെ എത്തുന്നത് വരെ തിരിഞ്ഞു നോക്കാതിരുന്നതും. പക്ഷെ ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോഴും നമ്മുടെ കണ്ണുകള്‍ തമ്മില്‍ ഒരിക്കല്‍ കൂടി ഇടയുകയും ഒരു ചെറിയ പുഞ്ചിരി എന്റെ ചുണ്ടില്‍ പൂക്കുകയും ചെയ്തു.

ജീവിതമാണ് പ്രണയം, പ്രണയമാണ് ജീവിതം, അതില്‍ ജീവിച്ചു മരിക്കലാണ് വലിയ കാര്യം എന്നൊക്കെയോര്‍ത്തു പഴങ്കഥകളും ചുറ്റും കണ്ടതും കേട്ടതുമൊക്കെ കുന്നിക്കുരു കൂട്ടി യാഥാസ്ഥിതിക പ്രണയത്തിന്റെ പിടിയില്‍ പെട്ട് പോയിരുന്ന ഞാന്‍ വെറും പത്ത് മിനിറ്റ്‌ കൊണ്ട് തീരുന്നതും പ്രണയം തന്നെ, അതിലും ജീവനും ഓജസ്സും ഉണ്ട് എന്ന് മനസ്സിലാക്കുന്നയിടത്തേയ്ക്ക് എത്തി എന്ന് തിരിച്ചറിയുമ്പോള്‍ സന്തോഷമുണ്ട്. ഇനിയും പ്രണയിക്കുകയും ചെയ്യും... നമ്മള്‍ കണ്ടും കേട്ടും പഴകിയ പൈങ്കിളി പ്രണയസങ്കല്‍പ്പങ്ങളെ പാടെ ഉപേക്ഷിച്ചുകൊണ്ട്...


Tuesday, 27 August 2013

പുണ്യപുരാണനൃത്തനൃത്യപ്രകടനചമ്മാദിലേഹ്യം!

പണ്ടത്തെ സിനിമകളില്‍ കാബറെ (ലതു തന്നെ... ഇന്നത്തെ ഐറ്റം സോങ്ങെയ്...) ഇല്ലാത്ത സിനിമകള്‍ കുറവായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പഴയ സിനിമകള്‍ കണ്ടാല്‍ അത് ശരിയാണ് എന്ന് മനസ്സിലാവുകയും ചെയ്യും. അതിനു വേണ്ടി മാത്രം മാദകറാണിമാരായ കുറച്ചു നടിമാരും ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു. സംഗതി ഇത്തിരി എരിവും പുളിയുമൊക്കെയുള്ള സംഗതിയായത് കൊണ്ട് കാരണവന്മാര്‍ കുട്ടികളെയും കുടുംബത്തെയുമൊക്കെ കൊണ്ട് കൊട്ടകയില്‍ പോയി കാണിയ്ക്കാന്‍ മടിക്കും. അല്ല... ചെറുപ്പക്കാരല്ലേ, ചൂടന്‍ രംഗങ്ങളൊക്കെ കണ്ടു വഴി തെറ്റരുതല്ലോ. അതുകൊണ്ട് തന്നെ വളരെ വിരളമായിട്ടെ കുട്ടികളെയും കൊണ്ട് സിനിമയ്ക്ക് പോകൂ. അതും, ഇങ്ങനെ പിള്ളേരുടെ മുന്‍പില്‍ ചമ്മി നില്‍ക്കേണ്ടിവരുന്ന രംഗങ്ങളില്ല എന്ന് ഉറപ്പുവരുത്തിയ ചിത്രങ്ങള്‍ക്ക് മാത്രം.

