Friday 15 March 2013

കുടുംബമഹിമ


"നിങ്ങക്കേയ്‌... കുടുംബ മഹിമ ഇല്ല... കുടുംബ മഹിമ !!!
ഞങ്ങടെ കുടുംബത്തീന്നു ഒരു പെണ്ണ് ചോദിക്കാന്‍ നിങ്ങള്ക്ക് എങ്ങനെ ധൈര്യം വന്നു? കണ്ട പട്ടികള്‍ക്കൊന്നും ഞങ്ങടെ കുടുംബത്തീന്നു പെണ്ണിനെ കൊടുക്കൂല്ല."

ലവളുടെ തള്ള നിന്ന് അലറുന്നു.

അവന്‍ ചെന്ന് പെണ്ണിനെ കെട്ടിച്ചു തരുമോ എന്ന് ചോദിച്ചു... അതാണ്‌ കുറ്റം. തള്ള നിര്‍ത്തിയപ്പോ അമ്മാവന്‍ തുടങ്ങി...

"ഈ കുടുംബ മഹിമ എന്ന് പറയുന്ന സാധനം അങ്ങനെ എല്ലാവര്ക്കും കിട്ടില്ല. അത് ഉള്ള കുടുംബത്തില്‍ പിറക്കുന്നവര്‍ക്കെ അതുണ്ടാവൂ. നിങ്ങള്ക്ക് അതില്ല..."

ഇത് പോലെ ലവളുടെ ബന്ധുക്കള്‍ ഓരോന്നായി കുടുംബ മഹിമയുടെ മഹത്വത്തെ പറ്റി ഉച്ചത്തില്‍ പ്രഘോഷിക്കാന്‍ തുടങ്ങി...

അവന്‍ കുറെ നേരം കേട്ട് നിന്നു. ക്ഷമകെട്ടു അവസാനം ഓരോരുത്തരോടും ചോദിച്ചു...

"നിങ്ങള്‍ കുടുംബ മഹിമ എന്ന് പറഞ്ഞല്ലോ... ആ മഹിമ ഉണ്ടാവാന്‍, അല്ലെങ്കില്‍ അത് ഉയര്‍ത്താന്‍ നിങ്ങള്‍ സ്വയം എന്ത് ചെയ്തു, നിങ്ങളുടെ ജീവിതം കൊണ്ട് എന്നൊന്ന് പറഞ്ഞു തരാമോ? നിങ്ങള്‍ സ്വയം ഉണ്ടാക്കിയതാണോ നിങ്ങളുടെ ഈ മഹിമ? അങ്ങനെ ആണെങ്കില്‍ എന്താണ് നിങ്ങള്‍ ചെയ്തത്?"

"അത്... പിന്നെ... കുടുംബം... മഹിമ... ബ ബ്ബ ബ്ബ...."

"ഒന്നും പറയാന്‍ ഇല്ലേ? ഇപ്പോഴാണ് ആലോചിച്ചത്... അല്ലെ? എങ്കില്‍ ഞാന്‍ ഒന്ന് പറയാം... ഞാന്‍ ഇപ്പോള്‍ എന്താണോ, അത് നേടിയത് സ്വന്തം പ്രയത്നം കൊണ്ടാണ്. ഒത്തിരി കഷ്ടപ്പെട്ടാണ് പഠിച്ചതും ജോലി നേടിയതും. നിങ്ങളോ... അപ്പനും അപ്പൂപ്പനും ഉണ്ടാക്കി വച്ച മഹിമയും ആസ്തിയും തിന്നു ജീവിക്കുന്നു. എന്റെ നട്ടെല്ലിന് നിങ്ങളുടെതിനേക്കാള്‍ ബലം കൂടും. നിങ്ങളുടെതിനേക്കാള്‍ നിവര്‍ന്നതുമാണ്..."

..................മൌനം..................

"ഒരു ചോദ്യം കൂടി... ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് പറഞ്ഞു തരൂ... നിങ്ങളുടെ അത്രയും മഹിമ ഇലാത്ത കുടുംബത്തില്‍ പിറന്നതാണോ ഞാന്‍ ചെയ്ത തെറ്റ്? അത് എന്റെ തെറ്റാണോ?"

..................മൌനം..................

മൌനം കനത്തു. ആര്‍ക്കും ഉത്തരം ഇല്ല. ഒടുവില്‍ അമ്മാവന്‍ വാ തുറന്നു...

"എന്ത് പറഞ്ഞാലും നിനക്ക് അവളെ കെട്ടിച്ചു തരില്ല..."

-----------ശുഭം-------------

No comments:

Post a Comment

----------------------------------------

----------------------------------------
---------------------------------------------