അപ്പോള്‍ സംഭവം ഇതാണ്. ഇപ്പടി ഒരു ക്രിസ്ത്യാനി കാരണോര്‍ ഒരൂസം കേള്‍ക്കുകയാണ്, യേശുക്രിസ്തുവിന്റെ കഥ മലയാളം സിനിമയായിട്ടു വരുന്നു. അമ്പമ്പടാ നുമ്മടെ സൊന്തം കര്‍ത്താവിന്റെ കഥ! അതും ലോകാത്ഭുതമായ സിനിമയില്‍! അതും ഹിന്ദിയും തമിഴുമൊന്നുമല്ല... നുമ്മടെ സൊന്തം മലയാളത്തില്‍! കാണുന്നെങ്കില്‍ കുടുംബസമേതം തന്നെ കാണണം... കാണും! വീടും കെട്ടിപ്പൂട്ടി, പെണ്ണുമ്പിള്ളയെയും പല റേഞ്ചിലുള്ള എട്ടു മക്കളെയും (പണ്ടൊക്കെ അതൊരു സംഭവമേയല്ലല്ലോ) കേട്ടിയെടുത്ത് അടുത്തുള്ള കൊട്ടകയ്ക്ക് വച്ചു പിടിച്ചു. മുന്നില്‍ തന്നെ മണല്‍ വിരിച്ച നിലത്ത് എട്ടും രണ്ടും പത്തുപേര്‍ നിരന്ന് അങ്ങിരുന്നു. സിനിമ തുടങ്ങി, കഥയൊക്കെ അങ്ങനെ ഗംഭീരമായി ഉള്‍പ്പുളകം, രോമാഞ്ചം, കുരിശുവര തുടങ്ങിയ സംഭവങ്ങളോടെ പുരോഗമിക്കുന്നു. ബൈബിളില്‍ സ്നാപകയോഹന്നാന്റെ മരണം ആഗ്രഹിക്കുന്ന രാജ്ഞി മകള്‍ സലോമിയുടെ നൃത്തത്തിനു പകരമായി അദ്ദേഹത്തിന്റെ തല ഒരു തളികയില്‍ ചോദിക്കുന്ന രംഗമുണ്ട്. പാട്ട് ഏതാണെന്ന് ഓര്‍മ്മ കിട്ടുന്നില്ല. ജയലളിതയോ മറ്റോ ആണ് അഭിനയിച്ചത് എന്ന് ചെറിയ ഒരു ഓര്‍മ്മയുണ്ട്. ഡാന്‍സ് തുടങ്ങി. നടി കേറി തകര്‍ത്തു നൃത്താന്‍ തുടങ്ങി. കാരണോര്‍ ഇരുന്നു വിയര്‍ക്കാനും.കാര്യം രാജാവും അച്ഛനും സലോമിയും നൃത്തവുമൊക്കെയാണ്. സംഗതി കണ്ടപ്പോള്‍ എന്താ... ലത് തന്നെ! ലേത്? ലത്! എട്ടു പിള്ളേരുടെയും രണ്ടു കണ്ണുകളും കൂട്ടി പതിനാറു കണ്ണ് പൊത്താനുള്ളത്രയും കൈകള്‍ കാരണോര്‍ക്ക് ഇല്ലാത്തതു കൊണ്ട് പിള്ളേര്‍ രണ്ടു കണ്ണും തുറന്ന് കാബറെ... അല്ല നൃത്തം.. കണ്ടു അര്‍മ്മാദിച്ചു. കഥ അവിടെയും തീര്‍ന്നില്ല. കാബറെ നമ്പര്‍ ടു കുറച്ചുകൂടി കഴിഞ്ഞ് "എന്റെ മുന്തിരിച്ചാറിനോ" എന്ന് ഒരു പാട്ടിന്റെ രൂപത്തില്‍ (സംഗതി യുട്യൂബിലുണ്ട്) കാരണോരുടെ നെഞ്ചില്‍ തീ കോരി ഇട്ടിട്ടെ പടം തീര്‍ന്നുള്ളൂ. അതിനു ശേഷം "അപ്പാ സില്‍മ..." എന്ന് പറഞ്ഞ എട്ടില്‍ ഒന്നിനെ പുളിവടി കൊണ്ട് തലോടിയെന്നതു ചരിത്രം.

നന്ദി: ഈ കഥ പറഞ്ഞു തന്ന ആ എട്ടു മക്കളില്‍ ഒരാള്‍ക്ക്‌ 

Monday, 29 July 2013

സൂപ്പ്‌ കുടി

ഒരിടത്ത് ഒരിടത്ത് ഒരിടത്ത് 
ദൈവോം ജാതീം മതോം 
തൊലീടെ നെറോം കൂടി 
പാവം മനുഷ്യമ്മാരെ 
സൂപ്പ് വച്ചു കുടിച്ചു.
ബാക്കി വന്ന 
എല്ലിന്‍ കഷണോം മുടീം കൊണ്ട് 
വളമുണ്ടാക്കി തെങ്ങിന്‍ തടത്തിലിട്ടു. 
ആ തെങ്ങു കരിഞ്ഞു.
ആ മണ്ണില്‍ പിന്നൊന്നും വളര്‍ന്നില്ല.

Saturday, 27 July 2013

റോഡുകുഴിശാസ്ത്രം: ഒരു അതിനൂതന കൊസറക്കൊള്ളി

കേരളത്തിലെ റോഡുകളില്‍ കാണപ്പെടുന്ന കുഴിയെന്ന അപൂര്‍വ്വ പ്രതിഭാസത്തെ നാമെല്ലാം അടുത്തറിഞ്ഞിട്ടുള്ളതാണല്ലോ. എന്നിരുന്നാലും അവയില്‍ പോയി വീഴുന്നതും പൊതുമരാമത്ത് വകുപ്പിന്റെ തള്ളയ്ക്കും മുത്തിയ്ക്കും വിളിക്കുന്നതല്ലാതെ അവയുടെ ശാസ്ത്രീയ വശങ്ങളെ പറ്റി പഠിയ്ക്കാന്‍ കേരളത്തില്‍ നിന്നും ഇത് വരെ ആരും ഉണ്ടായിട്ടില്ല. ആ കുറവ് പരിഹരിച്ചു കൊണ്ട് ഓറിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപാരഗംഭീര സയന്‍സസ്‌ (OIAGS) യൂനിവേര്‍സിറ്റിയിലെ മിടുക്കരായ ഏതാനും ഗവേഷകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ റോഡുകളിലെ കുഴികളെ ആഴത്തില്‍ ഇറങ്ങി മുങ്ങി പണ്ടാരടങ്ങി പഠിച്ച് അവര്‍ റിപ്പോര്‍ട്ട് ഗവണ്മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. മുഴുവന്‍ റിപ്പോര്‍ട്ടും ഇവിടെ കുറിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പല തരത്തിലുള്ള പ്രധാനപ്പെട്ട തരം കുഴികളുടെ പേരുകളും പ്രത്യേകതകളും നിങ്ങളുടെ അറിവിനായി കുരിയ്ക്കുകയാണ്. അവ ഇപ്രകാരമാണ്:

1) പരിപ്പുകലക്കി
ഏകദേശം മൂന്ന്‍ ഇഞ്ച് മുതല്‍ ആറു ഇഞ്ച് വരെ ആഴത്തില്‍ റോഡിന്റെ പലയിടങ്ങളിലായി, പല വ്യാസങ്ങളില്‍ കാണപ്പെടുന്ന ഇവ മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടന്നാല്‍ അത്യന്തം വേദനാജനകങ്ങളായ വീഴ്ചകള്‍ വാഹനയാത്രക്കാര്‍ക്ക് പ്രദാനം ചെയ്യുന്നു. വാഹനയാത്രയ്ക്കിടയില്‍ സൂക്ഷിച്ചില്ലെങ്കില്‍ നടുവിന്റെ കേന്ദ്രമന്ത്രാലയം വരെ തകര്‍ക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ബൈക്ക്‌ യാത്രക്കാരുടെ പ്രത്യുല്പ്പാദന ശേഷി വരെ നശിപ്പിക്കാന്‍ കഴിവുള്ളതിനാലാണ് 'പരിപ്പുകലക്കി'യ്ക്ക് അങ്ങനെ ഒരു പേര് വന്നത്.

2) റോഡുസുനാമി
സുനാമി വന്ന് കടല്‍ത്തീരം എടുത്തു കൊണ്ട് പോവുന്നത് പോലെ ടാര്‍ ചെയ്ത (അങ്ങനെ ഒന്ന് റോഡു പണിയുമ്പോള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍) റോഡിന്റെ വശങ്ങള്‍ പൊളിഞ്ഞു പൊളിഞ്ഞ് പോവുന്നതാണ് ഇത്തരം ഗട്ടറുകളുടെ രീതി. ഇടതു വശം ചേര്‍ന്ന് പോവുന്ന വാഹനങ്ങളാണ് ഇവയില്‍ വീഴാന്‍ സാധ്യതയുള്ളത്. ചില ഉയര്‍ന്ന റോഡുകളില്‍ ഇവ 'ആത്മഹത്യാമുനമ്പ്' പോലെ ഇരിക്കുന്നതിനാല്‍  അവയൊക്കെ ടൂറിസ്റ്റ്‌ സ്ഥലങ്ങളാക്കി മാറ്റാന്‍ ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്.

3) ഉരുളക്കിഴങ്ങന്‍
ഏകദേശം ഒരിഞ്ച്, രണ്ടിഞ്ചു ആഴത്തില്‍ പല വ്യാസങ്ങളില്‍ കാണപ്പെടുന്ന ഇവ രൂപപ്പെടുന്നത് മുകളിലെ നേര്‍ത്ത മെറ്റല്‍, ടാര്‍ മിശ്രിതം പൊളിഞ്ഞു പോയി അടിയിലുള്ള വലിയ ഉരുളന്‍ കല്ലുകള്‍ വെളിയില്‍ കാണുമ്പോഴാണ്. വര്‍ഷങ്ങളോളം അതെ രീതിയില്‍ ഉപെഷിക്കപ്പെടുമ്പോള്‍ ഈ കല്ലുകള്‍ കൂടുതല്‍ ഉരുണ്ടു ഭംഗിയേറിയവയായിത്തീരുന്നു. കാഴ്ചയ്ക്ക് വളരെ മനോഹരവും ആലങ്കാരികവുമായ ഇവ സംസ്ഥാനത്തിന് തന്നെ അഭിമാനകരം ആയതു കൊണ്ട് ഇത്തരം കുഴികള്‍ കുറഞ്ഞ പക്ഷം ഒരു നാടന്‍ കലാരൂപം ആയെങ്കിലും കണക്കാക്കണം എന്ന് ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

4) ശെയ്ത്താന്‍ പരവതാനി
നീണ്ടു പരന്നു റോഡിനോളം തന്നെ വലിപ്പത്തില്‍ ഇവ കാണപ്പെടുന്നു. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത 'റോഡേത്, കുഴിയേത്' എന്നുള്ള യാത്രക്കാരന്റെ കണ്ഫ്യൂഷന്‍ ആണ്. കുറച്ചു കല്ലുകള്‍ അവിടവിടെ ചിതറിക്കിടന്ന്‍ യാത്രാവേഗം പരമാവധി കുറയ്ക്കുന്ന ഈ ഗട്ടറുകളെ 'കുടുകുടുക്കി' എന്നും വിളിക്കുന്നു. മറ്റുള്ള ചില കുഴികളുടെയത്ര ഉപദ്രവകാരിയല്ലെങ്കിലും ഉരുണ്ടുവീഴ്ചയ്ക്ക് ബെസ്ടാണ് കക്ഷി. അതിവേഗം ബഹുദൂരം പോകാനുള്ള പ്ലാനുന്ടെന്കില്‍ ഈ മഹാപാപിയെ ഒഴിവാക്കുന്നതാണ് നല്ലത്. നല്ല 'Work of eight milk water-ല്‍' കിട്ടും.

5) മിന്നല്‍
ഇടിമിന്നലിന്റെ രൂപത്തില്‍ റോഡുകളില്‍ കാണപ്പെടുന്ന വിള്ളലുകളാണിവ. പ്രത്യേകിച്ച് ശല്യങ്ങളോന്നുമുണ്ടാക്കാന്‍ ജൂനിയര്‍ മിന്നളുകള്‍ക്ക് കെല്പ്പില്ലെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ ഇരുചക്രവാഹനക്കാര്‍ക്ക് ബാലന്‍സ് കളയാന്‍ ഈ മഹാന്‍ ധാരാളം മതി.

6) തമോഗര്‍ത്തന്‍
പേര് സൂചിപ്പിക്കുന്നത് പോലെ കൊടും ഭീകരനാണിവന്‍. കുഴികളില്‍ ഏറ്റവും അപകടകാരി. എന്തിനെയും വിഴുങ്ങാന്‍ കെല്‍പ്പുള്ള ഘടാഘടികന്‍! ആഴത്തിന്റെ കാര്യത്തില്‍ പസഫിക്‌ സമുദ്രം വരെ തോറ്റു പോയേക്കാം. ഉള്ളില്‍ ചിലപ്പോള്‍ അടിയിലൂടെ ഒഴുകുന്ന ഓടയാവാം, കേബിള്‍കൂട്ടമാവാം എണ്ണക്കിണര്‍ പോലുമാവാം. ഇവന്റെ ഏഴയലത്ത് പോവാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ഇവന്റെ ഒരേയൊരു ഗുണം നാട്ടുകാര്‍ ടിയാന്റെ സ്ഥാനം സൂചിപ്പിക്കാനായി ചെടികളും മറ്റും നടുന്നത്തിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള ഏതോ ഒരു കുഴിയിലൂടെയാവണം പാതാളത്തില്‍ നിന്ന് ഓണക്കാലത്ത് മഹാബലി നാട്ടിലേയ്ക്ക് എത്തുന്നത് എന്ന് അമേരിക്കന്‍ റോക്കറ്റ് വിടീല് കേന്ദ്രമായ ദാസ (DASA) അഭിപ്രായപ്പെട്ടു.

ഇവയെല്ലാമാണ് റോഡു കുഴികളിലെ പ്രധാനികളായി ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എങ്കില്‍ തന്നെയും ദിവസംപ്രതി പുതിയ പുതിയ തരം കുഴികള്‍ കണ്ടുപിടിക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നു. കേരളത്തിലെ റോഡുകളിലെ കുഴികളെപ്പറ്റി പഠിക്കാനായി പുതിയ ഒരു ശാസ്ത്രശാഖ തന്നെ തുടങ്ങുന്നതിനായുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു യൂണിവേര്‍സിറ്റി തന്നെ തുടങ്ങാനുള്ള ഒരു സാധ്യതയും തള്ളിക്കളയാവുന്നതല്ല.

Wednesday, 10 July 2013

കരുണാമയന്‍

ദൈവങ്ങള്‍ 
സ്വര്ഗ്ഗത്തിലിരുന്നു
ചതുരംഗം കളിച്ചു.

ഭൂമിയില്‍
അവരുടെ
കാലാളും തേരും
കുതിരയും ആനയും
തമ്മില്‍ വെട്ടി ചത്തു.

----------------------------------------

----------------------------------------
---------------------------------------------